മണിമാളികയില്‍ വാണ മനാഫ് കൊലക്കേസ് പ്രതി കീഴടങ്ങിയത് പൊലീസ് തിരക്കഥയില്‍ !

മലപ്പുറം: മൂന്നു കോടിയുടെ മണിമാളികയില്‍ നാട്ടുരാജാവായി വാണിട്ടും മനാഫ് വധക്കേസ് പ്രതി കബീറിനെ 23 വര്‍ഷമായി പൊലീസുമാത്രം കണ്ടില്ല. പത്രങ്ങളില്‍ പടം വരാതിരിക്കാന്‍ കോടതിയില്‍ കീഴടങ്ങല്‍ നാടകത്തിന്റെ തിരക്കഥയൊരുക്കിയതും പൊലീസ് തന്നെ. പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫിന്റെ ഘാതകന് പൊലീസ് സംവിധാനം സംരക്ഷണമൊരുക്കുന്നത് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് നാട്ടുകാര്‍.

മനാഫ് വധക്കേസില്‍ പ്രതിയായിരുന്ന പി.വി അന്‍വര്‍ കഴിഞ്ഞ 30ന് നിയമസഭയില്‍ വിവാദപ്രസംഗം നടത്തുമ്പോഴാണ് കൂട്ടുപ്രതികളായ എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ മജിസ്ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കബീറിന്റെയും മുനീബിന്റെയും പടങ്ങല്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ പൊലീസ് സഹായത്തോടെയായിരുന്നു കീഴടങ്ങല്‍ നാടകമെന്നു വ്യക്തമാക്കുന്ന സൂചനകളാണ് എക്‌സ്പ്രസ് കേരള നടത്തിയ അന്വേഷണത്തില്‍ ചുരുളഴിയുന്നത്.

സംഭവം നടന്ന് 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ഇക്കഴിഞ്ഞ മെയ് 30ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈസമയം വാഴക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ എളമരം മപ്രത്തെ മൂന്നു കോടിയുടെ മണിമാളികയില്‍ സസുഖം വാഴുകയായിരുന്നു കബീര്‍. മുനീബാവട്ടെ പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായും ജോലി നോക്കി.

പ്രതികളെക്കുറിച്ച് കോടതി പൊലീസ് റിപ്പോര്‍ട്ട് തേടിയപ്പോള്‍ ഇവരുടെ വീടുകളില്‍ ചെന്ന് അന്വേഷിച്ചെന്നും മുനീബ് നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് താമസിക്കുകയാണെന്നും ഒളിവില്‍ പോയെന്നും കബീറും അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ ഗള്‍ഫിലാണെന്നുമായിരുന്നു മലപ്പുറം ജില്ലാ പൊലീസ് ചീഫ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്നു മാസത്തിനകം ഇവരെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മലപ്പുറം ജില്ലാ പൊലീസ് ചീഫിനോട് ഉത്തരവിട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ്, എളമരം മപ്രത്ത് കബീര്‍ താമസിക്കുന്നതായുള്ള വിവരം എടവണ്ണ പൊലീസിനു നല്‍കിയെങ്കിലും അനങ്ങിയില്ല. പ്രതിയ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് വാഴക്കാട് പൊലീസിനു കൈമാറിയെന്നായിരുന്ന മറുപടി. വാഴക്കാട് പൊലീസും ഒരു നടപടിയും സ്വീകരിച്ചില്ല.

കബീര്‍ ഒളിവില്‍പോയിട്ടേ ഇല്ലെന്നാണ് ഇവിടുത്തെ നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇടക്കിടക്ക് ഗള്‍ഫില്‍പോയിവരുന്ന കബീര്‍ കഴിഞ്ഞ മൂന്നു മാസമായി നാട്ടില്‍ തന്നെയുണ്ടെന്ന് അവര്‍ ആണയിടുന്നുപ്രദേശത്തെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇയാളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ്. അറസ്റ്റു ചെയ്യേണ്ട എസ്.ഐയും പതിവുകാരന്‍. മപ്രത്ത് ഏതാണ്ട് ഒരേക്കര്‍ സ്ഥലത്ത് നീന്തല്‍ക്കുളമടക്കമുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള മൂന്നു കോടി രൂപ വിലമതിക്കുന്ന മണിമാളികയാണ് കബീര്‍ പണിതുയര്‍ത്തിയത്. സമീപത്തെ കുന്നില്‍ രണ്ടു വേനല്‍ക്കാല വസതികള്‍ വേറെയും.

പല സ്ഥലങ്ങളായി കോടികള്‍ വിലമതിക്കുന്ന ഭൂസ്വത്തുക്കളും. 23 വര്‍ഷം മുമ്പ് 1995 ഏപ്രില്‍ 13ന് മനാഫിനെ കൊലപ്പെടുത്തുമ്പോള്‍ കൊലയാളി സംഘത്തിലുണ്ടായിരുന്ന കബീറിന് കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. ജീപ്പ് ക്ലീനറും ഡ്രൈവറുമായി പോയിരുന്ന കബീര്‍ അന്ന് മുങ്ങുകയായിരുന്നു. പിന്നീട് നാട്ടിലെത്തുന്നത് കോടീശ്വരനായാണ്. പൊലീസുകാരുടെ ഉറ്റമിത്രം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ സല്‍ക്കാരം, നാട്ടുകാര്‍ക്ക് കൈയ്യയച്ച് സഹായവും സംഭാവനകളും.

മനാഫ് വധക്കേസിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരോടൊല്ലാം ഒന്നാം സാക്ഷി കൂറുമാറിയതോടെ പി.വി അന്‍വറിനൊപ്പം വെറുതെവിട്ടവരില്‍ താനുമുണ്ടെന്നു വിശ്വസിപ്പിച്ചു. എന്നാല്‍ അറസ്റ്റു ചെയ്യാത്ത കൊലപാതകക്കേസ് പ്രതിയാണെന്ന സത്യമറിയുന്ന പൊലീസുകാര്‍ നോട്ടുകെട്ടിനു മുന്നില്‍ കണ്ണടച്ചു. കബീര്‍ വീട്ടിലുണ്ടെന്ന് എളമരത്തെ സി.പി.എം പ്രവര്‍ത്തകര്‍ പലതവണ അറിയിച്ചിട്ടും പണത്തിനു മുന്നില്‍ കൂറുകാട്ടിയ പൊലീസുകാര്‍ അനങ്ങിയില്ല. ഇനി പ്രോസിക്യൂഷനുമായി ഒത്തുകളിച്ച് കബീറിനെ രക്ഷിച്ചെടുക്കാനുള്ള അണിയറ നാടകമാണ് അരങ്ങേറുന്നത്.

റിപ്പോര്‍ട്ട്: എം വിനോദ്

Top