ചെന്നൈ: അഖിലേന്ത്യതലത്തില്‍ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നീറ്റിന്റെ പരിധിയില്‍ തമിഴ്‌നാടിനെ ഒഴിവാക്കി നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതിന് പിന്തുണതേടി സംസ്ഥാന ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍, ഉന്നതവിദ്യാഭ്യാസമന്ത്രി കെ.പി.അന്‍പഴകന്‍ എന്നിവര്‍ കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കര്‍, ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
നീറ്റ് പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി പറഞ്ഞിരുന്നു. ഇതിനെതുടര്‍ന്നാണ് സംസ്ഥാനമന്ത്രിമാര്‍ ഡല്‍ഹിയിലെത്തി ആവശ്യമുന്നയിച്ചത്. അനുകൂല പ്രതികരണമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി വിജയഭാസ്‌കര്‍ പറഞ്ഞു. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന എയിംസ് നടപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
പ്രവേശനപരീക്ഷയ്ക്കുപകരം യോഗ്യതാ പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് തമിഴ്‌നാട്ടില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം അനുവദിക്കുന്നത്. ഇതിനുപകരം ദേശീയതലത്തില്‍ പ്രവേശപരീക്ഷ നടത്തുന്നത് സംസ്ഥാനത്തെ ഗ്രാമീണമേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് തമിഴ്‌നാടിന്റെ വാദം.
പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവ നഗരവാസികളായ വിദ്യാര്‍ഥികളെപോലെ ഗ്രാമങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകില്ല. അതിനാല്‍ ഇവര്‍ പ്രവേശനപരീക്ഷയില്‍ പിന്നിലാകുമെന്നും ഇവര്‍ വാദിക്കുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് നീറ്റിനെ എതിര്‍ക്കുന്നത്.
സംസ്ഥാനത്തെ നീറ്റ് പരിധിയില്‍നിന്ന് ഒഴിവാക്കുന്ന ബില്ല് ജനുവരി അവസാനമാണ് തമിഴ്‌നാട് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയത്.