തൊടുപുഴ: ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുലിനെ കഴിവ് കെട്ടവനെന്നും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ചെറ്റയെന്നും ആക്ഷേപിക്കുകയും ഊളമ്പാറയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മന്ത്രി എം എം മണിയുമായി സഹകരിക്കേണ്ടതില്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ ധാരണ.
തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയോട് ജില്ലയിലെ കാര്യങ്ങള്‍ കൂടിയാലോചന നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് കളക്ടറും സബ് കളക്ടറും.
കുരിശ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മേലില്‍ ജില്ലയിലെ കാര്യങ്ങളില്‍ മണിയോട് കൂടി ആലോചന നടത്താന്‍ പിണറായി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ആ യോഗത്തിന് ശേഷവും പരസ്യമായി അധിക്ഷേപിക്കുന്നത് മന്ത്രി തുടരുന്ന സാഹചര്യത്തില്‍ എങ്ങനെ സഹകരിച്ച് മുന്നോട്ട് പോവാന്‍ കഴിയുമെന്ന നിലപാടിലാണ് ഈ യുവ ഐഎഎസുകാര്‍.
‘തുമ്മിയാല്‍ തെറിക്കുന്ന മുക്കാണെങ്കില്‍’ അതങ്ങ് പൊക്കോട്ടെ എന്ന നിലപാടിലാണവര്‍.
ഒരു വീട്ടുവീഴ്ചക്കും തയ്യാറാകാതെ നിയമം കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് തീരുമാനം.
വകുപ്പ് മന്ത്രിയോടും അത്യാവശ്യ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയോടും മാത്രം കൂടിയാലോചന നടത്തിയാല്‍ മതിയെന്നും മണിയെ അവഗണിക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും നല്‍കിയതായാണ് സൂചന.
ഐഎഎസുകാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന ആവശ്യവും ഐഎഎസ് അസോസിയേഷനില്‍ ഉയര്‍ന്നിട്ടുണ്ട്.
മുന്‍പ് ജേക്കബ് തോമസിനെതിരെ പരാതി പറയാന്‍ പോയി മുഖ്യമന്ത്രിയുടെ ശകാരം ഏറ്റുവാങ്ങി തിരിച്ചു വന്ന സാഹചര്യം ഇനി എന്തായാലും ഉണ്ടാകില്ലെന്നാണ് യുവ ഐഎഎസുകാര്‍ വ്യക്തമാക്കുന്നത്.
സംസ്‌കാരം ഇല്ലാത്ത മന്ത്രി വിളിച്ചു പറയുന്നത് എല്ലാം കേട്ട് ഏറാന്‍ മൂളിയായി നില്‍ക്കാന്‍ മസൂരി ഐ എ എസ് അക്കാദമിയില്‍ നിന്നും പഠിപ്പിച്ചിട്ടില്ലെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നാണ് രോഷത്തോടെയുള്ള അവരുടെ മറുപടി.
അപമാനം സഹിച്ച് തുടരുന്നതിലും നല്ലത് ഡെപ്യൂട്ടേഷന്‍ സംഘടിപ്പിച്ച് കേരളം വിട്ടാലോ എന്ന ചിന്തയും പല യുവ ഐഎഎസുകാര്‍ക്കുമുണ്ട്.
മന്ത്രി മണിയുടെ ‘കാര്യത്തില്‍’ മുഖ്യമന്ത്രി എന്ത് തീരുമാനമാണ് എടുക്കുന്നത് എന്ന് നോക്കി ‘ഉചിതമായ’ തീരുമാനം സ്വീകരിക്കാനാണ് നീക്കം.
അതേസമയം പൊമ്പിളൈ ഒരുമൈ സമരത്തെ അധിക്ഷേപിച്ച മന്ത്രി എംഎം മണിക്കെതിരെ പ്രതിഷേധം രൂക്ഷമായി പടരുകയാണ് തിങ്കളാഴ്ച ബിജെപി ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മൂന്നാറില്‍ വന്ന് കാലു പിടിച്ച് മാപ്പ് പറയാതെ മണിയെ വിടില്ലെന്നാണ് പൊമ്പിളൈ ഒരുമൈയുടെ ശപഥം.
സിപിഎമ്മിനകത്തും സര്‍ക്കാരിലും മണി ഒറ്റപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി തന്നെ മണിയെ തളളിപ്പറഞ്ഞു രംഗത്തുവന്നു. കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്ച്യുതാനന്ദന്‍, മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ, എ.കെ ബാലന്‍, പി.കെ ശ്രീമതി എംപി, ടി.എന്‍ സീമ എന്നീ സിപിഎം നേതാക്കളും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണിക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
ഇതേ തുടര്‍ന്ന് മണി മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധം ശമിച്ചിട്ടില്ല. മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം പൊതു സമൂഹത്തിലും ശക്തിപ്പെട്ട് വരികയാണ്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം അടിക്കടി വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വവും അമര്‍ഷത്തിലാണ്.
കൊലവിളി പ്രസംഗത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ദേശീയ തലത്തില്‍ തന്നെ എം എം മണി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.