വൈറസില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചില്ലെങ്കില്‍ കേരളം സൂപ്പറാകും

ല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞതാണ് ശരി. നമ്മള്‍ കോവിഡുമൊത്ത് ജീവിക്കാനാണ് ഇനി ശീലിക്കേണ്ടത്.പ്രത്യേകിച്ച് വാക്‌സിന്‍ കണ്ടു പിടിച്ച് പ്രതിരോധം തീര്‍ക്കും വരെ അത് അനിവാര്യവുമാണ്.

ഏറെക്കാലം നീണ്ടു നില്‍ക്കുന്ന ലോക് ഡൗണ്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. തൊഴിലില്ലായ്മ, ബിസിനസ്സ് രംഗത്ത് ഉണ്ടാകുന്ന തകര്‍ച്ച എന്നിവയെല്ലാം സഹിച്ച്, ദീര്‍ഘകാലം പിടിച്ച് നില്‍ക്കാന്‍ ഒരിക്കലും ഒരു രാജ്യത്തിനും കഴിയുകയില്ല. സിസോദിയ പറഞ്ഞത് പോലെ പുതിയ രീതിയില്‍ സാധാരണത്വം കൈവരിക്കാനാണ് നാം ശ്രമിക്കേണ്ടത്. മുന്‍പ് കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടിയതും ഈ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്.

ലോക് ഡൗണിന്റെ സാമ്പത്തിക ആഘാതം പറഞ്ഞറിയിക്കാന്‍ പറ്റാത്തത് തന്നെയാണ്. ഇതുവരെ ഇത്തരമൊരു അവസ്ഥയെ ലോകം അഭിമുഖീകരിച്ചിട്ടില്ല.

രാജ്യത്തെ സാമ്പത്തിക അവസ്ഥയാകെ തകര്‍ന്ന അവസ്ഥയിലാണ്. ദീര്‍ഘകാലത്തേക്കാണ് ഇത് നമ്മെ ബാധിക്കാന്‍ പോകുന്നത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മെയ് ആദ്യവാരത്തില്‍ തന്നെ അരലക്ഷത്തിനടുത്ത് എത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ലോക നിലവാരം വച്ച് നോക്കുമ്പോള്‍ മെയ് 5 വരെ മരണനിരക്ക് 2000 പോലും കടക്കാത്തത് ആശ്വാസകരമാണെങ്കിലും ഭീഷണി, ഭീഷണി തന്നെയായി തുടരുകയാണ്.മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം കൂടുതലായിട്ടുള്ളത്. തൊട്ടു പിന്നാലെ ഗുജറാത്തും ഡല്‍ഹിയുമുണ്ട്.

ഇനി പ്രവാസികളും, ഇതര സംസ്ഥാനങ്ങളിലെ മലയാളികളും കൂടി മടങ്ങി വരുന്നതോടെ, ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് തന്നെയാണ് ഇതില്‍ പ്രധാനം.സാമൂഹിക അകലവും ഇടയ്ക്കിടെയുള്ള കൈ കഴുകലും ജീവിതത്തിന്റെ ഭാഗമാക്കണം. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതും നിര്‍ബന്ധമാണ്.

കോവിഡ് ബാധിച്ചവരുടെ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന മാനസികാവസ്ഥയും മാറേണ്ടതുണ്ട്. എല്ലാവര്‍ക്കും ഏത് നിമിഷവും വരാന്‍ സാധ്യതയുള്ള രോഗമാണ് ഇതെന്ന തിരിച്ചറിവ് ഇത്തരക്കാര്‍ക്കാണ് ആദ്യം വേണ്ടത്.

വൈറസിനെതിരായ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ കണ്ടു പിടിക്കുമെന്നാണ് അമേരിക്ക പറയുന്നത്. ഇസ്രയേലും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്.

ലോകത്തെ മിക്ക രാജ്യങ്ങളും വാക്‌സിന് പിന്നാലെയാണെങ്കിലും എപ്പോള്‍ റിസള്‍ട്ട് കിട്ടുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇനി മനുഷ്യന്റെ ഭാവി. വൈറസുകള്‍ക്കും മീതെയാണ് മനുഷ്യന്റെ ബുദ്ധി എന്നതിനാല്‍, ഈ പ്രതിസന്ധിയെ നാം വൈകിയാണെങ്കിലും അതിജീവിക്കുക തന്നെ ചെയ്യും. അക്കാര്യം എന്തായാലും ഉറപ്പാണ്.

