സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ ശക്തമായ പങ്കാളിയായി ഇപ്പോഴും മുസ്ലീംലീഗ്

ല്ല കാര്യം ആര് ചെയ്താലും അതിനെ നാം അഭിനന്ദിക്കേണ്ടതുണ്ട്. അതിന് കൊടിയുടെ നിറമൊന്നും നോക്കേണ്ടതില്ല. മുസ്ലീം ലീഗും അതിന്റെ പോഷക സംഘടനകളും ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.

കോവിഡ് ഭീഷണിയില്‍ സഹായ ഹസ്തവുമായി ആദ്യം രംഗത്തിറങ്ങിയത് ഡി.വൈ.എഫ്.ഐയാണ്. ചില യുവ എം.എല്‍.എമാര്‍ വീട്ടില്‍ മീന്‍ പൊരിച്ചും, കളിച്ചും രസിക്കുമ്പോഴായിരുന്നു സാഖാക്കളുടെ ഈ സേവനം.ഇതിനു ശേഷം പിന്നീട് യൂത്ത് കോണ്‍ഗ്രസ്സും സജീവമാകാന്‍ ശ്രമം നടത്തുകയുണ്ടായി.നാടൊന്നാകെ അതിജീവനത്തിന് വേണ്ടി പൊരുതുമ്പോള്‍ ഒരു സംഘടനയ്ക്കും മാറി നില്‍ക്കാന്‍ കഴിയുകയില്ലന്നതാണ് യാഥാര്‍ത്ഥ്യം.

സേവന മേഖലയില്‍ നിരവധി സഹായങ്ങളാണ് സര്‍ക്കാറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ശക്തി പകര്‍ന്നിട്ടുണ്ട്. സഹായിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പങ്കടക്കം പ്രത്യേകം എടുത്ത് പറയാന്‍ മുഖ്യമന്ത്രിയും ശ്രദ്ധിക്കുന്നുണ്ട്. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം പകരുന്ന മാതൃകാപരമായ നടപടിയാണിത്.ഈ ഒത്തൊരുമ കൊണ്ടുകൂടിയാണ് കേരളം ഇന്ന് ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വലിയ സഹായം ഈ ദുരിത കാലത്ത് ചെയ്തിരിക്കുന്നത് മുസ്ലീം ലീഗാണ്.കോവിഡ് ബാധിതരെ പാര്‍പ്പിക്കാന്‍ മലപ്പുറത്തെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നാലു നിലക്കെട്ടിടമാണ് വിട്ട് നല്‍കിയിരിക്കുന്നത്. തിരൂരില്‍ 200 കിടക്കകളുള്ള ശിഹാബ് തങ്ങള്‍ ആശുപത്രിയും സഹകരണ ആശുപത്രി കെട്ടിടവും വിട്ടു നല്‍കി മുസ്ലിം ലീഗും മാതൃകകാട്ടിയിട്ടുണ്ട്.

കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ പാര്‍ട്ടി ഓഫീസ് കോവിഡ് ഐസൊലേഷന്‍ കേന്ദ്രത്തിനായി വിട്ടു നല്‍കിയിട്ടില്ല. മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആസ്ഥാനമായ മലപ്പുറം കോട്ടക്കുന്നിലെ ഭാഷാ സ്മാരക മന്ദിരമാണ് ഇത്തരത്തില്‍ വിട്ടു നല്‍കിയിരിക്കുന്നത്. നാലു നിലകളുള്ള കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, മിനി ഓഡിറ്റോറിയം, റീഡിങ് റൂം, 5000 പുസ്തകങ്ങളുള്ള ലൈബ്രറി, പ്രാര്‍ത്ഥനാ മുറി അടക്കമുള്ള മറ്റ് സൗകര്യങ്ങളുമുണ്ട്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് വിട്ടു നല്‍കുന്നത് സംബന്ധിച്ച രേഖ, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച് ജമീലക്ക് കൈമാറിയിരിക്കുന്നത്.

ഇതിനു സമാനമായി, തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സാന്ത്വനമേകാന്‍ തിരൂരില്‍ അഞ്ചു നിലകളുള്ള 200 കിടക്കകളോടുകൂടിയ ശിഹാബ് തങ്ങള്‍ സ്മാരക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും, തിരൂരിലെ തന്നെ 22 മുറികളുള്ള ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയും വിട്ടു നല്‍കുന്നതായി, ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്.

