അർജ്ജുനനായി ഋതിക് റോഷൻ, ഭീഷ്മരായി ബച്ചൻ, ‘മഹാഭാരത’ താരനിർണ്ണയം തുടങ്ങി !

മുംബൈ: ആയിരം കോടി മുതല്‍ മുടക്കില്‍ ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ‘മഹാഭാരത’ത്തിലേക്കുള്ള താരനിര്‍ണ്ണയം പുരോഗമിക്കുന്നു.

ഭീമനായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന് പുറമെ നിര്‍ണ്ണായകമായ അര്‍ജ്ജുനനെ അവതരിപ്പിക്കാന്‍ ഋതിക് റോഷനയാണ് അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷത്തോളം ചിത്രീകരണത്തിനായി മാറ്റി വയ്‌ക്കേണ്ടതുള്ളതിനാല്‍ ഋതിക് ഓഫര്‍ ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ലങ്കിലും അന്തിമ തീരുമാനം പറയുന്നതിനായി സമയം ചോദിച്ചിരിക്കുകയാണ്.

ഭീഷ്മ പിതാമഹാനെ അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചനെയാണ് സമീപിച്ചിരിക്കുന്നത്.

സംവിധായകനുമായുള്ള വ്യക്തിപരമായ അടുപ്പം കൂടി കണക്കിലടുക്കുമ്പോള്‍ ബച്ചന്‍ ഒക്കെ പറയുമെന്നാണ് സൂചന.

പ്രധാന നായികാ കഥാപാത്രമായി ഐശ്വര്യ റായിയെ കൊണ്ടുവരണമെന്ന അഭിപ്രായം അഭിഷേക് ബച്ചനോടും അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബച്ചന്‍ കുടുംബത്തിന്റെ അന്തിമ നിലപാട് അറിഞ്ഞശേഷമേ ബദല്‍ സംവിധാനത്തെ കുറിച്ച് അലോചിക്കുകയുള്ളു എന്നാണ് അറിയുന്നത്.

മലയാളി താരം മഞ്ജു വാര്യര്‍ക്കായി സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ മാറ്റി വച്ചിട്ടുണ്ട്.എന്നാല്‍ ഇത് ഏതാണെന്ന് വ്യക്തമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

ദ്രൗപതി, കുന്തി, ഹിഡുംബി, സുഭദ്ര തുടങ്ങി നിരവധി ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. ഇതിലേതെങ്കിലും മഞ്ജുവിനും നറുക്ക് വീഴും.

താരനിര്‍ണ്ണയങ്ങള്‍ സംവിധായകന്‍ ശ്രീകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം മുംബൈയിലെ പ്രധാന ഏജന്‍സിയാണ് നടത്തി വരുന്നത്.

Top