കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് പറയാതിരിക്കാന്‍ സംവിധായകന്‍ നാദിര്‍ഷയോട് ‘വിലപേശിയ’ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞത് മൂന്ന് പ്രമുഖരുടെ പേരുകള്‍ !
നടന്‍ പൃഥ്വിരാജ്, നിര്‍മ്മാതാവും മോഹന്‍ലാലിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റണി പെരുമ്പാവൂര്‍ ,നടി പൂര്‍ണ്ണിമ എന്നിവരുടെ ഭാഗത്ത് നിന്നും ദിലീപിന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞായിരുന്നു വിലപേശല്‍.
നിങ്ങള്‍ ഒന്നര കോടി തന്നില്ലങ്കില്‍ രണ്ടര കോടി നല്‍കാന്‍ ആളുണ്ടെന്നായിരുന്നു ഭീഷണി.
പള്‍സര്‍ സുനി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞ് വന്ന കോള്‍ ആയതിനാല്‍ പന്തികേട് തോന്നിയ നാദിര്‍ഷ ഫോണ്‍ കട്ടാക്കി ഉടന്‍ സുഹൃത്തിന്റെ ഫോണില്‍ നിന്നും അങ്ങോട്ട് വിളിച്ച് കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
ഇത് പ്രതികളുടെ ബ്ലാക്ക് മെയിലിങ്ങ് ‘തന്ത്രമാണെന്ന’ നിഗമനത്തിലാണ് ദിലീപും സുഹൃത്തുക്കളുമെങ്കിലും വിഷ്ണുവിന്റെ പേരില്‍ പരാതി നല്‍കിയ സ്ഥിതിക്ക് ഈ കോളിനെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണിപ്പോള്‍.
ഇപ്പോള്‍ വിഷ്ണു പുറത്ത് പറഞ്ഞ പേരുകാരില്‍ ആരുമായും ദിലീപ് നല്ല ബന്ധത്തിലല്ല. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഏറ്റവും അധികം പിന്തുണ നല്‍കി കൂടെ നിന്നയാളാണ് പൃഥ്വിരാജ്. സംഭവത്തിനു ശേഷം നടി ആദ്യമായി അഭിനയിച്ചതും പൃഥ്വിരാജിന്റെ കൂടെയാണ്. പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്തുമായും ദിലീപ് നല്ല ബന്ധത്തിലല്ലന്ന കാര്യവും പരസ്യമായ രഹസ്യമാണ്.
നടി മഞ്ജുവാര്യര്‍ ദിലീപുമായി വേര്‍പിരിഞ്ഞ ശേഷം സിനിമാരംഗത്ത് സജീവമായി രണ്ട് ബിഗ് ബഡ്ജറ്റ് സിനിമയിലാണ് ലാലിനൊപ്പം അഭിനയിച്ചത്. ഇനി ഷൂട്ടിങ്ങ് തുടങ്ങാനിരിക്കുന്ന ‘ഒടിയനിലും’ മോഹന്‍ലാലിന്റെ നായിക മഞ്ജു വാര്യരാണ്.
നടന്‍ മമ്മുട്ടി പോലും മഞ്ജുവുമൊത്ത് അഭിനയിക്കാന്‍ വന്ന നിരവധി അവസരങ്ങള്‍ ഒഴിവാക്കിയപ്പോള്‍ ലാല്‍ കൂടെ അഭിനയിച്ച് പിന്തുണ നല്‍കുന്നത് ദിലീപ് വിഭാഗത്തിന് രസിച്ചിരുന്നില്ല.
മമ്മുട്ടി-ദിലീപ് വിഭാഗങ്ങള്‍ ഒരു ഭാഗത്തും മോഹന്‍ലാല്‍ പൃഥ്വിരാജ് വിഭാഗം മറുഭാഗത്തുമായി ശക്തമായ ചേരിതിരിവ് താരസംഘടനയായ അമ്മയില്‍ നിലവിലുണ്ട്. ഇതില്‍ കൂടുതല്‍ താരങ്ങള്‍ മമ്മുട്ടി-ദിലീപ് വിഭാഗത്തിന്റെ കൂടെയാണെന്നാണ് ലഭിക്കുന്ന വിവരം.
മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ രൂപീകരിച്ച വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനക്കെതിരെ ഭൂരിപക്ഷ താരങ്ങളും നിലപാട് സ്വീകരിച്ചപ്പോള്‍ പരസ്യമായി പിന്തുണച്ച് പൃഥ്വിരാജ് രംഗത്ത് വന്നിരുന്നത് സഹതാരങ്ങളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ ,പൂര്‍ണ്ണിമ എന്നിവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള തെളിവ് ലഭിച്ചാല്‍ ഇവരെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
അതേസമയം പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ കേട്ട് ഞെട്ടി തരിച്ച് നില്‍ക്കുകയാണ് സിനിമാ ലോകം. സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഭീഷണിയെക്കുറിച്ച് നാദിര്‍ ഷാ വെളിപ്പെടുത്തിയത് :
ഒരാള്‍ വിളിച്ചു നേരിട്ടുകാണണമെന്ന് പറഞ്ഞു. കഥ പറയാനാണെന്ന് കരുതി ഒഴിവാക്കാന്‍ നോക്കി.അപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞു. നടിയുടെ കേസിന്റെ പ്രശ്‌നമാണെന്നു പറഞ്ഞു. പന്തികേട് തോന്നി കട്ടാക്കി. വീണ്ടും വിളിച്ചപ്പോള്‍ സുഹൃത്തിന്റെ ഫോണില്‍ നിന്ന് തിരിച്ചുവിളിച്ചു. സംഭാഷണം രേഖയാക്കി.
വിഷ്ണു എന്നാണ് അയാള്‍ പറഞ്ഞത്. ‘ദിലീപ് പലരുടെയും ടാര്‍ജെറ്റാണ്. കേസില്‍ കുടുക്കാന്‍ പലരും നോക്കുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്നറിയാം.’ എന്നൊക്കെ ആദ്യം പറഞ്ഞു. ആരാണ് കുടുക്കാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പലരുടെയും പേരുപറഞ്ഞു. അവരില്‍ നടികളും നടന്മാരും നിര്‍മ്മാതാക്കളുമുണ്ട്. പലപേരും കേട്ടപ്പോള്‍ ചിരിവന്നു. ഒട്ടും വിശ്വസനീയമാകാത്ത കാര്യങ്ങള്‍. ‘ദിലീപിന്റെ പേര് പറഞ്ഞാല്‍ കാശുതരാം എന്ന് പറയുന്നുണ്ട്. ഞങ്ങള്‍ അകത്താണല്ലോ. ദിലീപിന്റെ പേരു പറഞ്ഞാല്‍ സപ്പോര്‍ട്ട് ചെയ്യാം എന്നവര്‍ പറയുന്നു. പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവര്‍ കാശുതരും. പറയാതിരിക്കാന്‍ ദിലീപ് ചേട്ടന്‍ കാശുതരണം.’ എന്നായി പിന്നെ. ദിലീപിനെ വിളിച്ചു കിട്ടാത്തതിനാല്‍ കാര്യങ്ങള്‍ ദിലീപിലെത്തിക്കാനാണ് വിളിച്ചതെന്നും പറഞ്ഞു.
ഓഡിയോ ക്ലിപ്പ് ദിലീപിന് അയച്ചുകൊടുത്തു. ദിലീപ് ഡിജിപിയ്ക്ക് അത് കൈമാറുകയും ചെയ്തു.
റിപ്പോര്‍ട്ട് : എം വിനോദ്