ചെന്നൈ: അണ്ണാ ഡിഎംകെയില്‍ ആകെ നടക്കുന്നത് നേതാവ് ജയലളിതയുടെ ഫോട്ടോ കൈയില്‍ കൊണ്ടുനടക്കുകയെന്ന പരിപാടി മാത്രമാണെന്നു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നേതാവ് പഴ കറുപ്പയ്യ.
സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള പ്രസംഗമാണ് പഴ കറുപ്പയ്യ എന്ന എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതിലെത്തിച്ചത്. ഇന്നലെ അദ്ദേഹം എംഎല്‍എ സ്ഥാനവും രാജിവച്ചു പാര്‍ട്ടിക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി.
ചോ എസ്.രാമസ്വാമിയുടെ തുഗ്ലക് മാസികയുടെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് പഴ കറുപ്പയ്യ ആദ്യം സംസാരിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ ഒരു കണക്ഷന്‍ കിട്ടണമെങ്കില്‍പോലും രാഷ്ട്രീയക്കാര്‍ക്കു കൈക്കൂലി കൊടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ ജനങ്ങളോടു പറയുന്ന അവസ്ഥയാണിപ്പോഴെന്നായിരുന്നു പ്രസ്താവന. താഴേത്തലത്തില്‍ തുടങ്ങി മന്ത്രിതലത്തില്‍ വരെ ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെ നീങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥനായ യു.സഗായത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. കൂടാതെ, റഷ്യന്‍ എംബസ്സിയില്‍ നടന്ന മറ്റൊരു പരിപാടിയില്‍ കമ്യൂണിസത്തെ പ്രകീര്‍ത്തിച്ച് കറുപ്പയ്യ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
തുടര്‍ന്നാണ് പാര്‍ട്ടി നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചെന്ന പേരില്‍ കറുപ്പയ്യയെ പുറത്താക്കുന്നതായി ജയലളിത പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നു വീണ്ടും പാര്‍ട്ടിക്കും ജയലളിതയ്ക്കുമെതിരെയും കറുപ്പയ്യ വിമര്‍ശനമുന്നയിച്ചു. അമ്മയുടെ (ജയലളിത) ചിത്രം പോക്കറ്റില്‍ സൂക്ഷിക്കുകയും അമ്മയെ പ്രശംസിച്ചു പെരുമാറുകയുമാണ് എഐഡിഎംകെയില്‍ നടക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമെന്ന് കറുപ്പയ്യ തുറന്നടിച്ചു.
ചെന്നൈ ഹാര്‍ബറില്‍ നിന്നുള്ള എംഎല്‍എയായ കറുപ്പയ്യ നിരവധി പാര്‍ട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് എഐഡിഎംകെയിലെത്തിയത്. പ്രമുഖ എഴുത്തുകാരനും പ്രാസംഗികനുമാണ് അറുപത്തിയഞ്ചുകാരനായ കറുപ്പയ്യ.