സ്പുട്‌നിക് വി വാക്‌സിന്‍; കൂടുതല്‍ വിവരങ്ങള്‍ തേടി ഐസിഎംആര്‍ വിദഗ്ദ്ധ സമിതി

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വി വാക്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടി വിദഗ്ദ്ധ സമിതി. ഇത് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കൂ. ഇന്നലെയാണ് ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിനായി കമ്പനി ഐസിഎംആര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതിക്ക് അപേക്ഷ നല്‍കിയത്. സ്പുട്‌നിക്ക് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കളായ ഹൈദാരാബാദിലെ ഡോ.റെഡ്ഢീസ് ആണ് അപേക്ഷ നല്‍കിയത്.

91.6 ശതമാനമാണ് സ്പുട്‌നിക്കിന്റെ ഫല ക്ഷമത. നിലവില്‍ രാജ്യത്ത് നല്‍കി വരുന്ന കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സീനുകളുടെ ഫലക്ഷമതയെക്കാള്‍ കൂടുതലാണിത്.

ഇതിനിടെ, ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊറോണിലിനെതിരെ ഐഎംഎ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി കമ്പനി രംഗത്ത് വന്നു. കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് പതഞ്ജലി അവകാശപ്പെട്ടു. എന്നാല്‍ കൊവിഡ് ചികിത്സയ്ക്കായി ഇത്തരം രീതികള്‍ക്ക് അനുമതി നല്‍കിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Top