പൊലീസിന്റെ ‘നിഗമനം’ ദിലീപിന് എതിര്, ഉദ്യോഗസ്ഥരിലും കടുത്ത അഭിപ്രായ ഭിന്നത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുനഃരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം നടന്‍ ദിലീപിന് എതിര്.

ഗൂഢാലോചനയില്‍ നടന് പങ്കുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം ഇപ്പോള്‍ എത്തിയതെന്നാണ് ലഭിക്കുന്ന സൂചന.

ഇതിന് സഹായകരമായ തെളിവുകളാണ് ഇപ്പോള്‍ അന്വേഷണ സംഘം ‘ശേഖരിക്കാന്‍’ ശ്രമിക്കുന്നത്.

ആരോപണ വിധേയന്‍ വലിയ സെലിബ്രിറ്റിയായതിനാല്‍ ആവശ്യമായ തെളിവുകളില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്ന നിര്‍ദേശം ആഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സൂചനകളുണ്ട്.

എന്നാല്‍ തെളിവുണ്ടെങ്കില്‍ എന്ത് നടപടിയും സ്വീകരിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ പരമാവധി തെളിവ് ശേഖരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണിപ്പോള്‍ അന്വേഷണ സംഘം.

സംവിധായകന്‍ നാദിര്‍ഷായോട് ഫോണിലൂടെ സംസാരിച്ച വിഷ്ണുവിന്റെ അടുത്ത് നിന്ന് മൊഴി രേഖപ്പെടുത്തിയ സിഐക്കും ഡിവൈഎസ്പി, ഐ.ജി ദിനേന്ദ്ര കാശ്യപ്, എഡിജിപി സന്ധ്യ തുടങ്ങിയ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്കുമല്ലാതെ മറ്റ് ഉന്നത ഉദ്യോസ്ഥര്‍ക്ക് പോലും വിവരങ്ങള്‍ കൈമാറാത്ത തരത്തിലാണ് രഹസ്യ അന്വേഷണവും മൊഴിയെടുപ്പും പുരോഗമിക്കുന്നത്.

ദിലീപിന്റെ കൂടി മൊഴി രേഖപ്പെടുത്തുന്നതോടെ നിഗമനത്തിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

നാദിര്‍ഷ, ദിലീപിന്റെ ഡ്രൈവര്‍, മാനേജര്‍ എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക ചോദ്യാവലി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

തേനിയില്‍ നിന്നും ദിലീപ് എത്തിയാല്‍ ഉടന്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും.

അതേസമയം അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ ശക്തമായ അഭിപ്രായ ഭിന്നത ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കിടയിലും രൂപപ്പെട്ടിട്ടുണ്ട് എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ദിലീപിനെ മന:പൂര്‍വ്വം പബ്ലിസിറ്റിക്ക് വേണ്ടി ടാര്‍ഗറ്റ് ചെയ്യരുതെന്നാണ് ഇവരുടെ അഭിപ്രായം.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഒരാളെ ഈ കേസില്‍ പ്രതിയാക്കാന്‍ പറ്റുകയുള്ളൂവെന്നാണ് തലസ്ഥാനത്തെ പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.

പ്രതികളും സംഘവും ‘ബാഹ്യപ്രേരണ’യില്‍ ബോധപൂര്‍വം ദിലീപിനെ കുരുക്കാന്‍ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാനുള്ള സാധ്യതയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.

ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് നേരത്തെ 50,000 രൂപ ചാര്‍ളി എന്ന സുഹൃത്തിനോട് കടം ചോദിച്ച സമയത്ത് ദിലീപിന്റെ പേര് പള്‍സര്‍ സുനി പറഞ്ഞിരുന്നു എന്നതാണ്.

എന്നാല്‍ പിന്നീട് പൊലീസ് ചോദ്യം ചെയ്യലില്‍ മാധ്യമങ്ങളില്‍ പ്രമുഖ നടനെന്ന് പരാമര്‍ശിച്ച് ദിലീപിനെതിരെ വാര്‍ത്ത വന്നതിനാല്‍ താന്‍ അങ്ങനെ പറഞ്ഞതെന്നാണ് സുനി മലക്കം മറിഞ്ഞത്.

ഇങ്ങനെ മൊഴി മാറ്റി പറയുന്ന പ്രതിയുടെ വാദം എങ്ങനെ മുഖവലക്കെടുക്കും എന്നതാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പ്രസക്തമായ ചോദ്യം.

അതേസമയം സിനിമാ മേഖലയും പൊലീസിന്റെ ഇപ്പോഴത്തെ നീക്കത്തില്‍ ആശങ്കയിലാണ്. ദിലീപിനെ കുരുക്കാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ പൃഥ്വിരാജ്, പൂര്‍ണ്ണിമ എന്നിവര്‍ പറഞ്ഞെന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴിയാണ് സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുന്നത്.

ഇതിലെ യാഥാര്‍ത്ഥ്യമെന്താണെന്ന് അറിയാനാണ് ഭൂരിപക്ഷ താരങ്ങള്‍ക്കും ഇപ്പോള്‍ താല്‍പര്യം.

ദിലീപിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ ഇവരെയും പൊലീസ് ചോദ്യം ചെയ്യണമെന്ന അഭിപ്രായവും താരങ്ങള്‍ക്കിടയിലുണ്ട്.

ദിലീപിനെതിരെ നടക്കുന്നത് സിനിമാരംഗത്തെ ഒരു പറ്റം സഹോദരി സഹോദരന്മാരില്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്‌സാണെന്ന് പറഞ്ഞ് ആദ്യ വെടി, നടന്‍ സലിം കുമാര്‍ തന്നെ പൊട്ടിച്ചു കഴിഞ്ഞു.

2013-ലെ ദിലീപ് മഞ്ജു വാര്യര്‍ ഡിവോഴ്‌സ് ആയിരുന്നു ഇതിലെ ആദ്യ ട്വിസ്റ്റ് എന്നാണ് സലീംകുമാര്‍ തുറന്നടിച്ചത്.

ബഹുഭൂരിപക്ഷം താരങ്ങള്‍ക്കും ഇതേ നിലപാട് തന്നെയാണ്. തെളിവുകള്‍ ഇല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടിയും മറ്റേതെങ്കിലും ‘പ്രേരണ’ മൂലവും ദിലീപിനെ കുരുക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി രംഗത്തിറങ്ങാനാണ് താരങ്ങളിലെ പ്രബലവിഭാഗത്തിന്റെ തീരുമാനം.

ലഭിച്ച എല്ലാ വിവരങ്ങളും രേഖാമൂലം പരാതി സഹിതം ഡിജിപിക്ക് കൈമാറിയതാണോ ദിലീപ് ചെയ്ത തെറ്റെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ അന്വേഷണ സംഘം ‘അര്‍ത്ഥഗര്‍ഭമായ’ മൗനം തുടരുകയാണ്.

Top