മന്ത്രി മണിയുടെ സഹോദരന്റെ മരണം വാഹനമിടിച്ച് ; യുവാവ് കസ്റ്റഡിയിൽ ?

അടിമാലി: വൈദ്യുതി മന്ത്രി എം.എം മണിയുടെ സഹോദരന്‍ സനകന്‍ (56) മരണപ്പെട്ടത് വാഹനമിടിച്ച്.

അടിമാലിയില്‍ വച്ച് കാറിന്റെ ഗ്ലാസ് ഭാഗം കൊണ്ട് പരിക്ക് പറ്റിയ സനകനെ കാറോടിച്ചിരുന്ന മുരുക്കാശ്ശേരി സ്വദേശി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.

ഇക്കാര്യം ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്.

വാഹനമിടിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലായിരുന്നു മരണമെന്നതിനാലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തിരിക്കന്നത്.

ഇയാള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കുമെന്നാണ് അറിയുന്നത്.

മണിയുടെ കുടുംബാംഗങ്ങള്‍ക്ക് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തത്.

ഒക്ടോബര്‍ ഏഴിനു വൈകുന്നേരം അടിമാലി ടൗണിനു സമീപത്ത് വച്ചാണ് സനകനെ വാഹനമിടിച്ചത്. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരുണ്ടായിരുന്നു. പരിക്കേറ്റത് മന്ത്രിയുടെ സഹോദരനാണെന്ന് അവിടെക്കൂടിയവര്‍ക്ക് അറിയില്ലായിരുന്നു. സംഭവം നടന്ന വാഹനത്തില്‍ത്തന്നെ നാട്ടുകാര്‍ സനകനെ ആശുപത്രിയിലേക്കയച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലേക്ക് എന്നുപറഞ്ഞാണു കൊണ്ടുപോയത്. പിന്നീടു മരണവിവരമാണ് അറിയുന്നതെന്നും വാഹനാപകടമാണു കാരണമെന്നുമാണ് ഊമകത്തില്‍ പറയുന്നത്.

മന്ത്രിയുടെ സഹോദരന്‍ ലംബോദരനാണ് കത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഊമക്കത്തു ലഭിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടില്ല. മുരിക്കാശ്ശേരി സ്വദേശിയുടേതായിരുന്നു കത്തില്‍ പറയുന്ന വാഹനമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തിട്ടില്ല. സനകനെ ഒക്ടോബര്‍ ഏഴിന് ആശുപത്രിയിലെത്തിച്ചിരുന്നോ എന്നുപോലും പോലീസ് അന്വേഷിച്ചിട്ടില്ലെന്നും ലംബോദരന്‍ പറഞ്ഞു.

അവശനിലയില്‍ക്കണ്ട സനകനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വെള്ളത്തൂവല്‍ പോലീസും ചികിത്സ നല്‍കുന്നതില്‍ അടിമാലി ആശുപത്രിയധികൃതരും അലംഭാവം കാണിച്ചതായി ലംബോദരന്‍ കുറ്റപ്പെടുത്തി. പോലീസ് സനകനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്കയച്ചത്. പിന്നീട് പോലീസ് തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയില്‍ എട്ടുമണിക്കൂര്‍ ചികിത്സ നല്‍കിയില്ല. ആശുപത്രിരേഖയില്‍ സനകനെ പ്രവേശിപ്പിച്ചകാര്യവും ഇല്ല. ബന്ധുക്കള്‍ തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും സനകന്‍ അവശനായിരുന്നു. യഥാസമയം ചികിത്സ കിട്ടാതിരുന്നതാണ് മരണകാരണമെന്നും ലംബോധരന്‍ തുറന്നടിച്ചിരുന്നു.

അതേസമയം മരണപ്പെടുമ്പോള്‍ സനകന് ഡങ്കിപനിയും ചിക്കന്‍ഗുനിയയും എല്ലാം ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. പ്രഷര്‍ കൂടി തലയിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നത്.

Top