ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ കയറ്റുമതി 19.21 ശതമാനം വര്‍ധിച്ച് 27.84 ബില്യണ്‍ യു എസ് ഡോളറിലെത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കയറ്റുമതി റെക്കോഡ് നേട്ടം കൈവരിച്ചെന്ന് വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററില്‍ അറിയിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 17.43 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റിലെ വ്യാപാര ഇറക്കുമതി ചെലവിലും വര്‍ധനവ് രേഖപ്പെടുത്തി. വ്യാപാര ഇറക്കുമതി 25.41 ശതമാനം വര്‍ധിച്ച് 45.24 ബില്യണ്‍ യു എസ് ഡോളറിലെത്തി.
അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയാണ് ഇതിനു കാരണം. ഓഗസ്റ്റ് മാസത്തിലെ വ്യാപാര കമ്മി 17.4 ബില്യണ്‍ യു എസ് ഡോളറിലെത്തിയിരുന്നു. ജൂലൈയില്‍ വ്യാപാര കമ്മി അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 18.02 ബില്യണ്‍ യു എസ് ഡോളറിലെത്തിയിരുന്നു.