ഈസ്താംബുള്‍: തുര്‍ക്കിയില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബസിനെ ലക്ഷ്യമിട്ട് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു. ഏഴു പൊലീസുകാരും നാലു സാധാരണക്കാരുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
ഈസ്താംബുള്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം വിനോദസഞ്ചാരികള്‍ കൂടുതലായി എത്താറുള്ള ബേസിത് സ്‌ക്വയറില്‍ ഇന്നു രാവിലെ ആയിരുന്നു സ്‌ഫോടനം നടന്നത്. പൊലീസിന്റെ ബസ് കടന്നു പോകുമ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അയല്‍രാജ്യമായ സിറിയയിലെ കുര്‍ദിഷ് വിമതരും പൊലീസും തമ്മില്‍ തുര്‍ക്കിയില്‍ അടുത്തിടെ സംഘര്‍ഷമുണ്ടായിരുന്നു. കുര്‍ദ്ദ് വിമതരുമായുണ്ടായ സംഘര്‍ഷത്തില്‍ ഏതാണ്ട് 500 തുര്‍ക്കി സൈനികര്‍ മരിച്ചെന്നാണ് കണക്ക്.