മോസ്‌കോ: റഷ്യ കണ്ടെത്തിയ കോവിഡ് വാക്‌സിന് പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മനുഷ്യരില്‍ പ്രയോഗിക്കാനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി വിദഗ്ധര്‍. പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് വാക്‌സിന് പ്രയോഗം മനുഷ്യനിലെ വൈറസിന്റെ ജനിതകമാറ്റത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അങ്ങനെ വന്നാല്‍ പ്രതീക്ഷിച്ച ഫലം വാക്‌സിന് പുറത്തിറക്കുന്നതിലൂടെ ലഭിക്കാതെയാവുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കൊറോണ വൈറസ് ഇടയ്ക്കിടയ്ക്ക് ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. അതിനാല്‍ പൂര്‍ണസംരക്ഷണം തരാന്‍ സാധിക്കാത്ത വാക്‌സിന് ശരീരത്തിലെത്തുമ്പോള്‍ അതില്‍നിന്നും ഒഴിഞ്ഞുമാറാനുളള ശ്രമം വൈറസ് സ്‌ട്രെയിനുകളില്‍ നിന്നുംഉണ്ടാവുന്നു. അതിനാല് വാക്‌സിന് പ്രവര്‍ത്തനത്തില് നിന്നും രക്ഷപ്പെടാന്‍ വൈറസുകള്‍ക്ക് സാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-5 വാക്‌സിന് സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് വാക്‌സിന് നിര്‍മാതാക്കളായ ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും റഷ്യന്‍ പ്രതിരോധമന്ത്രാലയവും അവകാശപ്പെടുന്നു. രണ്ട് മാസത്തെ ക്ലിനിക്കല്‍ പരീക്ഷണം വാക്‌സിന് ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളാണ് നല്‍കുന്നതെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.
അതേസമയം റഷ്യയുടെ പരീക്ഷണഫലങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ഏജന്‍സികളുടെ അനുമതിയോ മേല്‍നോട്ടമോ ഇല്ലാതെ വാക്‌സിന് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുകയോ പ്രയോഗിക്കുകയോ ചെയ്യരുതെന്നാണ് അന്താരാഷ്ട്ര ഗവേഷകരും അഭിപ്രായപ്പെടുന്നത്.