കൊറോണക്കാലത്തും രാഷ്ട്രീയ ‘പക’ മഹാരാഷ്ട്രയിൽ മുഖ്യൻ ത്രിശങ്കുവിൽ !

ഹാമാരിയുടെ ഈ പുതിയ കാലം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരീക്ഷണ കാലമാണ്. കോവിഡ് ബാധിച്ച ഭൂരിപക്ഷ രാജ്യങ്ങളിലും ഭരിക്കുന്ന പാര്‍ട്ടികളാണ് ഏറെ പ്രതിരോധത്തിലായിരിക്കുന്നത്.രാജ ഭരണവും മറ്റ് ഏകാധിപത്യ ഭരണങ്ങളും ഉള്ള രാജ്യങ്ങളിലൊഴികെ സമീപ ഭാവിയില്‍ ഭരണമാറ്റവും ഉറപ്പാണ്.

വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളും ത്രിശങ്കുവിലാണ്.

കൊലയാളി വൈറസിന്റെ താണ്ഡവം കഴിഞ്ഞാല്‍ പിന്നെ, ജനങ്ങളുടെ താണ്ഡവമാകും ഭരണകൂടങ്ങള്‍ ഇനി നേരിടേണ്ടി വരിക.വൈറസ് പ്രതിരോധത്തില്‍ ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളെല്ലാം വലിയ പരാജയങ്ങളാണ്.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉള്‍പ്പടെ, മാറ്റി വയ്‌ക്കേണ്ട സാഹചര്യവും ഇനി ഉണ്ടായേക്കാം.

2020 അവസാനമാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യം ഡെമോക്രാറ്റിക്കുകളെ തുണക്കാനാണ് സാധ്യത.ട്രംപ് മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന വികാരം അമേരിക്കയിലും ശക്തമാണ്. കോവിഡില്‍ ഏറ്റവും അധികം കെടുതികള്‍ അനുഭവിച്ചതും ഈ രാജ്യമാണ്.

വൈറസ് ബാധയില്‍ നിന്നും കരകയറിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖവും നഷ്ടപ്പെട്ടു കഴിഞ്ഞു. മറ്റൊരു സമ്പന്ന രാജ്യമായ ഇറ്റലിയിലും രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമാകും.

കൊറോണക്കാലം കഴിഞ്ഞാല്‍ ലോക ശാക്തിക ചേരിയിലും വലിയ മാറ്റങ്ങള്‍ക്കാണ് സാധ്യതയുള്ളത്.

ചൈനക്കെതിരെ പ്രതിരോധനിര കെട്ടിപ്പടുക്കാനാണ് അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുക.ഈ രാജ്യങ്ങളില്‍ ഭരണമാറ്റം ഉണ്ടായാലും, ഇല്ലങ്കിലും ചൈനയോടുള്ള സമീപനം ഒന്നു തന്നെയായിരിക്കും.

ഇന്ത്യന്‍ രാഷ്ട്രിയത്തിലും കൊറോണയുടെ പ്രതിഫലനം അലയടിക്കും.

ജനസംഖ്യയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ വൈറസ് ബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണം വളരെ കുറവാണ്.സമൂഹ വ്യാപനം ഭീഷണി ആയില്ലങ്കില്‍ വലിയ പരിക്കില്ലാതെ ഇന്ത്യ രക്ഷപ്പെടും. അതിന് ആദ്യം മഹാരാഷ്ട്രയെയാണ് നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടത്. സകല കണക്ക് കൂട്ടലുകളും തെറ്റിച്ചാണ് ഇവിടെ രോഗം പടര്‍ന്ന് പിടിക്കുന്നത്. ഈ ദുരിതകാലത്ത് രാഷ്ട്രീയ കാലാവസ്ഥയും മഹാരാഷ്ട്രയില്‍ വഷളാവുകയാണ്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വയ്‌ക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ഉദ്ധവ് താക്കറെയ്ക്ക് രണ്ട് പ്രതിസന്ധികളാണ് നേരിടാനുള്ളത്. ഒന്ന് കോവിഡ്-19, മറ്റൊന്ന് മുഖ്യമന്ത്രിക്ക് നിയമസഭാംഗമാകാനുള്ള വെല്ലുവിളി.വലിയ ഭരണഘടനാ പ്രതിസന്ധിയാണിത്.

നവംബര്‍ 28നാണ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആറ് മാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്നാണ് നിയമം. ഇതുപ്രകാരം മെയ് 24ന് ഈ സമയം അവസാനിക്കും. കോവിഡിന്റെ പ്രതിസന്ധിയില്‍ തിരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.ഇതാണ് തിരിച്ചടിയായിരിക്കുന്നത്.

