അമേരിക്കയെ രക്ഷിക്കുമോ ക്യൂബ ? ചരിത്രദൗത്യം അനിവാര്യമാകുമ്പോൾ

വൈറസ് ഭീതിക്കിടയിലും ലോകം ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്. അത് അമേരിക്കയുടെ ക്യൂബന്‍ നിലപാടിനെയാണ്.

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ ചൈനയെ പോലും മറികടന്നിരിക്കുകയാണിപ്പോള്‍ അമേരിക്ക.

മരണമാകട്ടെ രണ്ടായിരം കവിയുകയും ചെയ്തിട്ടുണ്ട്. പിടി വിട്ടാല്‍ ശവപ്പറമ്പാക്കുന്ന അവസ്ഥയിലാണ് അമേരിക്കയിലെ ഇപ്പോഴത്തെ കാര്യങ്ങള്‍.

ഈ സാഹചര്യത്തില്‍ ശത്രുത മറന്ന് ചൈനയുടെ സഹായം പോലും അമേരിക്ക തേടി കഴിഞ്ഞു.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ച വിവരം ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

വൈറസ് ബാധ സംബന്ധിച്ച് ചൈന നേടിയ അറിവാണ് അമേരിക്ക തേടിയിരിക്കുന്നത്.

ചൈനീസ് വൈറസെന്ന് ആക്ഷേപിച്ച ട്രംപിന് സ്വന്തം ജനതയെ രക്ഷിക്കാന്‍, ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ കാലു പിടിക്കേണ്ടി വന്നിരിക്കുകയാണ്.

ഇതേ അവസ്ഥ ക്യൂബയുടെ കാര്യത്തിലും ഉടനെയുണ്ടാകാനാണ് സാധ്യത. കാരണം അമേരിക്കയെ ഏറ്റവും വേഗത്തില്‍ സഹായിക്കാന്‍ കഴിയുന്ന രാജ്യമാണ് കൊച്ചു ക്യൂബ. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുള്ള രാജ്യമാണിത്.

നിരവധി മഹാമാരികളെ അതിജീവിച്ച ചരിത്രമാണ് ഈ ചുവപ്പ് രാജ്യത്തിനുള്ളത്. അത് ലോകം തന്നെ അനുഭവിച്ചറിഞ്ഞതുമാണ്.

ലോകമൊട്ടാകെ കൊറോണ 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ 37 രാജ്യങ്ങള്‍ക്കാണ് മെഡിക്കല്‍ പിന്തുണ നല്‍കാന്‍ ക്യൂബ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 59 രാജ്യങ്ങള്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സഹായത്തിന് പുറമെയാണിത്.

1960ലെ ക്യൂബന്‍ വിപ്ലവത്തിന് ശേഷമാണ് അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുളളവര്‍ക്ക് എത്തിക്കുന്നതില്‍ ക്യൂബ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ചിലിയില്‍ അയ്യാരത്തിലധികം പേര്‍ ഭൂമി കുലുക്കത്തില്‍ കൊല്ലപ്പെട്ടപ്പോഴും, യുദ്ധം വലച്ച അള്‍ജീരിയയിലും ക്യൂബ തങ്ങളുടെ മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു.

ക്യൂബയിലെ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സോവിയറ്റ് യൂണിയന്റെ സഹായത്താലാണ് ക്യൂബ എന്ന ചെറു രാജ്യം വികസിത രാഷ്ട്രങ്ങളോട് കടപിടിക്കുന്ന തരത്തില്‍ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിക്കുന്നത്. അമേരിക്ക ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആവശ്യ മരുന്നുകളുടെ ലഭ്യത ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ക്യൂബയില്‍ നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അതെല്ലാം അവര്‍ മറികടക്കുകയാണുണ്ടായത്.

