രമ്യ ഹരിദാസിന്റെ ‘കാർ രാഷ്ട്രീയം’ സീതാക്കക്ക് മുന്നിൽ നനഞ്ഞ ‘പടക്കം’

ല്ലായ്മയില്‍ നിന്നും വന്ന് ജനപ്രതിനിധിയായി, സൗഭാഗ്യങ്ങളും, ആഢംഭരങ്ങളും വെട്ടിപ്പിടിക്കാന്‍ മത്സരിക്കുന്നവരറിയണം, കഴിഞ്ഞ നാല്‍പ്പതിലധികം ദിവസമായി പുഴയും മലയും കൊടുംകാടും താണ്ടി, ആദിവാസി കുടിലുകളില്‍ ഭക്ഷണമെത്തിക്കുന്ന തെലുങ്കാനയുടെ ചേച്ചിയമ്മ എന്ന സീതാക്കയെ.

കാറിനായി അണികളെകൊണ്ട് പിരിവെടുപ്പിക്കുന്നവരും, എ.സി കാറില്‍ നിന്നിറങ്ങാന്‍പോലും സമയമില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരും കണ്ടു പഠിക്കേണ്ട ജീവിത പാഠമാണിത്.തെലുങ്കാനയിലെ മുളുഗു മണ്ഡലത്തിന്റെ കോണ്‍ഗ്രസ് എം.എല്‍.എ ധനസാരി അനസൂയ എന്ന സീതാക്ക ഒരു സംഭവം തന്നെയാണ്.

സീതാക്ക എം.എല്‍.എയായ ചത്തീസ്ഗഡുമായി അതിര്‍ത്തിപങ്കിടുന്ന തെലുങ്കാനയിലെ മുളുഗു മണ്ഡലം, 200 ചതുരശ്ര കിലോമീറ്ററാണ് വ്യാപിച്ചു കിടക്കുന്നത്. വാഹനങ്ങളെത്താത്ത കാടും മലയും, ചെങ്കുത്തായ കയറ്റിറക്കങ്ങളും പാറക്കെട്ടും നിറഞ്ഞ പ്രദേശങ്ങളാണിത്.

കോവിഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, ദുരിതത്തിലായത് ഇവിടുത്തെ ആദിവാസി കുടുംബങ്ങളാണ്. 12 കിലോ അരിയും 500 രൂപയുമാണ് വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. രേഖകളില്ലാത്ത ആദിവാസികള്‍ക്ക് ഈ സഹായം പോലും കിട്ടാക്കനിയാണ്. പട്ടിണിയിലായ ഇവരെ സഹായിക്കാന്‍ ചേച്ചിയമ്മയായ സീതാക്ക നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. രാവിലെ എട്ടു മണിയോടെ സഹായികള്‍ക്കൊപ്പം, ട്രാക്ടറില്‍ അരിയും, പച്ചക്കറികളും, പരിപ്പും, മറ്റു അവശ്യവസ്തുക്കളുമായി ഇവര്‍ ആദിവാസി കുടിലുകള്‍ ലക്ഷ്യമാക്കി നീങ്ങും.

ചെങ്കുത്തായ പാറക്കൂട്ടങ്ങളെത്തിയാല്‍ ട്രാക്ടര്‍ യാത്രയ്ക്കവസാനമാകും. പിന്നെ ഭക്ഷ്യവസ്തുക്കള്‍ ചുമടാക്കി കാല്‍നടയായാണ് യാത്ര. പുഴയും കടന്ന് 20 കിലോമീറ്ററോളമാണ് ഈ എംഎല്‍എ ദിവസവും സഞ്ചരിക്കുന്നത്.ഒടുവില്‍ രാത്രി ഒമ്പതു മണിയോടെയാണ് വീട്ടില്‍ മടങ്ങിയെത്താറുള്ളത്. നാല്‍പ്പത് ദിവസം കൊണ്ട് അമ്പതിനായിരം കിലോ ഗ്രാം അരിയും അത്ര തന്നെ പച്ചക്കറിയും പയറുവര്‍ഗങ്ങളുമാണ് സീതാക്ക ആദിവാസി കുടുംബങ്ങള്‍ക്കും പാവങ്ങള്‍ക്കുമായെത്തിച്ചിരിക്കുന്നത്.

