ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ രജനികാന്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മുന്നില്‍ നിന്നത് മരുമകനായ ധനുഷും മകള്‍ ഐശ്വര്യയുമാണെന്ന് റിപ്പോര്‍ട്ട്.
രാഷ്ട്രീയത്തിലിറങ്ങാന്‍ സമ്മര്‍ദ്ദം വന്നപ്പോള്‍ തന്നെ രജനി അമിതാഭ് ബച്ചനോടും വീട്ടുകാരോടും മരുമകന്‍ ധനുഷിനോടും അഭിപ്രായം ആരാഞ്ഞിരുന്നു.
ബച്ചന്‍ നിരുത്സാഹപ്പെടുത്തിയപ്പോള്‍ ഇപ്പോഴത്തെ തമിഴകത്തിന്റെ ‘പ്രത്യേക’ സാഹചര്യത്തില്‍ രജനി രാഷ്ട്രീയത്തിലിറങ്ങുന്നത് ഉചിതമാണെന്ന നിലപാടായിരുന്നുവത്രെ ധനുഷിനും ഐശ്വര്യക്കും.
മറ്റൊരു മകള്‍ സൗന്ദര്യയും ഭാര്യ ലതയും രജനി എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
രാഷ്ട്രീയത്തിലിറങ്ങരുതെന്ന സമ്മര്‍ദ്ദം ഭരണ-പ്രതിപക്ഷ നേതാക്കളില്‍ ചിലര്‍ രജനിയുടെ അടുപ്പക്കാര്‍ വഴി പ്രകടിപ്പിച്ചെങ്കിലും സൂപ്പര്‍ സ്റ്റാര്‍ ഇതുവരെ പിടികൊടുത്തിട്ടില്ല.
ഡിഎംകെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ചില സിനിമാ പ്രവര്‍ത്തകരുമാണ് ഇത്തരമൊരു നീക്കം നടത്തിയിരുന്നത്.
എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങളെ അവഗണിച്ച് ഫാന്‍സ് യോഗം വിളിച്ച് ചേര്‍ക്കാനും രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നല്‍കാനും രജനിയെ പ്രേരിപ്പിച്ചത് കുടുംബത്തിന്റെ അകമൊഴിഞ്ഞ പിന്തുണയാണ്.
രജനിയെ രാഷ്ട്രീയത്തിലിറക്കാന്‍ പരിശ്രമിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിക്കും ഈ ‘പിന്തുണ’ സഹായകരമായി മാറി.
അണ്ണാ ഡിഎംകെ പിളര്‍ന്ന സാഹചര്യവും ജയലളിതയുടെ മരണവും അടുത്ത മുഖ്യമന്ത്രി പദം കയ്യെത്തും ദൂരത്ത് എത്തിച്ച ഡിഎംകെ നേതാവ് സ്റ്റാലിന്‍ രജനിയുടെ രംഗപ്രവേശം പ്രതീക്ഷകളെ തകിടം മറിക്കുമെന്ന ഭയത്തിലാണിപ്പോള്‍
ലക്ഷകണക്കിന് രജനി ആരാധകരാണ് ഡിഎംകെയിലും അണ്ണാ ഡിഎംകെയിലുമുള്ളത്.
രാഷ്ട്രീയവും സിനിമയും ഇഴചേര്‍ന്ന തമിഴകത്ത് രജനി രംഗത്തിറങ്ങിയാല്‍ മുഖ്യധാരാ പാര്‍ട്ടികളുടെയെല്ലാം അടിത്തറ തന്നെ ഇളകും.
സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിച്ചാലും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചാലും ആത്യന്തികമായി മോദി ഭരണകൂടത്തെയാകും രജനി പിന്തുണക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് രജനിയുടെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് സൂചന. അദ്ദേഹം ഉടന്‍ തന്നെ പ്രധാനമന്ത്രിയെ കാണുമെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രവും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.