ജക്കാര്‍ത്ത: ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു ഭീകരര്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. നാലു ഭീകരരെ ജീവനോടെ പിടികൂടിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
നഗരത്തിലെ തംറീന്‍ സ്ട്രീറ്റിലെ നാല് സ്ഥലങ്ങളിലായി ആറ് സ്‌ഫോടനങ്ങളാണ് നടന്നത്. അഞ്ച് പൊലിസുകാരും അഞ്ച് അക്രമികളും ഏഴ് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 50 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ള സ്ഥലത്താണ് ആറ് സ്‌ഫോടനങ്ങളും നടന്നത്. ഷോപ്പിങ് കോംപ്ലക്‌സിനു മുന്നിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്.
പ്രസിഡന്റിന്റെ കൊട്ടാരവും യു.എന്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. യു.എന്നില്‍ ജോലി ചെയ്യുന്ന ഡച്ച് പൗരന് അക്രമത്തില്‍ പരിക്കേറ്റു.
മോട്ടോര്‍ ബൈക്കിലെത്തിയ ആറ് ആയുധധാരികള്‍ പോലീസ് ഔട്ട് പോസ്റ്റ് ഗ്രനേഡ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയും പൊലിസിനു നേരെ വെടിവെപ്പ് നടത്തുകയും ചെയ്തു. ക്ലോസ് റേഞ്ചിലാണ് അക്രമി ഒരു പൊലിസുകാരനെ വെടിവെച്ചത്. പിന്നീട് ജനങ്ങള്‍ക്ക് നേരെയും ഇവര്‍ വെടിയുതിര്‍ത്തു. ഏറെനേരം നീണ്ട ഏറ്റുമുട്ടലില്‍ പൊലിസ് ഇവരെ കീഴ്‌പ്പെടുത്തി. നഗരത്തിന്റെ നിയന്ത്രണം ഇപ്പോള്‍ പൊലിസ് ഏറ്റെടുത്തു.
ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധനകള്‍ തുടങ്ങി. അക്രമികളുടെ എണ്ണത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പൊലിസിനെ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
10 മില്യന്‍ പേര്‍ വസിക്കുന്ന നഗരത്തെ ആക്രമണം ഭീതിയിലാഴ്ത്തി. ജക്കാര്‍ത്തക്ക് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് കഴിഞ്ഞ മാസം ഭീഷണി സന്ദേശം വന്നിരുന്നു. 150,000 സുരക്ഷാ സൈനികരെ ചര്‍ച്ചുകള്‍, എയര്‍പോര്‍ട്ടുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലായി വിന്യസിച്ചു. വിവിധയിടങ്ങളില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്തി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ജീവിക്കുന്ന രാഷ്ട്രമായ ഇന്തോനേഷ്യ ഇതിനു മുമ്പും ഭീകരാക്രമണത്തിനിരയായിട്ടുണ്ട്. 2009ല്‍ രണ്ട് ഹോട്ടലുകളില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.