കാബുള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ട്യൂഷൻ സെന്ററിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്-ഇ-ബർചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്ന് കാബൂള്‍ പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മരിച്ചവരിൽ കൂടുതലും പെൺകുട്ടികളാണ്.
സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. താലിബാന്റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഹസാര ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള്‍ ഏറിയിരുന്നു. മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇരകളിൽ കൂടുതലും പെൺകുട്ടികളാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ മുറിയിൽ 600 ഓളം പേർ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാർത്ഥി എഎഫ്‌പിയോട് പറഞ്ഞു.
കാജ് ട്യൂഷൻ സെന്റർ ഒരു സ്വകാര്യ കോളേജാണ്. ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് പറഞ്ഞാണ് താലിബാന്‍ അധികാരത്തിലേറിയതെങ്കിലും പിന്നീട് ഈ നയത്തില്‍ നിന്നും താലിബാന്‍ പിന്മാറിയിരുന്നു. എങ്കിലും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകളിലും സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല. സ്ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റതായി താലിബാന്റെ കാബൂൾ പൊലീസ് വക്താവ് അറിയിച്ചു.