express view-No one expected from a coalition led by the Communists

EXPRESS VIEW :

ശീന്ദ്രനു പകരം തോമസ് ചാണ്ടി എന്ന ശതകോടീശ്വരനെ മന്ത്രിയാക്കിയ ഇടതുമുന്നണി കേരളീയ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ് ?

പരമ ചെറ്റത്തരമെന്ന് തന്നെ പറയും ഈ നടപടിയെ (ഇത്തരമൊരു വാക്ക് ഉപയോഗിച്ചതിന് വായനക്കാര്‍ ക്ഷമിക്കുക)

മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ് ഈ പാര്‍ട്ടിയെന്നും മുന്നണിയെന്നുമൊക്കെ പറഞ്ഞ് ഇനി നടന്നാല്‍ ജനങ്ങള്‍ ചിലപ്പോള്‍ മുഖത്ത് നോക്കി പ്രതികരിച്ചെന്നിരിക്കും.

ബൂര്‍ഷ്യാ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിയും ഇടതുമുന്നണിയും തമ്മിലുള്ള അകലമാണ് ഇപ്പോള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നത്.

ഫോണ്‍ കെണിയാണെങ്കിലും ഒരു മന്ത്രി, ഭാര്യയല്ലാത്ത സത്രീയോട് സംസാരിക്കാന്‍ പാടില്ലാത്തത് തന്നെയാണ് ശശീന്ദ്രന്‍ സംസാരിച്ചത്. അക്കാര്യം ആരും ഫോക്കസ് ചെയ്യാത്തത് മാധ്യമധര്‍മ്മത്തിന് വിരുദ്ധമായ നടന്ന പ്രവര്‍ത്തിയാണ് ആദ്യം എതിര്‍ക്കപ്പെടേണ്ടതെന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.

ശശീന്ദ്രന്‍ രാജിവെച്ച ഉടനെ മന്ത്രി സ്ഥാനം മോഹിച്ച് കുവൈറ്റില്‍ നിന്നും പറന്നിറങ്ങിയ തോമസ് ചാണ്ടിക്ക് മന്ത്രി പദം നല്‍കുന്നതിന് എന്തിനാണ് ഇത്ര തിടുക്കം ? ഇക്കാര്യത്തില്‍ കോടിയേരിക്കെന്തിനാ വാശി ?

പ്രത്യേകിച്ച് ശശീന്ദ്രനെ സ്റ്റിങ്ങ് ഓപ്പറേഷനില്‍ കുരുക്കിയതാണെന്ന് വാര്‍ത്ത പുറത്ത് വിട്ട ചാനല്‍ തന്നെ മാപ്പപേക്ഷയുമായി രംഗത്ത് വന്ന സാഹചര്യത്തില്‍.

ഇനി പൊലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും കഴിയുന്നതുവരെ കാത്തിരിക്കണമെങ്കില്‍ മൂന്ന് മാസത്തേക്ക് മാത്രം എന്തിനാണ് പിന്നെ ഒരു മന്ത്രി ? തല്‍ക്കാലം ആ വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ കൈകാര്യം ചെയ്യാമായിരുന്നല്ലോ.

മന്ത്രി പദവി എന്‍സിപിക്ക് നല്‍കിയില്ലങ്കില്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്ന മട്ടിലാണ് ശനിയാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തിക്കാനുള്ള ഇടതു മുന്നണിയുടെ തിരക്കിട്ട നീക്കങ്ങള്‍ കണ്ടാല്‍ തോന്നുക.

സിപിഎമ്മിന് സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ടോ എന്ന ചോദ്യം ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ ഉയരുന്നതും അതുകൊണ്ടാണ്. മുന്നണി മര്യാദ നോക്കിയിട്ടാണെങ്കില്‍ പോലും ഒറ്റ എംഎല്‍എയുള്ള കോണ്‍ഗ്രസ്സ് (എസ്സ്) നു പോലും മന്ത്രി പദവി ഇടതു മുന്നണി നല്‍കിയിട്ടുണ്ട്.

