കൊച്ചി: നിയമലംഘനം കണ്ണിന്റെ മുന്നില്‍ നടക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനല്ല കാക്കി യൂണിഫോമിട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര.
നാട്ടില്‍ സമാധാനം നിലനിര്‍ത്തേണ്ടത് പൊലീസിന്റെ കടമയാണ്. അതിനു വേണ്ടി ആവശ്യമായ എന്ത് നടപടിയും തുടര്‍ന്നും സ്വീകരിക്കും. പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല താനെന്നും യതീഷ് ചന്ദ്ര തുറന്നടിച്ചു. Express kerala-യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ സമരത്തിന് പിന്നില്‍ സിപിഐ എം(എല്‍), പോരാട്ടം പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറി കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് അനുവദിക്കുന്ന പ്രശ്‌നമേയില്ല.
കുട്ടികളെ സംരക്ഷിക്കേണ്ടവര്‍ കുട്ടികളുടെ ‘സംരക്ഷണത്തില്‍’ അവരെ മുന്നില്‍ നിര്‍ത്തിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത മെട്രോ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമമുണ്ടായി. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ക്ക് അതിന് കഴിയാതെ പോയത്. സര്‍ക്കാറിനെയും പൊലീസിനെയും മോശമാക്കാനായിരുന്നു പദ്ധതി.
എല്‍പിജിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടു പോകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുള്ളതാണ്, അത് നടപ്പാക്കുക മാത്രമാണ് പൊലീസ് ചെയ്യുന്നത്.
സമരക്കാര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ റോഡ് തടഞ്ഞും പ്രകോപനങ്ങള്‍ സൃഷ്ടിച്ചും സമാധാന അന്തരീക്ഷം തകര്‍ക്കാനല്ല ശ്രമിക്കേണ്ടതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
സര്‍ക്കാര്‍ ഇപ്പോള്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞ സാഹചര്യത്തില്‍ ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ എല്‍പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന സമരം വലിയ
സംഘര്‍ഷാവസ്ഥയാണ് സൃഷ്ടിച്ചിരുന്നത്.
ഐഒസി എല്‍പിജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്തു നാട്ടുകാരും പൊലീസുമായി ഞായറാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഒരുവിഭാഗം പ്രതിഷേധം പുനരാരംഭിച്ചത്.
ഞായറാഴ്ചയുണ്ടായ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശിയെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ പിരിഞ്ഞുപോകാതെ പ്രതിഷേധിക്കുകയാണ് ചെയ്തത്. പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതര്‍ തീരുമാനത്തില്‍നിന്നു പിന്മാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, ഐഒസി പ്ലാന്റിനുള്ളില്‍ നിന്നാണ് കല്ലേറ് വന്നതെന്നാണ് സമരക്കാരുടെ ആരോപണം.
പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പു വെള്ളിയാഴ്ച സമരക്കാര്‍ ഹൈക്കോടതി ജംക്ഷനിലേക്കു നടത്തിയ പ്രതിഷേധ പ്രകടനവും പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മുന്നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
എല്ലാ അനുമതിയോടെയുമാണു ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചതെന്നും സമരം മൂലം നിര്‍മാണം നടക്കാത്തതിനാല്‍ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു. എന്നാല്‍, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നതാണ് സമരസമിതിയുടെ ആവശ്യം.
സിപിഎം നേതൃത്ത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് താല്‍കാലികമായെങ്കില്‍പോലും ഇപ്പോള്‍ ടെര്‍മലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ ഐഒസിക്ക് നിര്‍ദേശം നല്‍കിയത്.
വിഷയം സംബന്ധിച്ച് സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 21ന് ചര്‍ച്ച നടത്തും. പൊലീസ് നടപടിക്ക് നേതൃത്ത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്നതാണ് സമരക്കാരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.