കൊച്ചി: വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തുന്നവരുടെ ക്വാറന്റൈന്‍ സംബന്ധിച്ച വിവരങ്ങള്‍ എത്രയും വേഗത്തില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി.
കേന്ദ്ര മാനദണ്ഡങ്ങളും സംസ്ഥാനത്തെ രീതികളും തമ്മില്‍ ഇതുസംബന്ധിച്ച് വൈരുധ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നിര്‍ദേശം.
വിദേശത്തുനിന്ന് വരുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് കേന്ദ്ര മാനദണ്ഡം. എന്നാല്‍, കേരളത്തില്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനു ശേഷം പരിശോധന നടത്തി രോഗമില്ലെങ്കില്‍ അടുത്ത 7 ദിവസം ഹോം ക്വാറന്റൈന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്.
ഡോ. ബി.ഇക്ബാല്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം ഈ രീതി സ്വീകരിച്ചിരിക്കുന്നതെന്നും ഇളവ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ പറഞ്ഞു.
അതേസമയം, കേരളത്തിന്റെ ആവശ്യം പരിശോധിച്ചു വരികയാണെന്നും വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്തായാലും സംസ്ഥാനം അംഗീകരിക്കണമെന്നും കേന്ദ്ര അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.