ക്യൂബയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ക്രൈസിസ് റെസ്പോണ്‍സ് സിസ്റ്റം അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാരുടെ സേവനം വിഭാവനം ചെയ്യുന്നതാണ്. ക്യൂബയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത് താനൊരു പൊതു സേവകനാണ് എന്ന തിരിച്ചറിവോട് കൂടെയാണെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളാണ് വിദ്യാര്‍ത്ഥികളെ ഇതിനു പ്രാപ്തമാക്കുന്നത്.ആരോഗ്യ പരിരക്ഷ എന്നത് ലോകത്തെ ഓരോ വ്യക്തിയുടെയും അവകാശമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ക്യൂബന്‍ ആരോഗ്യ മേഖല പ്രവര്‍ത്തിക്കുന്നത്.

മരണത്തെ ഭയമില്ലാത്ത വിപ്ലവകാരികളായ ആരോഗ്യ പ്രവര്‍ത്തകരാണ് ക്യൂബയുടെ കരുത്ത്.ചെഗുവേരയുടെ സ്വപ്നമാണ് ഫിഡല്‍ കാസ്ട്രോ രാജ്യത്ത് നടപ്പാക്കിയിരുന്നത്. കാസ്ട്രോയുടെ മരണത്തിന് ശേഷവും അദ്ദേഹം തെളിച്ച പാതയിലൂടെയാണ് ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തകരിപ്പോള്‍ മുന്നോട്ട് പോകുന്നത്. ഇറ്റലിയിലെ മരണമുഖത്ത് വിമാനമിറങ്ങിയപ്പോഴും ക്യൂബന്‍ സംഘത്തിന്റെ കയ്യില്‍ കാസ്ട്രോയുടെ ചിത്രമുണ്ടായിരുന്നു. ഇനി അമേരിക്കയില്‍ ഇറങ്ങേണ്ടി വന്നാലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാകില്ല. നശിപ്പിക്കാന്‍ ശ്രമിച്ച രാജ്യത്തിന് അതിജീവനത്തിന് കരുത്ത് പകരുക എന്ന ചരിത്രപരമായ ദൗത്യം ക്യൂബ ഏറ്റെടുത്താല്‍ അതാകും ഏറ്റവും വലിയ ചരിത്രം.

അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടണും ഇറ്റലിയും ശത്രുത മറന്നാണിപ്പോള്‍ ക്യൂബയുടെ സഹായം തേടിയിരിക്കുന്നത്.

സമ്പന്ന രാജ്യമായത് കൊണ്ടു കാര്യമില്ല, മിടുക്കരായ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി വേണമെന്ന് ഈ രാജ്യങ്ങള്‍’ തിരിച്ചറിഞ്ഞതും ഈ കൊറോണക്കാലത്താണ്.

നൂറ് കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെയാണ് ക്യൂബ ഇറ്റലിയിലേക്ക് അയച്ചിരിക്കുന്നത്. ചൈനയിലെ ദൗത്യം പൂര്‍ത്തീകരിച്ചവരും ഇറ്റലിയിലേക്ക് തിരിച്ചിട്ടുണ്ട്. നടുകടലില്‍പ്പെട്ട ബ്രിട്ടീഷ് കപ്പലിലെ നൂറ് കണക്കിന് കൊറോണ ബാധിതരെ രക്ഷിച്ച് സുരക്ഷിത സ്ഥലതെത്തിച്ചതും ക്യൂബയാണ്. സൗഹൃദ രാജ്യങ്ങള്‍ കൈമലര്‍ത്തിയടത്താണ് ശത്രുരാജ്യം ബ്രിട്ടന് കൈ കൊടുത്തിരിക്കുന്നത്.

ഇതെല്ലാം വീക്ഷിക്കുന്ന, അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നതും ഈ ഘട്ടത്തില്‍ ക്യൂബയുടെ സഹായമാണ്. അതിന് ട്രംപ് ഭരണകൂടം ഉടന്‍ തയ്യാറാകേണ്ടി വരുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക ആവശ്യപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിട്ട് നല്‍കാന്‍ ക്യൂബ തയ്യാറാകും.

