ലണ്ടന്‍: കൊവിഡില്‍ നിന്ന് മുക്തരായവര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധശേഷി നഷ്ടപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍. രോഗമുക്തനായ വ്യക്തിയുടെ ശരീരത്തില്‍ 28 ദിവസം മുതല്‍ 3 മാസം വരെയുള്ള കാലയളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോഡി ശക്തമായ രോഗപ്രതിരോധശേഷി ഉള്ളതായിരിക്കും. എന്നാല്‍ ഈ ആന്റിബോഡി മൂന്ന് മാസത്തില്‍ കൂടുതല്‍ ശരീരത്തിലുണ്ടാകില്ല എന്നാണ് പുതിയ പഠനം പറയുന്നത്.
ലണ്ടനിലെ ‘കിങ്‌സ് കോളേജി’ലെ ഗവേഷകരാണ് പഠനം നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ച 90ലധികം രോഗികളിലെ ആന്റിബോഡികളെയാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ 60 ശതമാനം പേര്‍ അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആഴ്ചകളില്‍ ‘ശക്തമായ’ വൈറല്‍ പ്രതികരണം കാണിച്ചു. എന്നാല്‍ 17 ശതമാനം ആളുകളില്‍ മാത്രമാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും ശക്തമായ ആന്റിബോഡി കാണപ്പെട്ടത്.