ഗവര്‍ണര്‍ക്ക് കൗണ്‍സിലിലേക്ക് ആളെ ശുപാര്‍ശ ചെയ്യാനുള്ള പ്രത്യേക അധികാരം
മഹാരാഷ്ട്രയിലുണ്ട്. ഭരണപക്ഷത്തുള്ള എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നുണ്ടായ രണ്ട് ഒഴിവുകളാണ് കൗണ്‍സിലില്‍ ഇപ്പോഴുള്ളത്. തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ഒഴിവ് നികത്താന്‍ ഗവര്‍ണര്‍ താക്കറയെ ശുപാര്‍ശ ചെയ്യണമെന്നാണ് മന്ത്രിസഭ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം ഒഴിവുകളിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ നിയമപരമായ പ്രശ്നവും നിലനില്‍ക്കുന്നുണ്ട്. ഒഴിവായ അംഗത്തിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ തല്‍സ്ഥാനത്തേത്ത് തിരഞ്ഞെടുപ്പും നാമനിര്‍ദേശവും നടത്താന്‍ കഴിയുകയില്ല. കൗണ്‍സിലിലെ രണ്ട് ഒഴിവുകളുടേയും കാലാവധി ജൂണ്‍ ആറുവരെയാണുള്ളത്. താക്കറെയ്ക്കുള്ള സമയപരിധിയാവട്ടെ മെയ് 24ന് അവസാനിക്കുകയും ചെയ്യും.

ഇതിനുപുറമേ ആര്‍ട്ടിക്കിള്‍ 171 പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം” എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രത്യേക അറിവോ, പ്രായോഗിക പരിചയമോ ഉള്ളവര്‍ക്കായി നീക്കിവച്ചിട്ടുള്ളതാണ് ഈ ഒഴിവുകളെല്ലാം, അതേസമയം, ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് തീരുമാനവും എടുക്കാനുള്ള അധികാരവുമുണ്ട്. ഇതും ശിവസേനയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഘടകമാണ്.

എല്ലാ കണ്ണുകളും ഗവര്‍ണറിലേക്കാണ് ഇപ്പോള്‍ നീളുന്നത്. പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ടത് ഇനി ഗവര്‍ണറാണ്. എന്നാല്‍ കാബിനറ്റ് ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഭാഗത്ത് നിന്നും തീരുമാനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. തീരുമാനം വൈകുന്നത് ബിജെപിയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ശിവസേന ആരോപിക്കുന്നത്.

ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഉദ്ധവിന്റെ രാജിയിലാവും അത് ചെന്നെത്തുക.

ഉദ്ധവ് സര്‍ക്കാരിന് ഇനി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നത് മാത്രമാണ് ഏക പോംവഴി. തിരഞ്ഞെടുപ്പ് വേഗം നടത്തണമെന്നും ആവശ്യപ്പെടാം. എന്നാല്‍ കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നിയമസഭ ചേരാനും തിരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ തയ്യാറാകാന്‍ ഒരു സാധ്യതയുമില്ല.

കേന്ദ്ര സര്‍ക്കാര്‍ നിലപാടും ഇക്കാര്യത്തിലെല്ലാം നിര്‍ണ്ണായകമാകും. വൈറസ് കാലത്തും ബി.ജെ.പി രാഷ്ട്രിയ പക വീട്ടിയാല്‍ ഉദ്ധവിന് പകരം മകന്‍ ആദിത്യ താക്കറെ ആയിരിക്കും മുഖ്യമന്ത്രിയാകുക. ആദിത്യയുടെ നേതൃത്വം കോണ്‍ഗ്രസ്സും എന്‍.സി.പിയും അംഗീകരിച്ചില്ലങ്കില്‍ സര്‍ക്കാര്‍ തന്നെ വീഴാനും സാധ്യതയുണ്ട്. ആദിത്യയെ സഖ്യകക്ഷികള്‍ അംഗീകരിക്കാതിരുന്നതിനാലാണ് ഉദ്ധവിന് നറുക്ക് വീണിരുന്നത്.

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം ഉള്‍പ്പെട്ട സംസ്ഥാനമായതിനാല്‍, കേന്ദ്രത്തിന് പ്രത്യേക താല്‍പ്പര്യവും ഈ സംസ്ഥാനത്തോടുണ്ട്.

കൊലയാളി വൈറസ് പടരുമ്പോഴും, ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങളാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നടക്കുന്നത്.

ഉദ്ധവ് ഇല്ലാത്ത സര്‍ക്കാറിന് അല്പായുസ്സ് മാത്രമേ ഉണ്ടാകൂ എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.

അതേ സമയം, കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ് കൊറോണ വൈറസ് പടരാന്‍ കാരണമെന്നാണ് ശിവസേന ഉള്‍പ്പെടെ ആരോപിക്കുന്നത്. വിമാന താവളങ്ങളിലെ വീഴ്ചയാണ് പ്രധാനമായും ഇവര്‍ എടുത്ത് കാട്ടുന്നത്.

Express View

Top