നൈറ്റ് കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ കൊവിഡിനെക്കാള്‍ വലിയ വിപത്ത് സൃഷ്ടിച്ചേക്കുമെന്ന് വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ ദിവസം ചെല്ലുംതോറും വര്‍ദ്ധിക്കുമ്പോള്‍ രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണോ എന്ന സംശയം ന്യായമാണ്. എന്നാല്‍ മൂന്നാം തരംഗത്തെ നേരിടാന്‍ നൈറ്റ് കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ എന്നീ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് വിദഗ്ദ്ധര്‍.

അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞതനുസരിച്ച് കൊവിഡില്‍ നിന്ന് ഒരു പൂര്‍ണ മോചനം നേടാന്‍ ലോകത്തിന് കഴിയില്ല. കൊവിഡ് എന്ന മഹാമാരി ഇനിമുതല്‍ ലോകത്ത് ഉണ്ടാകുമെന്നും അതിനനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ മനുഷ്യര്‍ പഠിക്കുകയാണ് വേണ്ടതെന്നും ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞിരുന്നു.

എന്നാല്‍ കൊവിഡിനെ നേരിടുന്നതിന് വേണ്ടി മനുഷ്യരെ വീട്ടിനുള്ളില്‍ അടച്ചു പൂട്ടുന്ന ലോക്ക്ഡൗണുകള്‍ സാമ്ബത്തിക മേഖലയ്ക്ക് കടുത്ത പ്രഹരമായിരിക്കും ഏല്‍പ്പിക്കുകയെന്നും അത് കൊവിഡിനെക്കാളും വലിയ വിപത്തായിരിക്കും ലോകത്ത് സൃഷ്ടിക്കുകയെന്നും ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അതേസമയം നൈറ്റ് കര്‍ഫ്യൂകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിന് പകരം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആന്റിജന്‍ ടെസ്റ്റ് സംവിധാനങ്ങളും നിര്‍ബന്ധമാക്കുകയാണ് അതാത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടതെന്നും ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

Top