അതുവരെ സ്വയം നിയന്ത്രണം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.

കോവിഡിനെതിരെ പോരാടുമ്പോള്‍ തന്നെ, വ്യാവസായികമായി മുന്നേറേണ്ടതും, ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്.

കേരളത്തിന് മാത്രം കോവിഡ് സൃഷ്ടിച്ച അടച്ചുപൂട്ടലില്‍ 29,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അടച്ചുപൂട്ടല്‍ ഉണ്ടായത് മുതല്‍ മെയ് 3 വരെ മാത്രമുളള നഷ്ടമാണിത്.

അപ്പോള്‍ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്നതും നാം ശരിക്കും ആലോചിച്ച് നോക്കണം.

തോട്ടമുള്‍പ്പെടെ കേരളത്തിലെ കാര്‍ഷിക മേഖലയിലെ മൊത്ത നഷ്ടം 1570.75 കോടിയാണ്. കര്‍ഷകത്തൊഴിലാളികളുടെ വേതനനഷ്ടം 200.30 കോടിയും. നെല്‍ക്കൃഷിയിലിത് 15 കോടിയുമാണ്. ജൂണിലാരംഭിക്കേണ്ട മണ്‍സൂണ്‍ കൃഷിയാകട്ടെ ആശങ്കയിലുമാണ്. പച്ചക്കറി മേഖലയിലെ ആകെ നഷ്ടം 147 കോടിയാണ്; കയറ്റുമതി 40 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. പഴം, കിഴങ്ങുവര്‍ഗം, കശുവണ്ടി തുടങ്ങി എല്ലാ മേഖലയിലും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. തേയിലയില്‍ 141 കോടിയും, മൃഗസംരക്ഷണ മേഖലയില്‍ 181 കോടിയുമാണ് നഷ്ടം. മത്സ്യമേഖലയ്ക്ക് മൊത്ത നഷ്ടം 1371 കോടിയാണ്. 41,664 മെട്രിക് ടണ്‍ സമുദ്രമത്സ്യം ഇക്കാലയളവില്‍ മാത്രം ശേഖരിക്കപ്പെടുമായിരുന്നു, എന്നാല്‍ അതുണ്ടായിട്ടില്ല. 16,000 മെട്രിക് ടണ്‍ മത്സ്യ കയറ്റുമതിയും കോവിഡ് മൂലം തടസ്സപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ വ്യവസായ മേഖലയില്‍ ഉല്‍പ്പാദനമുല്യവര്‍ധന നഷ്ടം, ഏകദേശം 8000 കോടി കവിയുമെന്നാണ് അനുമാനിക്കപ്പെടുന്നത്. സ്വയംതൊഴിലിനും , താല്‍ക്കാലിക തൊഴിലാളികള്‍ക്കും 350 കോടി രൂപയുടെ വേതന, വരുമാന നഷ്ടമാണുണ്ടായിരിക്കുന്നത്. ഹോട്ടല്‍, റെസ്റ്റോറന്റ്, വ്യാപര മേഖലയിലെ വരുമാന കുറവ് 17,000 കോടി രൂപയാണ്. പരമ്പരാഗത വ്യവസായത്തിലടക്കം 35.2 ലക്ഷവും, സാധാരണ തൊഴിലാളികള്‍ക്ക് പൂര്‍ണ വരുമാന നഷ്ടവും കണക്കാക്കപ്പെടുന്നുണ്ട്.

ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വിനോദസഞ്ചാര കലണ്ടറിന്റെ മുഖ്യപങ്കും പ്രതിസന്ധിയിലായിട്ടുണ്ട്. 20,000 കോടി രൂപയാണ് താല്‍ക്കാലിക നഷ്ടം. റോഡ് ഗതാഗത മേഖലയില്‍ പ്രതിദിന അറ്റവരുമാന നഷ്ടം ഏകദേശം 241 കോടി കവിയും. ഐടി മേഖലയില്‍ പ്രതിദിനം 26,200 തൊഴില്‍ നഷ്ടമാണുള്ളത്. കെഎസ്ഇബിക്ക് 210 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

