ദുബായ്: ഭയപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ടിക്ടോക്കില്‍ വൈറലാവാന്‍ ശ്രമിച്ച പ്രവാസിക്ക് ജയില്‍ ശിക്ഷ. ദുബായിലെ ഒരു റസ്റ്റോറന്റില്‍ വെയ്റ്ററായി ജോലി ചെയ്യുന്ന 34കാരനായ ബംഗ്ലാദേശി പ്രവാസിയാണ് കുടുങ്ങിയത്. ടിക് ടോക് വീഡിയോ ക്ലിപ്പില്‍ വ്യാജമായി വെടിയൊച്ച കൂട്ടിച്ചേര്‍ത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രവാസി യുവാവിനെ ആറു മാസത്തെ തടവിനും 5000 ദിര്‍ഹം പിഴയ്ക്കും ശിക്ഷിച്ചിരിക്കുകയാണ് ദുബായ് കോടതി. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ബര്‍ ദുബായിലെ ആളൊഴിഞ്ഞ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയില്‍ വെടിശബ്ദവും ആളുകള്‍ നിലവിളിക്കുന്ന ശബ്ദവും കൂട്ടിച്ചേര്‍ത്ത് ഒരു കുറ്റകൃത്യം നടന്നതായി തോന്നിപ്പിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്ത കേസിലാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. വീഡിയോ ഷൂട്ട് ചെയ്ത് സൗണ്ട് ഇഫക്ടുകളും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഇയാള്‍. പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് വീഡിയോ റെക്കോഡ് ചെയ്ത ശേഷം അത് ടിക്ടോക്കിലേക്ക് പോസ്റ്റ് ചെയ്യും മുമ്പ് വെടിവയ്ക്കുന്നതിന്റെയും ആളുകള്‍ ഭയന്ന് നിലവിളിച്ച് ഓടുന്നതിന്റെയും ശബ്ദം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിരുന്നു.