ന്യൂഡല്‍ഹി: ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് ശേഷം ചിലയിടത്ത് പോളിംഗ് ഓഫീസര്‍മാര്‍ വോട്ടിങ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഇലക്ട്രാണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്ക് ആം ആദ്മി എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും കാവലിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം നടന്നേക്കുമെന്ന് ആം ആദ്മി നേതാക്കള്‍ക്ക് ഭയമുണ്ട്.
ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ബിജെപി 26 സീറ്റു വരെ നേടുമെന്നാണ് ചില അഭിപ്രായസര്‍വേകള്‍ പ്രവചിക്കുന്നത്. ബിജെപി 48 സീറ്റു നേടി സര്‍ക്കാരുണ്ടാക്കും. അഭിപ്രായസര്‍വേകള്‍ തെറ്റുമെന്നും മനോജ് തിവാരി പ്രതികരിച്ചു. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബിജെപി ഡല്‍ഹി അധ്യക്ഷ സ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ പുറത്താക്കുമെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിയുടെ തുടര്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ബിജെപി, ആം ആദ്മി പാര്‍ട്ടികള്‍ അടിയന്തിര നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു.