കൊറോണ ദുരിതകാലം കേരളത്തിലെ പ്രതിപക്ഷത്തിനും ഇപ്പോള്‍ ദുരന്തകാലമാണ്.
വൈകീട്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ ബ്രീഫിങ് പോലും പിണറായിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. പരസ്യമായി ഇക്കാര്യം പറയുന്നില്ലങ്കിലും രഹസ്യമായി എല്ലാം അവര്‍ സമ്മതിക്കുന്നുണ്ട്.
ലോക് ഡൗണ്‍ കാലത്തെ പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന കാര്യത്തില്‍ മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്ക് പോലും സംശയമില്ല.
കമ്മ്യൂണിറ്റി കിച്ചനും, അരിയടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ സൗജന്യമായി നല്‍കിയതുമെല്ലാം വലിയ രൂപത്തിലാണ് ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നത്.വീടുകളില്‍ സര്‍ക്കാര്‍ എത്തിക്കുന്ന പലവ്യഞ്ജന കിറ്റുകള്‍ 87 ലക്ഷം കുടുംബങ്ങള്‍ക്കാണ് ലഭിക്കുന്നത്. 350 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി മാത്രം ചെലഴിച്ചിരിക്കുന്നത്. ഈ കാരുണ്യ പ്രവൃത്തികളെപ്പോലും വിവാദമാക്കാനാണ് പ്രതിപക്ഷത്തെ ഒരു വിഭാഗം നിലവില്‍ ശ്രമിച്ചിരിക്കുന്നത്. ഇത് അവര്‍ക്ക് തന്നെയാണിപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
നിപ്പയെയും പ്രളയത്തെയും നേരിട്ട സര്‍ക്കാര്‍ കൊറോണക്ക് മുന്നിലും പിടിച്ചു നില്‍ക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്. ദേശീയ മാധ്യമങ്ങള്‍ വരെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്.
കേരള സര്‍ക്കാരിനെ പ്രശംസിച്ച് ഇന്ത്യ ടൂ ഡെ, ടൈംസ് ഓഫ് ഇന്ത്യ, എന്‍ഡി ടിവി, റിപ്പബ്ലിക് ടിവി തുടങ്ങിയ മാധ്യമങ്ങള്‍ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ മുഖപ്രസംഗം തന്നെ മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ചിട്ടുള്ളതാണ്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും വ്യക്തമായ തന്ത്രങ്ങള്‍ മുന്നോട്ട് വയ്ക്കാനും പിണറായി വിജയന് കഴിഞ്ഞുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്്. വില്ലന്‍ ഇമേജില്‍ നിന്നും സൂപ്പര്‍ ഹീറോ പരിവേഷത്തിലേയ്ക്കാണ് എതിരാളികളുടെ ഇടയില്‍ പോലും പിണറായിയുടെ വളര്‍ച്ച.
വിഡ്ഢി പ്രസ്താവനകളിറക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാകട്ടെ ഒരു കോമാളിയുടെ നിലവാരത്തിലേക്കാണ് ഇപ്പോള്‍ തരം താഴ്ന്നിരിക്കുന്നത്.
ചെന്നിത്തല, വി.എസ്. ഇരുന്ന് ക്ഷോഭിച്ച കേസരയുടെ മാനം കളഞ്ഞതായാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നത്.
പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് അവര്‍ക്ക് തന്നെയാണ് തിരിച്ചടിച്ചിരുന്നത്. മനുഷ്യ മഹാ ശൃംഖല തീര്‍ത്ത് യു.ഡി.എഫ് വോട്ട് ബാങ്ക് പോലും അടുത്തയിടെ ഇടതുപക്ഷം തകര്‍ക്കുകയുണ്ടായി.
ഇതിനു തൊട്ടുപിന്നാലെയാണ് കൊലയാളി വൈറസ് കേരളത്തിലും ലാന്‍ഡ് ചെയ്തിരുന്നത്.
സര്‍ക്കാറിനൊപ്പം നിന്ന് ഈ വെല്ലുവിളി നേരിടേണ്ട പ്രതിപക്ഷം ഇവിടെയും രാഷ്ട്രീയമാണ് കളിച്ചത്. ഈ വിമര്‍ശനങ്ങളാണ് ചെന്നിത്തലയ്ക്കും സംഘത്തിനും ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.
കൊറോണ ഭീഷണി ഒഴിഞ്ഞാല്‍ ഉടന്‍ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും.
ജനങ്ങളോട് ചേര്‍ന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വോട്ടായാല്‍ യു.ഡി.എഫിന് അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക.കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചാല്‍ ഇടതിന്റെ സിറ്റിംഗ് സീറ്റായാണ് പ്രതിപക്ഷം ന്യായീകരണം നിരത്തുക. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാളിയാല്‍ യു.ഡി.എഫ് മുന്നണി തന്നെ തരിപ്പണമാകും.
കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗം ഇപ്പോള്‍ തന്നെ ഇടതുപക്ഷത്തേക്ക് പോകാന്‍ റെഡിയായി നില്‍ക്കുകയാണ്. ലീഗിലെ ഒരു വിഭാഗത്തിനും നോട്ടം ഇടത്തോട്ടാണ്. സി.പി.എം ഗ്രീന്‍ സിഗ്‌നല്‍ കാട്ടിയാല്‍ ലീഗില്‍ വീണ്ടും ഒരു പിളര്‍പ്പിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരെല്ലാം ഉറ്റുനോക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തേയാണ്.
ഈ പൊള്ളുന്ന യാഥാര്‍ത്ഥ്യം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. യു.ഡി.എഫിന്റെ തകര്‍ച്ചയില്‍ നോട്ടമിട്ടാണ് ബി.ജെ.പിയും നിലവില്‍ കരുക്കള്‍ നീക്കുന്നത്.
ഈ സാഹചര്യത്തില്‍, 2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യമാണ് മുന്നണിയില്‍ നിന്നും ഉയരുന്നത്.
കൊറോണക്കാലം കഴിഞ്ഞാല്‍ ഇക്കാര്യം ഉന്നയിക്കാനാണ് യു.ഡി.എഫ് ഘടകകക്ഷികള്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ്സിലെ എ വിഭാഗമാണ് ഇതിനായി അണിയറയില്‍ ചരടുവലിക്കുന്നത്.
ഉമ്മന്‍ ചാണ്ടി തന്നെ നേതൃത്വം ഏറ്റെടുക്കണമെന്നതാണ് എ വിഭാഗത്തിന്റെ ആവശ്യം.
ആരോഗ്യ സ്ഥിതി അനുവദിച്ചാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് എ വിഭാഗം നേതാക്കള്‍ പറയുന്നത്.
ഇപ്പോഴത്തെ സാഹചര്യം മുന്നണിയില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമാണെന്നും അവര്‍ വാദിക്കുന്നുണ്ട്.
ഇനി അതല്ല, ചെന്നിത്തല തന്നെയാണ് കളത്തിലെങ്കില്‍ യു.ഡി.എഫ് ഒന്നാകെ വാഷ് ഔട്ടായി പോകുമെന്നാണ് എ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.
Express View