ചെന്നൈ: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള ‘നീറ്റ്’ പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ എന്നെന്നേക്കുമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
സുതാര്യമായി മെഡിക്കല്‍ പ്രവേശനം നടത്തുന്ന തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ ഒരിക്കലും ബാധകമാക്കരുതെന്നാണ് ജയലളിതയുടെ ആവശ്യം. ‘നീറ്റ്’ പരീക്ഷ നടപ്പാക്കുന്നത് അത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന നീതി നിഷേധമായിരിക്കുമെന്നും കത്തില്‍ പറയുന്നു.
ഈ വര്‍ഷത്തേക്ക് മാത്രം സംസ്ഥാനങ്ങള്‍ക്ക് ‘നീറ്റ്’ പരീക്ഷ ബാധകമല്ലെന്ന ഓര്‍ഡിനന്‍സില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവച്ചിരുന്നു.
സംസ്ഥാനത്തെ സുതാര്യമായ മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടി 2005 മുതല്‍ വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്നും പ്രൊഫഷണല്‍ കോളേജുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നതെന്നും ജയലളിത ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷ നടപ്പാക്കിയാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വലിയൊരു തിരിച്ചടിയായിരിക്കും ഉണ്ടാവുക. നീറ്റ് പരീക്ഷ വേണ്ടെന്ന വയ്ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സാമൂഹികപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ധാരാളം പേര്‍ക്ക് ആശ്വാസകരമാണെന്നും ജയലളിത കത്തില്‍ വ്യക്തമാക്കി.
ദേശീയ പരീക്ഷ നടപ്പാക്കുകയാണെങ്കില്‍ പ്രവേശനം നല്‍കുന്നതിലെ തുല്യത നിലനിര്‍ത്താനാകില്ലെന്നും അതിനാല്‍ തന്നെ തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കണമെന്ന ശക്തമായി ആവശ്യമാണ് ജയലളിത കത്തിലൂടെ കേന്ദ്രത്തിന് മുന്നില്‍ വച്ചത്. ജയയുടെ ആവശ്യത്തിനോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.