ആലപ്പുഴ: പാവപ്പെട്ട രോഗികളെ വഴിയാധാരമാക്കി ‘ഉദാഹരണം മഞ്ജു’
ലേഡി സൂപ്പര്‍ സ്റ്റാറിനെ കൊണ്ട് ഉല്‍ഘാടനം ചെയ്യിപ്പിച്ച് നടത്താനിരുന്ന മെഡിക്കല്‍ ക്യാംപ് അപ്രതീക്ഷിതമായി മാറ്റി വച്ചതാണ് രോഗികളെ പോലും കഷ്ടത്തിലാക്കിയത്.
മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാതയുടെ’ പ്രമോഷനോടനുബന്ധിച്ച് ഹരിപ്പാട് ഭവാനി മന്ദിറില്‍ ശനിയാഴ്ച മെഡിക്കല്‍ ക്യാംപ് നടത്താന്‍ മഞ്ജു വാര്യര്‍ ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷനാണ് തീരുമാനിച്ചിരുന്നത്.
ഇതു പ്രകാരം മുന്‍കൂട്ടി നോട്ടീസ് അടിച്ച് വിതരണം ചെയ്യുകയും രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി തലേ ദിവസം വരാന്‍ പറ്റില്ലന്ന് പറഞ്ഞ് മഞ്ജു ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതോടെ വെട്ടിലായത് പരിപാടി മാറ്റിയതറിയാതെ എത്തിയ പാവം രോഗികളും ബന്ധുക്കളുമാണ്.
മെഡിക്കല്‍ ക്യാംപിനോട് അനുഭാവം പ്രകടിപ്പിച്ച് ഫ്‌ളക്‌സ് അടക്കം വച്ച് രംഗത്ത് വന്ന മോഹന്‍ലാല്‍ ഫാന്‍സുകാരും മഞ്ജുവിന്റെ ‘മലക്കം മറിച്ചിലില്‍’ വെട്ടിലായി.
ഇതോടെ രോഷാകുലരായ ഇരു ഫാന്‍സ് പ്രവര്‍ത്തകരും രോഗികളുടെ ബന്ധുക്കളും മഞ്ജു വാര്യര്‍ക്കെതിരെ പരസ്യമായി പ്രകടനം നടത്തി പ്രതിഷേധിച്ചു.
ലേഡി സൂപ്പര്‍ സ്റ്റാറിന് സ്വാഗതമെന്ന് എഴുതി സ്ഥാപിച്ച ബോര്‍ഡും പ്രവര്‍ത്തകര്‍ തകര്‍ത്തു.
മഞ്ജു ഫാന്‍സിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി വളരെ നേരത്തെ തന്നെ ബന്ധപ്പെട്ട് ഉറപ്പിച്ച പരിപാടിക്ക് വേണ്ടി വലിയ തുകകള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയിരുന്നു.
പരിപാടിയുടെ മുഖ്യ സംഘാടകന്‍ മഞ്ജു ഫാന്‍സില്‍ അംഗമായ ഡോക്ടറായിരുന്നു.
പരിപാടി മുടങ്ങിയതോടെ വാങ്ങിയ പണം തിരികെ കൊടുത്തെങ്കിലും മെഡിസിനും മറ്റും വാങ്ങിയത് വെറുതെയായി.
അപമാനിതരായ ഫാന്‍സ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വച്ചാണ് മഞ്ജു വാര്യരെ പ്രതിഷേധമറിയിച്ചിരിക്കുന്നത്.
‘ഉദാഹരണം സുജാത’ തങ്ങള്‍ക്കും ഇപ്പോള്‍ ഒരു ‘ഉദാഹരണമായെന്നാണ്’ രാജിവച്ച പ്രവര്‍ത്തകര്‍ പറയുന്നത്