ലോക മാതൃകയായി കൊച്ചു കേരളം ! കാത്തിരിക്കുന്നത് വൻ അവസരങ്ങൾ

ദുരിതമായ ഈ കൊറോണക്കാലം കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവും ഡിമാന്റുള്ളവരായി മാറാന്‍ പോകുന്നത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കാണ് വരും കാലങ്ങളില്‍ ഡിമാന്റ് കൂടുക.

ലോകത്തെ സകല രാജ്യങ്ങളും ആരോഗ്യമേഖലയിലെ പൊളിച്ചെഴുത്തിലേക്കാണ് ഇനി പോകാന്‍ പോകുന്നത്.

ആരോഗ്യ മേഖലയില്‍ കേരള, ക്യൂബന്‍ മാതൃകകള്‍ പിന്തുടരണമെന്ന നിലപാടിനാണ് ഇപ്പോള്‍ പ്രാമുഖ്യമുള്ളത്. ഈ മാതൃക നടപ്പാക്കണമെന്ന ആവശ്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ശക്തമാണ്.

കൊറോണ ബാധിച്ച പ്രായമായവരെ മരണത്തിന് വിട്ടുകൊടുത്ത്, പുതിയ തലമുറയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് സമ്പന്ന രാജ്യങ്ങള്‍ പോലും മുന്‍ഗണന നല്‍കിയിരിക്കുന്നത്.

പ്രായമായവരെ രക്ഷിക്കുക പ്രയാസമാണെന്ന ബോധമാണ് ഈ ‘പാപ’ത്തിന് അവരെ പ്രേരിപ്പിച്ചിരിക്കുന്നത്.


പ്രായമായവരുടെ മുഖത്തെ ഓക്‌സിജന്‍ മാസ്‌ക്ക് എടുത്ത് മാറ്റി, പ്രായം കുറഞ്ഞ രോഗികള്‍ക്കു വയ്‌ക്കേണ്ടി വന്ന അവസ്ഥ, പല മലയാളി നഴ്സുമാരും ഇതിനകം തന്നെ പങ്കുവച്ചിട്ടുണ്ട്.

മാസ്‌ക്ക് എടുത്ത് മാറ്റുമ്പോള്‍ പ്രായമായ കണ്ണുകളിലെ ദയനീയ നോട്ടം കരളലയിപ്പിക്കുന്നതായിരുന്നു എന്നതാണ് വേദനയോടെയുള്ള ഇവരുടെ സാക്ഷ്യപ്പെടുത്തലുകള്‍. വികസിത രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ കെട്ടുറപ്പാണ് കോവിഡ് വ്യാപനത്തോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. കൊലയാളി വൈറസിനു മുന്നില്‍ ലോക ശക്തികളായ അമേരിക്കയും ഇറ്റലിയും ബ്രിട്ടണുമെല്ലാം പകച്ചു നില്‍ക്കുകയാണ്.

നിമിഷം തോറും മരിച്ചു വീഴുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ രാജ്യങ്ങലിലെ ശ്മശാനങ്ങളെല്ലാം.

റോഡരികിലിട്ട് മൃതദേഹങ്ങള്‍ കത്തിക്കുന്ന അവസ്ഥ, സമ്പന്ന രാജ്യങ്ങളില്‍ വരെ ഉണ്ടായി എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ഇവിടെയാണ് കേരളം വ്യത്യസ്തമാകുന്നത് പ്രായമായവരെ മരണത്തിന് കൊടുക്കുകയല്ല, അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് കേരളം ചെയ്തിരിക്കുന്നത്.

റാന്നിയിലെ 93 കാരനായ തോമസ് എബ്രഹാമും 88 കാരിയായ മറിയാമ്മ തോമസും ഇന്ന് ലോക അത്ഭുതങ്ങളാണ്.

കോവിഡ് ബാധിച്ച ഇരുവരും മരണത്തിന്റെ മുഖത്ത് ചവിട്ടിയാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.ഇതിന് കാരണമായത് കേരളത്തിലെ ആരോഗ്യരംഗത്തെ മികവ് തന്നെയാണ്.

കോവിഡിനോട് പൊരുതി ജയിച്ച ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ പ്രായമേറിയവരും ഇവര്‍ തന്നെയായിരിക്കും.

26 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇരുവരും രോഗമുക്തരായി കോട്ടയം മെഡിക്കല്‍ കോളജിനോട് വിട പറഞ്ഞിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും വൈറസ് വാഹകരായി എത്തിയ ഇവരുടെ മൂന്ന് കുടുംബാംഗങ്ങളെയും കേരളം തന്നെയാണ് ചികിത്സിച്ച് ഭേദമാക്കിയിരിക്കുന്നത്.

അതീവ റിസ്‌ക്ക് വിഭാഗത്തില്‍ നിന്നുമാണ് വൃദ്ധ ദമ്പതികള്‍ ജീവിതത്തിലേക്ക് തിരിച്ചു പോയിരിക്കുന്നത്.

ഈ പാഠമാണിപ്പോള്‍ ലോകം പഠിക്കുന്നത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട മരണങ്ങളെ ലോകാരോഗ്യ സംഘടനപോലും ഗൗരവമായി കാണുന്നില്ല.പ്രായമായ ഇവരില്‍ മറ്റ് ചില അസുഖങ്ങള്‍ ഉണ്ടായതാണ് മരണത്തിന് കാരണമായതെന്നാണ് പൊതു വിലയിരുത്തല്‍.

