ചെന്നൈ: ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലര്‍ ഉലകനായകന്‍ കമല്‍ ഹാസന്റെ നായികയാകുമോ ?
മുന്‍ ലോകസുന്ദരി ഐശ്വര്യ റായിയെ തന്റെ ‘ജീന്‍സ്’ എന്ന സിനിമയിലൂടെ നായികയാക്കിയ സംവിധായകന്‍ ശങ്കര്‍ തന്നെ മാനുഷിക്ക് അവസരം നല്‍കുമെന്നാണ് കോളിവുഡ് വാര്‍ത്ത.
സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കറിന്റെ ഫിലിം കമ്പനിയില്‍ നിന്നും ഇതിനകം തന്നെ മാനുഷിക്ക് സന്ദേശം പോയതായാണ് പറയപ്പെടുന്നത്.
രാഷ്ട്രീയ പ്രവേശനത്തോടെ അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്ന കമല്‍ ഹാസന് വേണ്ടി സൂപ്പര്‍ ഹിറ്റ് സിനിമ ‘ഇന്ത്യന്റെ’ രണ്ടാം പതിപ്പ് ഒരുക്കാന്‍ ചര്‍ച്ചകള്‍ നടക്കവെയാണ് പുതിയ നീക്കം.
രജനികാന്ത് നായകനായ 2.0 യുടെ റിലീസിങ്ങിന് ശേഷം ഇന്ത്യന്‍ 2 വിന്റെ ചര്‍ച്ചകളിലേക്ക് ശങ്കര്‍ കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന ലോകസുന്ദരി മത്സരത്തിലാണ് ഹരിയാന സ്വദേശിയായ മാനുഷി ലോകസുന്ദരി പട്ടം നേടിയത്.
അതേ സമയം ശങ്കറിന്റെ ഓഫീസിന് പുറമെ പ്രമുഖ ബോളിവുഡ് സംവിധായകരും മാനുഷിക്ക് വമ്പന്‍ ഓഫറുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ശങ്കറിന്റെ ‘ജീന്‍സിലൂടെ’ സിനിമയിലേക്ക് കാലെടുത്തു വച്ച ഐശ്വര്യ റായ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ശങ്കറിന്റെ തന്നെ യന്തിരനില്‍ നായികയായതോടെ ഐശ്വര്യ പ്രതിഫലത്തില്‍ മറ്റ് നടിമാരെ പിന്തള്ളി ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കിയിരുന്നു.
റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