സിപിഎമ്മിന്റെ വിശാല മനസ്സ് ഇക്കാര്യത്തില്‍ മനസ്സിലാക്കേണ്ടത് ഇടതു മുന്നണിയിലെ സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളാണ്. കാരണം ഇവര്‍ക്കാര്‍ക്കും ഒറ്റക്ക് ഒരു പഞ്ചായത്തില്‍ പോലും ജയിക്കാനുള്ള ശക്തിയില്ല എന്നത് തന്നെ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയോട് ഏറ്റുമുട്ടിയ യുഡിഎഫിലെ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളായിരുന്ന മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസ്സിനും വ്യക്തമായ അടിത്തറ സംസ്ഥാനത്തുണ്ടായിട്ടും ആ മുന്നണിയെ ഇടതിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. അല്ലാതെ ഈര്‍ക്കിലി ഘടകക്ഷികളുടെ ‘ശതകോടീശ്വര’ മുഖം കണ്ടിട്ടല്ല.

മുസ്ലീം ലീഗിന് മലബാര്‍ മേഖലയിലും കേരള കോണ്‍ഗ്രസ്സിന് മധ്യമേഖലയിലും ഇപ്പോഴും ശക്തമായ അടിത്തറയുണ്ട് എന്നാല്‍ ഇടതു മുന്നണിയില്‍ ഘടകക്ഷികള്‍ക്ക് അത്തരമൊരു അടിത്തറയില്ല.

സിപിഎമ്മിന്റെ ജനസ്വാധീനം മാറ്റി നിര്‍ത്തിയാല്‍ അല്പമെങ്കിലും പിന്നെ സ്വാധീനമുള്ളത് സിപിഐക്കാണ്. അതാവട്ടെ പ്രധാനമായും കൊല്ലം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണുള്ളത്.

മറ്റ് ഘടകകക്ഷികളായ എന്‍സിപി, ജനതാദള്‍ (എസ്) കോണ്‍ഗ്രസ്സ് (എസ്) പാര്‍ട്ടികള്‍ ഒറ്റക്ക് നിന്നാല്‍ പൊടിപോലും കാണില്ല. അത്രയ്ക്കുണ്ട് അവരുടെ ‘സ്വാധീനം’

ഈ യാഥാര്‍ത്ഥ്യമറിയാവുന്ന കേരളീയ സമൂഹത്തിന് ധൃതിപ്പെട്ട് തോമസ് ചാണ്ടിക്ക് മന്ത്രി പദവി നല്‍കുന്നതിനെ സംശയദഷ്ടിയോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ.

ഏതെങ്കിലും നേതാക്കളുടെ താല്‍പര്യമല്ല കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ തീരുമാനമായി വരേണ്ടത് മറിച്ച് ജനങ്ങളുടെ, പാര്‍ട്ടി അണികളുടെ… താല്‍പ്പര്യങ്ങളാണ് ഇവിടെ നടപ്പാക്കപ്പെടേണ്ടത്.

സിപിഎമ്മിന്റെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന കമ്മറ്റി വരെ അംഗങ്ങളായവരുടെ അഭിപ്രായം ചോദിച്ചാല്‍ എത്ര പേര്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി കൈ പൊക്കും ?