ഇറ്റലിയില്‍ നിന്ന് വന്നവരുടെ കാര്യത്തില്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിച്ച് ഐസൊലേഷനിലാക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.

ബ്രിട്ടീഷ് പൗരന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. പറന്നുയര്‍ന്ന വിമാനത്തെ തിരിച്ചിറക്കിച്ചാണ് ഈ കോവിഡ് ബാധിതനെ ചികിത്സിച്ച് ഭേദമാക്കിയിരുന്നത്.

റാന്നിയിലെ വൃദ്ധ ദമ്പതികളെ ചികിത്സിച്ചതോടെ, കോവിഡ് ബാധയേറ്റ, നഴ്‌സും രോഗം ഭേദമായി ഇപ്പോള്‍ ആശുപത്രി വിട്ടിട്ടുണ്ട്.ഇവരടക്കം 14 പേരാണ് കൊലയാളി വൈറസിനെ തുരത്തിയിരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ളത് 250ലധികം പേരാണ്.

ഇതില്‍ ബഹുഭൂരിപക്ഷം പേരും വിദേശത്ത് നിന്നും വന്നവരാണ്. ഏഴു പേരാകാട്ടെ വിദേശികളുമാണ്. ഒന്നര ലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗം പടരാതിരിക്കാന്‍ നിതാന്ത ജാഗ്രതയാണ് കേരളം നിലവില്‍ തുടരുന്നത്.പുതുതായി റാപ്പിഡ് ടെസ്റ്റുകൂടി ഏര്‍പ്പെടുത്തിയതോടെ രോഗബാധിതരെ കണ്ടെത്താന്‍ ഇനി എളുപ്പത്തില്‍ കഴിയുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക പരാജയപ്പെട്ടിടത്താണ് കോവിഡിനെ കേരളം പിടിച്ചുകെട്ടിയിരിക്കുന്നത്. ഈ മാതൃക വൈകിയെങ്കിലും പിന്തുടര്‍ന്നതിനാലാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഒരു പരിധി വരെ വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നത്.

കേരളത്തില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങളും നിലവില്‍ നല്‍കി വരുന്നത്.

ഇതു തന്നെയാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഡിമാന്റും വര്‍ധിപ്പിച്ചിരിക്കുന്നത്.

ആരോഗ്യ മേഖലക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന പുതിയ പരിഷ്‌ക്കാരമാണ് ഇനി ലോകവ്യാപകമായി നടക്കാന്‍ പോകുന്നത്. കൊറോണക്കാലം കഴിഞ്ഞാല്‍ ‘ആരോഗ്യക്കാല’ത്തിനാകും തുടക്കമാകുക.

ചികിത്സാ മേഖലയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടു കഴിഞ്ഞു.

വലിയ തൊഴിലവസരങ്ങളാണ് ഇതു വഴി സൃഷ്ടിക്കപ്പെടുക. മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലോകരാജ്യങ്ങളുടെ വാതിലുകളാണ് തുറക്കപ്പെടുവാന്‍ പോകുന്നത്.

ഇവിടെയാണ് മലയാളികള്‍ക്ക് ഏറെ പരിഗണന ലഭിക്കുക.

മറ്റു തൊഴില്‍ മേഖലകളില്‍ നിന്ന് മലയാളികളെ പിരിച്ചുവിടുന്ന രാജ്യങ്ങള്‍ പോലും മലയാളി ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്ന കാലമാണ് വരാന്‍ പോകുന്നത്.

മരണമുഖത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ടായിരുന്നിട്ടും അതിന് തയ്യാറാകാതെ ദുരന്തമുഖത്ത് സജീവമായ നിരവധി മലയാളി നഴ്‌സുമാരാണ് വിദേശത്തുള്ളത്.

സ്വന്തം നാട്ടുകാര്‍ കാണിക്കാത്ത കരുണ, മലയാളി നഴ്‌സുമാര്‍ കാണിക്കുന്നത് കണ്ട് രോഗികളുടെ കണ്ണു നിറഞ്ഞു പോയ അനവധി സന്ദര്‍ഭങ്ങളാണ് ഈ കൊറോണക്കാലത്ത് ഉണ്ടായിരുന്നത്. ഇറ്റലിയിലും ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം ഇത് പ്രകടവുമായിരുന്നു.

ഈ സംഭവങ്ങളെല്ലാം കൊറോണയ്‌ക്കെതിരെ പൊരുതുന്ന സമ്പന്ന രാജ്യങ്ങളുടെ സമീപനത്തിലാണ് ഇനി മാറ്റം വരുത്താന്‍ പോകുന്നത്. മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇവിടെ പ്രഥമ പരിഗണന ലഭിക്കുക.

മരണം വിളയാടുമ്പോള്‍ മരണമുഖത്ത് കുതിച്ചെത്തിയ ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ലോകത്തിന് ഇനി മറക്കാന്‍ കഴിയുകയില്ല.

ക്യൂബയോടുള്ള സമീപനം തന്നെ മാറ്റുമെന്ന സൂചനകളാണ് ഇറ്റലിയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്നത്. ക്യൂബയുടെ കടുത്ത ശത്രുവായ അമേരിക്കക്ക് പോലും മനം മാറ്റമുണ്ടാകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തെ കൊറോണ ദുരന്തത്തിന്റെ ഹബ്ബായാണ് ആ രാജ്യമിപ്പോള്‍ മാറിയിരിക്കുന്നത്.

Expressview

Top