exclusive;cpm demanded to change dgp lohnath behara

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ ചുമതലയില്‍ നിന്നും മാറ്റണമെന്ന നിലപാടില്‍ സിപിഎം ?

പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടര്‍ച്ചയായ വീഴ്ചകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും പൊലീസ് മേധാവിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ലന്ന വികാരമാണ് നേതാക്കള്‍ക്കിടയിലുള്ളത്.

ഭരണം മാറിയത് പല പൊലീസ് ഓഫീസര്‍മാരും ‘അറിയാതിരിക്കുന്നത് ‘ അവരെ നിയന്ത്രിക്കുന്നതിലും നിര്‍ദ്ദേശം നല്‍കുന്നതിലും നടപടി സ്വീകരിക്കുന്നതിലും വന്ന വീഴ്ചയാണെന്ന വിലയിരുത്തലാണ് മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കിടയിലുള്ളത്.

ഇക്കാര്യങ്ങള്‍ പരിശോധിക്കാനും ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും മുഖ്യമന്ത്രിയോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ബഹ്‌റയ്ക്ക് പകരം മറ്റൊരാളെ നിര്‍ദ്ദേശിക്കാന്‍ കഴിയാത്തതാണ് സിപിഎം നേതൃത്വത്തെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. പകരക്കാരന്റെ സാധ്യത തെളിഞ്ഞാല്‍ മാറ്റുമെന്നു തന്നെയാണ് സൂചന.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ടി പി സെന്‍കുമാര്‍ ജൂണില്‍ വിരമിക്കാനിരിക്കെ ചില മാറ്റങ്ങള്‍ പൊലീസ് തലപ്പത്ത് വരുത്താനാണ് അണിയറ നീക്കം.

ബഹ്‌റയെ മാറ്റിയാല്‍ പകരം ആരെ സംസ്ഥാന പൊലീസ് മേധാവിയാക്കുമെന്ന കാര്യത്തില്‍ ധാരണയാകാത്തതാണ് നിലവിലെ സ്ഥിതി തുടരാന്‍ സാഹചര്യമൊരുക്കിയതെന്നാണ് മുതിര്‍ന്ന ഒരു സിപിഎം നേതാവ് പ്രതികരിച്ചത്.

ഡിജിപി ഹേമചന്ദ്രന്‍ പരിഗണിക്കാന്‍ പറ്റാവുന്ന ആളായിരുന്നെങ്കിലും അദ്ദേഹത്തിന് യുഡിഎഫ് ‘ഭക്തി’ കൂടി പോയതാണ് പ്രശ്‌നമായതത്രെ.

സെന്‍കുമാര്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സീനിയറായ ഡിജിപി ജേക്കബ് തോമസിനെ നിയമിക്കാമെന്ന് കരുതിയാല്‍ അത് സേനക്കകത്ത് തന്നെ ശക്തമായ ഭിന്നതക്കു കാരണമാകുമെന്നതും സിപിഎം നേതൃത്വത്തെ പുറകോട്ടടിപ്പിക്കുന്ന കാര്യമാണ്.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ വ്യക്തിപരമായി മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലന്നതും മറ്റൊരു യഥാര്‍ഥ്യമാണ്.

അടുത്ത സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിങ്ങാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനും നറുക്ക് വീഴാന്‍ സാധ്യത കുറവാണ്.

എന്നാല്‍ ഡല്‍ഹിയില്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ മേധാവിയായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍കുമാര്‍ സിന്‍ഹ (ജൂനിയര്‍) തിരികെ വരികയാണെങ്കില്‍ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

ഡിജിപി തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍, എന്‍.ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍ എന്നിവരാണ്.ഇവരില്‍ ആരെ പരിഗണിച്ചാലും അത് സീനിയോററ്റി ലംഘനമാവുമെന്ന് മാത്രമല്ല മറ്റ് ഡിജിപിമാര്‍ക്കെല്ലാം പൊലീസിനു പുറത്ത് തസ്തികകള്‍ കണ്ടെത്തേണ്ട സാഹചര്യവുമുണ്ടാകും.

മുഖ്യമന്ത്രി സദുദ്ദേശത്തോട് കൂടി പൊലീസിനു നല്‍കിയ സ്വാതന്ത്ര്യം തലപ്പത്തെ പിടിപ്പുകേട് കൊണ്ട് ഒരു വിഭാഗം ദുരുപയോഗം ചെയ്യുകയാണെന്നാണ് സിപിഎം നേതൃത്വം ചൂണ്ടി കാണിക്കുന്നത്. ഇതാണ് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാക്കാനിടയാക്കിയത്.

അതേ സമയം പൊലീസ് തലപ്പത്തെ മാറ്റങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയാലും അന്തിമമായി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി ആയതിനാല്‍ ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായമാവും നിര്‍ണ്ണായക ഘടകമാവുക.

എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍, പാര്‍ട്ടി ഇത്തരം ഗൗരവകരമായ കാര്യം മുന്നോട്ട് വച്ചാല്‍ പിണറായി മറിച്ചൊരു തീരുമാനമെടുക്കില്ലന്ന് തന്നെയാണ് സിപിഎം നേതൃത്വം കരുതുന്നത്.

Top