തെലുങ്കാനക്കാരെ സ്‌നേഹവും സേവനവും കൊണ്ട് കീഴ്‌പ്പെടുത്തിയ ചേച്ചിയമ്മ എന്ന സീതാക്കക്ക്, ആരെയും ഭയപ്പെടുത്തുന്ന ഒരു ഭൂതകാലംകൂടിയുണ്ട്. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍, ആദിവാസികള്‍ക്കും പാവങ്ങള്‍ക്കുമെതിരെ നടന്ന ചൂഷണങ്ങള്‍ക്കും, വേട്ടയാടലുകള്‍ക്കുമെതിരെ, തോക്കെടുത്ത് തെലുങ്കാനയെ വിറപ്പിച്ച മാവോയിസ്റ്റ് കമാന്‍ഡറായിരുന്നു, സീതാക്ക എന്ന ഈ ധനസാരി അനസൂയ.

പതിനൊന്നു വര്‍ഷം തെലുങ്കാനയില്‍ പോലീസിന്റെ പേടി സ്വപ്നമായിരുന്നു ഇവര്‍. ആറു തവണയാണ് അനസൂയ നേതൃത്വം നല്‍കുന്ന മാവോയിസ്റ്റ് ദളം പോലീസുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നത്. പലപ്പോഴും തലനിരാഴിക്കാണ് പോലീസ് പിടിയില്‍ നിന്നും അവര്‍ രക്ഷപ്പെട്ടത്. സായുധവിപ്ലവം പരിഹാരമാകില്ലെന്നു തിരിച്ചറിഞ്ഞതോടെ 2004ല്‍ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. പാതിവഴി നിര്‍ത്തിയ പഠനം പിന്നീട് തുടര്‍ന്ന്, നിയമ ബിരുദവുമെടുത്തു. വാറങ്കലില്‍ വക്കീലായി പ്രാക്ടീസും തുടങ്ങി. പാവങ്ങള്‍ക്കായി പണംവാങ്ങാതെ വാദിക്കുന്ന വക്കീലമ്മയായും അവര്‍ ശ്രദ്ധേയയായി.

സാമൂഹിക മാറ്റത്തിന് ജനാധിപത്യത്തിന്റെ വഴിതിരെഞ്ഞെടുത്തത് കോണ്‍ഗ്രസിലായിരുന്നു. ഇത് രണ്ടാം തവണയാണ് അവര്‍ എം.എല്‍.എയാകുന്നത്. തെലുങ്കാനയില്‍ ടി.ആര്‍.എസ് തരംഗം ആഞ്ഞടിച്ചപ്പോഴും സീതാക്കയുടെ ജനപ്രീതിയിലാണ് മുളുഗു മണ്ഡലത്തില്‍ കോണ്‍ഗ്രസ് മിന്നുന്ന വിജയം
കൊയ്തിരുന്നത്.

നിലവില്‍ മഹിളാകോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാക്കക്ക്, കോണ്‍ഗ്രസ് നേതൃത്വം ചത്തീസ്ഗഡിന്റെ ചുമതലകൂടി നല്‍കിയിട്ടുണ്ട്. ‘ഗോ ഹംഗര്‍ ഗോ’ എന്ന കാമ്പയിനുമായാണ് സീതാക്ക ലോക്ഡൗണില്‍ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന സേവനം തുടരുന്നത്.

