വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിനായി റെയിൽവേക്ക് ചിലവായ തുക പുറത്ത്

ചെന്നൈ: തിരുവനന്തപുരം-കാസർകോഡ്, ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനത്തിനായി 2.6 കോടി രൂപ ചെലവായെന്ന് റെയിൽവേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ട് വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പരിപാടികൾ നടത്താനായി 2,62,60,367 രൂപ ചെലവഴിച്ചു. ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് ഏപ്രിൽ എട്ടിനും തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് ഏപ്രിൽ 25 നുമാണ് മോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. വിവരാവകാശ പ്രവർത്തകൻ അജയ് ബോസ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ദക്ഷിണ റെയിൽവേ മറുപടി നൽകിയത്.

ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്കായി റെയിൽവേക്ക് ആകെ 1,14, 42, 108 രൂപ ചെലവാക്കി. ഇതിൽ 1,05, 03, 624 രൂപ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഇവോക്ക് മീഡിയ എന്ന ഏജൻസിക്കാണ് നൽകിയത്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് പരിപാടിക്ക് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ 1,48,18, 259 രൂപ ചെലവഴിച്ചു. മൈത്രി അഡ്വർടൈസിംഗ് വർക്ക്സ് ലിമിറ്റഡ് എന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായിരുന്നു പരിപാടിക്ക് മേൽനോട്ടം വഹിച്ചത്. ചെന്നൈ-ബെംഗളൂരു-മൈസൂർ വന്ദേഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്യാനുള്ള ചെലവ് ആവശ്യപ്പെട്ട് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് അജയ് ബോസ് പറഞ്ഞു.

റെയിൽവേയ്ക്ക് സ്വന്തമായി പബ്ലിക് റിലേഷൻസ് വകുപ്പുകൾ ഉള്ളപ്പോൾ പുറത്തുനിന്നുള്ള ഏജൻസികളെ നിയമിച്ചെന്നും അജയ് ബോസ് ആരോപിച്ചു.

വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം മാറിയിരുന്നു. കാസര്‍ഗോഡ്-തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ ശരാശരി ഒക്യുപെന്‍സി റിപ്പോർട്ടാണ് പുറത്തുവന്നത്. കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന്റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്.

Top