ബാലരാമപുരം കൈത്തറിയ്ക്ക് കരുത്താകാന്‍ പ്രവാസികള്‍

തിരുവനന്തപുരം: കേരളത്തിന്റെ നെയ്ത്തു മാഹാത്മ്യം അതിര്‍ത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിക്ക് പ്രവാസിമലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്നത്.

ഓണത്തോടെ ബാലരാമപുരം കൈത്തറിയെ വിദേശത്ത് ജനകീയമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി നാളെ വിവിധ പ്രവാസിമലയാളി സംഘടനാ ഭാരവാഹികളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും. അമേരിക്കന്‍ മലയാളികളുടെ സഹായത്തോടെയാണ് നെയ്ത്തുഗ്രാമത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ത്താനുള്ള ശ്രമം നടത്തുന്നത്.

ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, വിവിധ  ക്രൈസ്തവ സഭകള്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് സംഘാടകര്‍. കോവിഡ് പ്രതിസന്ധിയിലാക്കിയ ബാലരാമപുരത്തെ നെയ്ത്തുകാര്‍ക്ക് വലിയ സാധ്യതയാണ് ഇതിലൂടെ തുറക്കുകയെന്ന് കണക്കുകൂട്ടുന്നു.

Top