സിനിമ ‘തിരക്കഥ’ തിരുത്തിയത് പോലീസ് ? അന്വേഷണത്തിലും ഉദ്യോഗസ്ഥരുടെ പോര് . .

കൊച്ചി: നടന്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച സഹതടവുകാരന്‍ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ എന്തിന് രണ്ട് മാസം ?

ഏപ്രില്‍ 20ന് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ ഗുരുതര പരാതിയില്‍ പൊലീസിന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വൈകിയതിന് യുക്തിസഹമായ മറുപടി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും ഇപ്പോള്‍ കഴിയുന്നില്ല.

നടന്‍ ദിലീപ് പൊലീസ് മേധാവിയായിരുന്ന ലോക് നാഥ് ബഹ്‌റക്കു നേരിട്ട് നല്‍കിയ പരാതിയില്‍ ഉടന്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നത് ഏറെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.

സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വിഷ്ണു വിളിച്ച് ഒന്നര കോടി ആവശ്യപ്പെട്ടതും വാട്‌സ്ആപ്പ് വഴി ഡ്രൈവര്‍ക്ക് ലഭിച്ച കത്തിന്റെ കോപ്പിയും സഹിതമാണ് ദിലീപ് ഡിജിപി ലോക് നാഥ് ബഹ്‌റക്ക് പരാതി നല്‍കിയിരുന്നത്.

ഈ പരാതി നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്യേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കാശ്യപിന് കൈമാറിയെന്ന് ഡിജിപി ലോക് നാഥ് ബഹ്‌റ (നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍) തന്നോട് പിന്നീട് പറഞ്ഞെന്ന് കഴിഞ്ഞ ദിവസം ദിലീപ് വെളിപ്പെടുത്തിയിരുന്നു.

പൊലീസിന് പെട്ടന്ന് തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് സത്യം പുറത്തു കൊണ്ടുവരാന്‍ പറ്റുമായിരുന്ന കേസില്‍ അണിയറയില്‍ വലിയ അട്ടിമറി നടന്നു എന്ന് തോനിക്കുന്ന തരത്തിലാണ് ഈ പരാതിയില്‍ തുടക്കത്തില്‍ പൊലീസ് സ്വീകരിച്ച നിലപാട് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇത് എന്തിനുവേണ്ടിയായിരുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

ഓഡിയോ സംഭാഷണത്തില്‍ വിഷ്ണു പറയുന്ന നടന്‍ മോഹന്‍ലാലിന്റെ വലംകൈയ്യും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍, നടന്‍ പ്രിഥ്വിരാജ്, നടി പൂര്‍ണ്ണിമ എന്നിവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ദിലീപിന്റെ പരാതിയില്‍ തുടര്‍ നടപടി ഉണ്ടാകാതിരുന്നതെന്ന സംശയമുണ്ടാക്കുന്നതാണ് ഈ നടപടി.
അതല്ലെങ്കില്‍ ദിലീപ് നല്‍കിയ പരാതി പോലും ‘തിരക്കഥ’യാവാനും ഉന്നത പോലീസ് തലപ്പത്ത് നടന്ന ‘ധാരണ’യുടെ പുറത്താകാനുമാണ് സാദ്ധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. വിഷ്ണുവിനെപ്പോലെ ഒരു ക്രിമിനല്‍ കേസ് പ്രതിയെ പിടികൂടി നടപടി എടുക്കാതിരിക്കാന്‍ പോലീസ് മറ്റ് എന്തുകാരണങ്ങള്‍ പറഞ്ഞാലും ബോദ്ധ്യപ്പെടുന്നതല്ലെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണി തനിക്ക് വന്ന ബ്ലാക്ക്‌മെയില്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തതും നാദിര്‍ഷ നല്‍കിയ ഓഡിയോ റെക്കോര്‍ഡിനൊപ്പം പൊലീസിന് ദിലീപ് കൈമാറിയിരുന്നു. വിഷ്ണു വഴിയാണ് കത്ത് വന്നതെന്നതും ഈ ഓഡിയോ സംഭാഷണത്തില്‍ പറയുന്നുണ്ട്. ‘വ്യക്തമായ ഗൂഢാലോചന’ നടന്‍ ദിലീപിനെതിരെ നടന്നു എന്ന് സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. തന്നെ വിളിക്കേണ്ട എന്ന് പല തവണ അപ്പുണ്ണി പറഞ്ഞിട്ടും ഫോണ്‍ ചെയ്തയാള്‍ നിര്‍ബന്ധിക്കുന്നത് ഇതില്‍ നിന്നും വ്യക്തമാണ്. ഡിജിപി സ്ഥാനത്ത് നിന്നും ലോക് നാഥ് ബഹ്‌റ മാറി സെന്‍കുമാര്‍ വന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായതും വിഷ്ണു പിടിയിലായതും.

പ്രത്യേക അന്യേഷണത്തിന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി ബി.സന്ധ്യ രഹസ്യമായി കൊച്ചിയിലെത്തി ആക്രമിക്കപ്പെട്ട നടിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത് പൊലീസ് ഉന്നതരെ പോലും ഞെട്ടിച്ചിരുന്നു.

സെന്‍കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ പൊലീസ് നീക്കമെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞതും ബഹ്‌റ മാറിയതും വിലയിരുത്തുമ്പോള്‍ പൊലീസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

30ന് സെന്‍കുമാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കെ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് സെന്‍കുമാറിനെ സംബന്ധിച്ച് വന്‍ നേട്ടമാകും.

ആഭ്യന്തര വകുപ്പിനും ലോക് നാഥ് ബഹ്‌റക്കും ഒരു ‘തിരിച്ചടി’ വിരമിക്കുന്നതിനു മുന്‍പ് നല്‍കാന്‍ സെന്‍കുമാര്‍ ബ്ലാക്ക് മെയില്‍ കേസ് ആയുധമാക്കുന്നതായാണ് ബഹ്‌റ അനുകൂലികള്‍ സംശയിക്കുന്നത്.

ദിലീപിന്റെ പരാതി കിട്ടിയ ഉടനെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം സര്‍ക്കാര്‍ കേന്ദ്രങ്ങളും വളരെ ഗൗരവമായി തന്നെയാണ് ഇപ്പോള്‍ കാണുന്നത്.

റിപ്പോര്‍ട്ട് :എം.വിനോദ്‌

Top