കാലാവധി കഴിഞ്ഞ കണ്ണീര്‍വാതക പ്രയോഗം;പൊലീസ് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കര്‍ഷകര്‍

ഡല്‍ഹി: മാര്‍ച്ചിലേക്ക് പൊലീസ് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കര്‍ഷകര്‍. അര്‍ധ രാത്രിയും പുലര്‍ച്ചെയും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. പ്രയോഗിക്കുന്ന കണ്ണീര്‍ വാതകം കാലാവധി കഴിഞ്ഞതാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നുമുള്ള ഗുരുതര ആരോപണവും കര്‍ഷകര്‍ ഉയര്‍ത്തി.

മുള്ളുവേലിയും കോണ്‍ക്രീറ്റ് സ്ളാബും പല തട്ടായി വെച്ചാണ് പൊലീസ് കര്‍ഷക മാര്‍ച്ചിനെ നേരിടുന്നത്. കര്‍ഷകര്‍ ഇന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ചായി നീങ്ങാന്‍ ശ്രമിക്കും. എന്നാല്‍ കനത്ത പൊലീസ് സുരക്ഷ മറികടന്ന് യാത്ര മുന്നോട്ട് നീങ്ങുക അത്ര എളുപ്പമാകില്ല. ഇന്നും സംഘര്‍ഷങ്ങള്‍ക്ക് തന്നെയാണ് സാധ്യത.നല്‍കിയ വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. സമരങ്ങള്‍ അടിച്ചമര്‍ത്തുകയല്ല, പരിഹരിക്കുകയാണ് വേണ്ടതെന്നും ബാദല്‍ വിമര്‍ശിച്ചു. അതിനിടെ ഹരിയാനയെ പഞ്ചാബ് പ്രതിഷേധം അറിയിച്ചു. ഡ്രോണ്‍ മാര്‍ഗം കണ്ണീര്‍വാതകം പ്രയോഗിക്കരുതെന്ന നിര്‍ദേശം നല്‍കി. പഞ്ചാബ് പൊലീസാണ് ഇക്കാര്യം ഹരിയാനയെ അറിയിച്ചത്.

കൂടുതല്‍ കര്‍ഷകര്‍ ഇന്ന് പഞ്ചാബ്-ഹരിയാ അതിര്‍ത്തിയിലേക്ക് എത്തുന്നതോടെ സമരം ശക്തമാവും. ട്രാക്ടറുമായി കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. മോദി സര്‍ക്കാര്‍ കര്‍ഷകരെ നേരിടുന്ന രീതി നാണം കെടുത്തുന്നതാണെന്ന് കര്‍ഷക നേതാവ് സര്‍വ്വന്‍ സിംഗ് പാന്തര്‍ പ്രതികരിച്ചു.ഇതൊന്നും പുതിയ ആവശ്യങ്ങള്‍ അല്ല. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളാണ്. പല തവണ സര്‍ക്കാരിനെ ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ലെന്ന് യൂണിയന്‍ നേതാവ് ജഗ്ജിത് സിംഗ് വിശദീകരിച്ചു.

Top