കൊച്ചി: മമ്മുട്ടിയുടെ പുത്തന്‍ പണത്തെ തിയറ്ററില്‍ ‘അസാധുവാക്കി’ സെന്‍സര്‍ ബോര്‍ഡ്.
കുട്ടികള്‍ സഹിതം സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് നല്‍കാതെയും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് കാശ് തിരിച്ചു കൊടുത്തും പുത്തന്‍ പണത്തിന് ‘എട്ടിന്റെ പണിയാണ് ‘ഇപ്പോള്‍ തിയറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിഷുദിനത്തോടനുബന്ധിച്ച് എറണാകുളത്തെ തിയ്യറ്ററുകളിലെല്ലാം വെള്ളിയാഴ്ച വൈകിട്ട് വന്‍ തിരക്കായിരുന്നു.
സിനിമ കാണാനായി 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായി എത്തിയവരോട് പുത്തന്‍ പണത്തിന് ‘A’ സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ കാണാന്‍ പറ്റില്ലന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രാത്രി കൊച്ചി നഗരത്തിലെ പ്രമുഖ മാളില്‍ വലിയ ബഹളം തന്നെ നടന്നു.
മമ്മുട്ടി രഞ്ജിത്ത് ചിത്രം കുടുംബത്തോടൊപ്പം കാണാന്‍ പറ്റില്ലന്ന വാദം അംഗീകരിക്കില്ലന്ന് പറഞ്ഞവരോട് സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ക്കശ നിലപാടുള്ളതിനാല്‍ തങ്ങള്‍ നിസഹായരാണെന്നാണ് ലഭിച്ച മറുപടി. സിനിമ പ്രദര്‍ശിപ്പിച്ച സിറ്റിയിലെ മറ്റ് മാളുകളിലും സമാന സാഹചര്യമായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മറ്റു ചില തിയറ്ററുകാര്‍ ഇതു കാര്യമാക്കാതെ സഹകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
സിനിമയില്‍ മമ്മുട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്ന ഒരു പയ്യന്‍ തോക്ക് ഉപയോഗിക്കുന്ന സീനുകള്‍ ഉള്ളതിനാലാണ് സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.
കുടുംബ സംവിധായകനും മെഗാസ്റ്റാറുമൊന്നിച്ച സിനിമക്ക് എന്തടിസ്ഥാനത്തിലാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് കൊടുത്തതെന്ന് ചോദിച്ച് ടിക്കറ്റ് കൗണ്ടറില്‍ തട്ടി കയറാന്‍ ചിലര്‍ ശ്രമിച്ചതാവട്ടെ നാടകീയ രംഗങ്ങള്‍ക്കും കാരണമായി.
സംവിധായകന്‍ രഞ്ജിത്തിനോട് സിനിമയില്‍ പയ്യന്‍ തോക്ക് ഉപയോഗിക്കുന്ന രംഗം വ്യക്തമല്ലാത്ത രൂപത്തില്‍ കാണിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറാവാതിരുന്നതിനാലാണ് ഈ വിലക്കത്രെ. സിനിമക്ക് അനിവാര്യമായ രംഗം അവ്യക്തമാക്കുന്നത് സിനിമയെ തന്നെ ബാധിക്കുമെന്നതിനാലാണ് സംവിധായകന്‍ വഴങ്ങാതിരുന്നതെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഈ നിലപാട് ഒരു വാശിയായി എടുത്ത് സെന്‍സര്‍ ബോര്‍ഡ് ‘ തിയറ്ററുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പുത്തന്‍ പണത്തെ’ നിരീക്ഷിക്കാന്‍ പ്രത്യേക ‘സംവിധാനവും’ അവര്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനേക്കാള്‍ സങ്കീര്‍ണ്ണമായ രംഗങ്ങളില്‍ കുട്ടികള്‍ തന്നെ അഭിനയിച്ച എത്രയോ സിനിമകള്‍ ഉണ്ടായിട്ടും അന്നൊന്നും ഒരു നടപടിയും സ്വീകരിക്കാതിരുന്ന സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ കാണിക്കുന്നത് പ്രതികാര നടപടിയാണെന്നും ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സെന്‍സര്‍ ബോര്‍ഡിനെ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ഉപയോഗപ്പെടുത്തി ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആക്ഷേപം. അതിന് ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ന്യായീകരണമാക്കുകയാണത്രെ.
പുത്തന്‍ പണത്തില്‍ പേരുപോലെ തന്നെ പുത്തന്‍ പണവുമായി ബന്ധപ്പെട്ട കഥയാണ് രഞ്ജിത്ത് പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം മുന്‍കൂട്ടി അറിഞ്ഞ ഡല്‍ഹിയില്‍ പിടിപാടുള്ള മുന്‍ മന്ത്രി നായകന് 25 കോടിയുടെ പഴയ നോട്ട് കൊടുത്തു പറ്റിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത് തന്നെ.
നോട്ട് നിരോധനം നടപ്പാക്കുന്നതിനു മുന്‍പ് ആ വിവരം വേണ്ടപ്പെട്ടവര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് പല സന്ദര്‍ഭങ്ങളിലും സിനിമയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്റെ ഇപ്പോഴത്തെ കര്‍ക്കശ നിലപാടിനു പിന്നില്‍ ഇക്കാര്യം പ്രധാന ഘടകമായിട്ടുണ്ടെങ്കില്‍ അത് നല്‍കുന്നത് അപകടകരമായ സന്ദേശമാണെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്.
മമ്മുട്ടിയുടെയും രഞ്ജിത്തിന്റെയും പടത്തില്‍ ഒരിക്കലും കുട്ടികളെ കാണിക്കാന്‍ പറ്റാത്തതായ ഒന്നും ഉണ്ടാകില്ലന്നും അച്ഛനും അമ്മക്കും പ്രശ്‌നമില്ലങ്കില്‍ പിന്നെ ഇവര്‍ക്കെന്താ പ്രശ്‌നമെന്നാണ് പാലാരിവട്ടം സ്വദേശിയായ ബിസിനസ്സുകാരന്‍ കെ.വിനോദ് പ്രതികരിച്ചത്.
കുടുംബ സമേതം പുത്തന്‍ പണം കാണാനെത്തിയ വിനോദിനൊപ്പം 16 വയസ്സുകാരിയായ മകള്‍ ഉള്ളതിനാല്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.
ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ പോലും പറയാത്ത ന്യായീകരണം തിയറ്ററിലെത്തിയപ്പോള്‍ മാത്രമാണ് പറഞ്ഞിരുന്നതെന്നും വിനോദ് വ്യക്തമാക്കി.
കുടുംബസിനിമ കാണാനെത്തിയ കുടുബങ്ങള്‍ക്ക് കുട്ടികളുടെ വിലക്കിനെ തുടര്‍ന്ന് കൂട്ടത്തോടെ മടങ്ങേണ്ടി വന്ന കാഴ്ച കൊച്ചിയെ സംബന്ധിച്ച് മാത്രമല്ല കേരളത്തെ സംബന്ധിച്ച് തന്നെ ഇത് അപൂര്‍വ്വ സംഭവമാണ്.
കോടികള്‍ മുടക്കി സിനിമ നിര്‍മ്മിച്ച നിര്‍മാതാവിനെയും ഇതിനു വേണ്ടി വിയര്‍പ്പൊഴുക്കിയ അണിയറ പ്രവര്‍ത്തകരെയും താരങ്ങളെയുമെല്ലാം ഏറെ ആശങ്കപ്പെടുത്തുന്ന നടപടിയാണിത്.