വലിയ ചൂഷണങ്ങള്‍ക്കാണ് ആദിവാസി സമൂഹം ഇരയാകുന്നതെന്നാണ് സീതാക്ക പറയുന്നത് . എല്ലാവരും മാസ്‌ക് അണിയണമെന്ന് ഉത്തരവിടുന്ന സര്‍ക്കാര്‍, ഇവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് പോലും നോക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. തെലുങ്കാനയിലെ കോയ ആദിവാസി വിഭാഗത്തില്‍ ജനിച്ച സീതാക്കക്ക് അവരുടെ വേദനകളും പ്രയാസങ്ങളും പ്രശ്‌നങ്ങളുമെല്ലാം നേരിട്ടറിയാം. അവരുടെ മോചനത്തിനായി തോക്കെടുക്കേണ്ടി വന്നതും, തോക്കുപേക്ഷിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയായതും, അതുകൊണ്ട് തന്നെയാണ്. അവര്‍ ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും ആ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയുന്ന മണ്ഡലമാണ് മുളുഗു മണ്ഡലം.

പാട്ടുപാടിയല്ല, കനല്‍വഴികള്‍ താണ്ടിയാണ് ധനസാരി അനസൂയ എന്ന സീതാക്ക, തെലുങ്കാനക്കാരുടെ ഹൃദയം കവര്‍ന്ന ചേച്ചിയമ്മയായത്. ഇക്കാര്യം കേരളത്തിലെ ‘പെങ്ങളുട്ടി’യും മനസ്സിലാക്കുന്നത് നല്ലതാണ്.

മാധ്യമ ഷോയിലൂടെ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്, സീതാക്കയുടെ സേവന വഴികളാണ് വെളിച്ചമാകേണ്ടത്. ആലത്തൂര്‍ എംപി രമ്യഹരിദാസ് പകര്‍ത്തേണ്ടത് ചേച്ചിയമ്മയുടെ ഈ ജീവിത പാഠം തന്നെയാണ്.

എം.പിയുടെ ശമ്പളവും ലക്ഷങ്ങളുടെ അലവന്‍സുകളുമടക്കമുണ്ടായിട്ടും യാത്രക്കായി കാറിന് പണം പിരിക്കാനിറങ്ങിയ യൂത്തന്‍മാരെ തിരുത്താന്‍, കെ.പി.സി.സി അധ്യക്ഷന് തന്നെയാണ് ഇടപെടേണ്ടി വന്നിരുന്നത്. ഇതിന് ശേഷം ജാള്യത മറയ്ക്കാന്‍ പിന്നീട് ആഢബര വാഹനമായ ഇന്നോവ ക്രിസ്റ്റ തന്നെ രമ്യ സ്വന്തമാക്കുകയും ചെയ്തു. ഒരു എംപി ഒരു വാഹനം വാങ്ങുന്നത് ഒരിക്കലും തെറ്റായ കാര്യമല്ല. എന്നാല്‍ വിലകൂടിയ വാഹനം തന്നെ ലക്ഷ്യമിട്ടത് അവരുടെ ആഢബര ഭ്രമത്തെ തുറന്ന് കാട്ടുന്നതാണ്. ഇവിടെയാണ് സീതാക്ക വ്യത്യസ്തമാകുന്നത്.

ഇല്ലായ്മയില്‍ നിന്നും വന്ന് എം.പിയുടെ പത്രാസിലും ആഢംഭരത്തിലും മതിമറന്നവരെല്ലാം കടപുഴകി വീണ ചരിത്രമാണ് ഈ നാടിനുള്ളത്. ഓട്ടോറിക്ഷയിലും കെ.എസ്.ആര്‍.ടിസി ബസുകളിലും യാത്ര ചെയ്തിരുന്ന അജയകുമാറും, ആലത്തൂരില്‍ എം.പിയായിരുന്നെന്ന കാര്യം രമ്യ മറന്നു പോകരുത്. അജയകുമാറിനെ പോലുള്ള കമ്മ്യൂണിസ്റ്റുകളെ മാതൃകയാക്കാന്‍ വിഷമമുണ്ടെങ്കില്‍, സീതാക്കയെ എങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് യുവ തുര്‍ക്കികള്‍ മാതൃകയാക്കണം. പുകമറ സൃഷ്ടിക്കുന്ന ഇമേജുകള്‍ ആര്‍ക്കുണ്ടായാലും അത് അധിക കാലം നിലനില്‍ക്കുകയില്ല. നമ്മുടെ മുന്നിലുള്ള ചരിത്രവും അതുതന്നെയാണ്.

Express View

Top