മുന്നണി മര്യാദ അനുസരിച്ച് ആര്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന് തീരുമാനിക്കേണ്ടത് എന്‍സിപി നേതൃത്വമാണെന്ന് പറഞ്ഞ
കോടിയേരി ഒരു കാര്യം ഓര്‍ക്കണം. മര്യാദ പാലിക്കുന്നവര്‍ക്കാണ് മുന്നണി മര്യാദ ബാധകമാക്കേണ്ടത്. അതല്ലാതെ മര്യാദകേട് കാണിക്കുന്നവര്‍ക്ക് വേണ്ടിയാവരുത്.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ താന്‍ കുട്ടനാട്ടില്‍ മത്സരിക്കും,ജയിക്കും, ജലസേചന മന്ത്രിയാകും എന്ന് പ്രഖ്യാപിച്ച ‘അല്‍പത്ത’ രാഷ്ട്രീയത്തെയാണ് നിങ്ങള്‍ മന്ത്രിയാക്കുന്നത്. ഇനി ചാണ്ടി ആഗ്രഹിച്ചത് പോലെ ഗതാഗത വകുപ്പിന് പകരം ജലസേചന വകുപ്പ് കൂടി കൊടുത്താല്‍ കേമമാകും.

ഒന്നര കോടി രൂപ വിലയുള്ള ആഢംബര കാറില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് വച്ച് പോവുന്ന ഇടത് മന്ത്രിയുടെ ദൃശ്യം കാണാനുള്ള
ഗതികേടെങ്കിലും തങ്ങള്‍ക്ക് ഉണ്ടാവരുതേയെന്നാണ് സി പി എം അണികള്‍ പോലും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

കോടികള്‍ വിലയുള്ള കാറുകളില്‍ മാത്രം യാത്ര ചെയ്ത് ശീലിച്ച ഈ ശതകോടീശ്വര നിയുക്ത മന്ത്രിക്ക് മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഇന്നോവയൊക്കെ ഇഷ്ടമാകുമോ എന്ന ചര്‍ച്ചകളും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.

മാറിയ ലോകത്ത് ‘ മാറുന്ന ‘ കമ്യൂണിസ്റ്റുകള്‍, അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാരില്‍ പ്രത്യേകിച്ച് അവര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാറുകളില്‍ ജനങ്ങള്‍ കാണുന്ന പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നത് വലിയ തിരിച്ചടി വിളിച്ചു വരുത്താനാണ് ഇടയാക്കുക.

പണം വാരിയെറിഞ്ഞ്’ കോടീശ്വരന്‍മാര്‍ എം എല്‍ എ ആകുന്നത് തന്നെ തെറ്റ്. ഇനി ഇത്തരക്കാരെ മന്ത്രിയാക്കാന്‍ കൂടി തുടങ്ങിയാല്‍ പിന്നെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി എവിടെ ചെന്ന് നില്‍ക്കും.? പിന്നെ എന്ത് അസ്ഥിത്വമാണ് പാവങ്ങളുടെ പാര്‍ട്ടിയായ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് അവകാശപ്പെടാനുണ്ടാവുക ?

ഇനി പണമുണ്ട് എന്നുള്ളതും അധികാര താല്‍പ്പര്യവും മന്ത്രിയാകുന്നതിന് തടസ്സമല്ല എന്ന് ഇടത് നേതൃത്വത്തിന് തോന്നുന്നുണ്ടെങ്കില്‍ അത് തുറന്ന് പറയണം.

കാരണം തോമസ് ചാണ്ടിയേക്കാള്‍ വലിയ കോടീശ്വരന്‍മാര്‍ . . ജനങ്ങളെ ‘സേവിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി കച്ചവടക്കാര്‍
കേരളത്തില്‍ തന്നെയുണ്ട്.

അവര്‍ക്ക് മന്ത്രി സ്ഥാനത്ത് എത്താന്‍ വഴിതെളിക്കാന്‍ മുതലാളിത്വ പാര്‍ട്ടികള്‍ ഇടത് മുന്നണിയിലുള്ളതിനാല്‍ അവസരവും സുനിശ്ചിതം. അങ്ങിനെ ഭാവിയില്‍ ഇടതു മുന്നണി ‘സമ്പന്ന മുന്നണി’ ആയി മാറട്ടെ .. ആകാശത്തിരുന്ന് രക്തനക്ഷത്രങ്ങള്‍ കണ്ണീരും പൊഴിക്കട്ടെ …ലാല്‍സലാം…

Team Express Kerala

Top