കൊച്ചി : ഗതാഗതത്തിന് തുറന്ന് കൊടുത്ത് മൂന്ന് വര്‍ഷം തികയും മുമ്പെ അറ്റകുറ്റ പണി നടത്തേണ്ടി വന്ന പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. പാലത്തിന്റെ ഗർഡറുകളിലും തൂണുകളിലും വിള്ളലുകളുണ്ടെന്നാണ് പാലം പരിശോധിച്ച ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ.
ഗർഡറുകളിൽ ഗുരുതരമായ വിള്ളലും തൂണുകൾക്ക് ബലക്കുറവുമുണ്ട്. നിര്‍മ്മാണത്തിൽ പാളിച്ചകളുണ്ടായി. പാലത്തിന്‍റെ എക്സ്പാൻഷൻ ജോയിന്‍ററുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ച പാലത്തിന്റെ ബലക്ഷയത്തിന് കാരണമായതായും വിദഗ്ധർ പറയുന്നു.
ഇന്നലെ പാലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനും നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിര്‍മ്മാണത്തിൽ വൻ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തിൽ വിജലൻസ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു. വൻകിട കരാറുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കിറ്റ്കോയ്ക്കായിരുന്നു പാലത്തിന്‍റെ നിര്‍മ്മാണ ചുമതല.