പ്രവാസിയുടെ ആത്മഹത്യ: നഗരസഭാ ഉദ്ദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍:കണ്ണൂര്‍ ആന്തൂരിലെ പ്രവാസി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.നഗരസഭാ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മരിച്ച വ്യവസായി സാജന്റെ വീട്ടിലെത്തിയ എം.വി ജയരാജനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പി.കെ ശ്രീമതിയും പി. ജയരാജനും എംവി ജയരാജനും സാജന്റെ വീട്ടിലെത്തിയത്. നേതാക്കള്‍ സാജന്റെ ഭാര്യയുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി.

ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മന്ത്രി എ.സി. മൊയ്തീന്‍ ശകാരിച്ചിരുന്നു.
വ്യവസായിക്ക് കെട്ടിട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനാവശ്യ കുറിപ്പുകള്‍ ഫയലില്‍ എഴുതുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലന്‍സിനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും നടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top