തിരൂര്‍ എറ്റിരിക്കടവ് പാലത്തിന് സമീപമാണ് ശിഹാബ് തങ്ങള്‍ സ്മാരക മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അഞ്ചു നിലകളിലായി പൂര്‍ണമായും ശീതീകരിച്ച 96 മുറികള്‍ ഇവിടെയുണ്ട്. 200 കിടക്കകളുമുണ്ട്.തിരൂര്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തിന് സമീപമുള്ള 22 മുറികളുള്ള ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി, ആരോഗ്യവകുപ്പിന് ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞു. ആശുപത്രിയുടെ ഒരു വാഹനം തിരൂര്‍ ജില്ലാ ആശുപത്രിക്കും വിട്ടുനല്‍കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സു വഴി, ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളടക്കമുള്ള നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. ഗള്‍ഫില്‍ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങളും മികച്ച ചികിത്സയും ലഭ്യമാക്കാന്‍ കെ.എം.സി.സിയെയും ലീഗ് നേതൃത്വം ചുമതലപ്പെട്ടുത്തിയിട്ടുണ്ട്.

പ്രവാസികള്‍ക്കിടയില്‍ മികച്ച സേവന പ്രവര്‍ത്തനമാണ് കെ.എം.സി.സി നടത്തി വരുന്നത്. ഇന്ത്യന്‍ സ്‌കൂളുകളടക്കമുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുത്ത്, യു.എ.ഇയിലും മറ്റും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, ഇവരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് സര്‍ക്കാരിനെ പോലെ തന്നെ ലീഗ് നേതൃത്വവും നിലവില്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും അവര്‍ കത്തെഴുതിയിട്ടുണ്ട്.

പ്രവാസികള്‍ തിരികെയെത്തുമ്പോള്‍ അവരെ താമസിപ്പിക്കാന്‍ മുസ്ലിം ലീഗുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളും കോളേജുകളും സ്‌കൂളുകളുമടക്കം കൈമാറാനും പാര്‍ട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ദേശീയ ട്രഷററായ പി.വി അബ്ദുല്‍വഹാബ് എം.പി, നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂള്‍ പ്രവാസികളെ താമസിപ്പിക്കാന്‍ വിട്ടുനല്‍കാനുള്ള സന്നദ്ധതയും നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.ലീഗ് അനുകൂല ഇ.കെ സമസ്തയും മത സ്ഥാപനങ്ങള്‍ വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, എ.പി വിഭാഗത്തിന്റെ സ്ഥാപനങ്ങളും വിട്ടുനല്‍കാനുള്ള നിലപാടിലാണ്.

കോവിഡ് 19 മഹാമാരിയായി പടരുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ജാഗ്രതക്കൊപ്പമായിരുന്നു മുസ്ലിം ലീഗും നിലകൊണ്ടിരുന്നത്. ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തിരുന്നത്. രാഷ്ട്രീയത്തോടൊപ്പം സേവനത്തിന്റെ വലിയ പഠംകൂടിയാണ് ലീഗ് നേതൃത്വം ഇപ്പോള്‍ പകര്‍ന്ന് നല്‍കുന്നത്. ശിഹാബ്തങ്ങളുടെ സ്മരണക്കായി ‘ബൈത്തു റഹ്മ’ പദ്ധതിയിലൂടെ ആയിരക്കണക്കിനാളുകള്‍ക്കാണ് ലീഗ് നേതൃത്വം സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

ജാതി, മത ഭേദമില്ലാതെയാണ് ഈ പദ്ധതിയിലൂടെ വീടുകള്‍ നല്‍കിയതെന്നതും ശ്രദ്ധേയമാണ്. സിഎച്ച്. സെന്ററുകള്‍ വഴി വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജുകളിലും ആര്‍.സി.സിയിലും രോഗികള്‍ക്ക് മരുന്നും ഭക്ഷണവും അടക്കമുള്ള സന്നദ്ധ സേവനവും ലീഗ് ഇപ്പോഴും തുടരുന്നുണ്ട്.

കോടിക്കണക്കിന് രൂപയുടെ റിലീഫ് പ്രവര്‍ത്തനമാണ് ഓരോ റമദാന്‍ കാലത്തും ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. തമ്മിലടിയും ആരോപണ പ്രത്യാരോപണങ്ങളും മാത്രമല്ല രാഷ്ട്രീയമെന്ന സന്ദേശമാണ് ഇത് വഴി ലീഗ് നല്‍കുന്നത്.

Express View

Top