ഭൂമി ശാസ്ത്രപരമായി അമേരിക്കയുടെ മൂക്കിന്റെ തുമ്പിലാണ് ക്യൂബയെന്ന കൊച്ചു രാജ്യമുള്ളത്. അമേരിക്ക ഒന്നു തുമ്മിയാല്‍ തെറിക്കുമെന്ന് മുന്‍പ് പല അമേരിക്കന്‍ ഭരണാധികാരികളും ഭീഷണി മുഴക്കിയിട്ടുമുണ്ട്. അതിനായി പക്ഷേ, അവര്‍ നടത്തിയ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

ലോകത്ത് തന്നെ ഏറ്റവും അധികം വധശ്രമത്തിന് ഇരയായ രാഷ്ട്ര തലവന്‍ ക്യൂബന്‍ ഇതിഹാസ നായകന്‍ ഫിഡല്‍ കാസ്ട്രോയാണ്.

അമേരിക്കന്‍ ചാരസംഘടന മുന്‍കൈ എടുത്ത് നടത്തിയ എല്ലാ വധശ്രമങ്ങളെയും അതിജീവിക്കാന്‍ കാസ്ട്രോക്കു കഴിഞ്ഞിട്ടുണ്ട്.

കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ലന്ന്, അമേരിക്കന്‍ ഭരണകൂടത്തിന്റെ മുഖത്ത് നോക്കി പറഞ്ഞതും ഈ വിപ്ലവകാരിയാണ്.

ക്യൂബയെ ആക്രമിച്ചാല്‍ ഒരു പിടി ചുവപ്പ് മണ്ണ് മാത്രമേ ലഭിക്കുകയൊള്ളൂ എന്ന സന്ദേശമാണ് കാസ്ട്രോ അമേരിക്കയ്ക്ക് നല്‍കിയിരുന്നത്.

സാമ്രാജ്യത്വത്തിനെതിരെ അവസാന ശ്വാസം വരെ പൊരുതിയ, ചെഗുവേരയുടെ സഹപ്രവര്‍ത്തകന് അങ്ങനെതന്നെയേ, പറയാന്‍ കഴിയുമായിരുന്നൊള്ളൂ.

കമ്യൂണിസ്റ്റ് വിയറ്റ്നാമിലെ പൊള്ളുന്ന അനുഭവം ഓര്‍മ്മയുള്ളത് കൊണ്ട് ആക്രമണത്തിന് പകരം ഉപരോധം എന്ന തന്ത്രമാണ് പിന്നീട് അമേരിക്ക പുറത്തെടുത്തിരുന്നത്.

സാമ്പത്തികമായി തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം.എന്നാല്‍ ഫിഡല്‍ കാസ്ട്രോയുടെ ക്യൂബ ഈ പ്രതിസന്ധികളേയും അതിജീവിച്ചാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ഒടുവിലിപ്പോള്‍ ആ ചരിത്രപരമായ ദൗത്യത്തിനും സമയമായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തെയും കൊടിയ ശത്രു ഇപ്പോള്‍ ഭയന്നിരിക്കുകയാണ്. പകയുടെ അതിര്‍വരമ്പ് എവിടെയാണെന്ന് അവര്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതു കൊണ്ടാണ് കമ്യൂണിസ്റ്റ് ചൈനയുടെ സഹായം അമേരിക്ക തേടിയിരിക്കുന്നത്. അടുത്ത ഊഴം ഇനി ക്യൂബ ക്കാവും. ഈ കൊച്ചു ദ്വീപില്‍ നിന്നും സേവനത്തിനായി പറക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും റെഡിയാണ്. അവര്‍ കാത്തിരിക്കുന്നതും ആ ഒരു വിളിക്കായാണ്. മാനവരാശിയുടെ അതിജീവനത്തിനായി എല്ലാം മറക്കാന്‍ തയ്യാറാണെന്നതാണ് ക്യൂബന്‍ ഭരണകൂടത്തിന്റെയും നിലപാട്. മനുഷ്യത്വപരമായ നിലപാടാണിത്. ഇവിടെയാണ് കമ്മ്യൂണിസ്റ്റുകള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാകുന്നത്.

Political Reporter

Top