തോട്ടം മേഖലയില്‍ കൂലിയായി 80 കോടി രൂപയാണ് കുറഞ്ഞിരിക്കുന്നത്. തൊഴിലുറപ്പിലും 177 കോടിയുടെ വരുമാന നഷ്ടവും കണക്കാക്കപ്പെടുന്നുണ്ട്. അയ്യന്‍കാളി നഗര തൊഴിലുറപ്പില്‍ 15 കോടിയാണ് നഷ്ടം. ഇതിന് പുറമേ പ്രവാസി മേഖലയിലെ നഷ്ടവും ഇനി കണക്കാക്കപ്പെടാനുണ്ട്. ചിന്തിക്കാന്‍ പറ്റാവുന്നതിനും മീതേയാണ് നമ്മുടെ ഈ നഷ്ട കണക്കുകള്‍. ഒറ്റക്കെട്ടായി നീങ്ങിയാല്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍, കേരളത്തിനും കഴിയുകയുളളൂ.

അതേസമയം, ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്. നിരവധി വിദേശ കമ്പനികളാണ് ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുന്നത്. അവരുടെ പ്രിയപ്പെട്ട സംസ്ഥാനമായി കേരളവും മാറി കഴിഞ്ഞു.

ആരോഗ്യരംഗത്തും, വിദ്യാഭ്യാസ രംഗത്തും, സാമൂഹിക രംഗത്തും കേരളം കൈവരിച്ച നേട്ടങ്ങളാണ് നിക്ഷേപകരെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

കൊറോണ മൂലം ചൈന വിടുന്ന അമേരിക്കന്‍ കമ്പനികളാണ് കേരളത്തെ ലക്ഷ്യമിടുന്നത്. പ്രതിസന്ധിക്കിടയിലും, ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്, കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്. വല്ലാര്‍പാടത്തും വിഴിഞ്ഞത്തുമായി രണ്ട് ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലുകളും, തുറമുഖങ്ങളുമുണ്ട്. ഇതെല്ലാം അന്താരാഷ്ട്ര വ്യാപാര രംഗത്ത് എടുത്തുപറയാവുന്ന മേന്മകളാണ്.

കേരളത്തിലേക്ക് മുതല്‍മുടക്കാന്‍ തയ്യാറാകുന്ന പ്രധാന വ്യവസായങ്ങള്‍ക്ക്, ലൈസന്‍സുകളും മറ്റ് അനുമതികളും ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്ന്, മുഖ്യമന്ത്രി പിണറായി വിജയനും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ആഗോളതലത്തില്‍ കഴിവു തെളിയിച്ച മാനവശേഷിയാണ് കേരളത്തിന്റെ പ്രധാന കരുത്ത്. കെ.എസ്.ഐ.ഡി.സി., കിന്‍ഫ്ര, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, സിഡ്കോ, വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവയിലായി 1,300 ഏക്കറിലേറെ ഭൂമി ഇനിയും ഉപയോഗിക്കാതെ കിടപ്പുണ്ട്. ഇതിനു പുറമെ, ഫാക്ട്, എച്ച്.എം.ടി., കൊച്ചി തുറമുഖ ട്രസ്റ്റ്, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം 3,500 ഏക്കറിലേറെ ഭൂമിയുമുണ്ട്. ഈ ഭൂമികളിലെല്ലാം പുതിയതായി കടന്നുവരുന്ന വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

100 ഓളം അമേരിക്കന്‍ കമ്പനികളാണ് കേരളവും ഉത്തര്‍പ്രദേശും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് വരാന്‍ നിലവില്‍ ആഗ്രഹിക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് പുറമേ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലുള്ള കമ്പനികളും ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കോവിഡ് കാലത്തും ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥലമെന്ന് തെളിഞ്ഞ, കേരളത്തോടാണ്, വിദേശ കമ്പനികളുടെയെല്ലാം പ്രഥമ പരിഗണന. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍, കേരളവും തയ്യാറെടുത്ത് കഴിഞ്ഞു.

പ്രതിസന്ധികളില്‍ നിന്ന് പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുമെന്നതാണ്, മുഖ്യമന്ത്രി പിണറായിയുടെ നിലപാട്.

കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കാന്‍, വ്യവസായ നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പെടുന്ന ഉപദേശകസമിതിയും കേരളം രൂപീകരിക്കുന്നുണ്ട്.

നിക്ഷേപം, തൊഴില്‍ തുടങ്ങിയവ അടിസ്ഥാനമാക്കി വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങും ഏര്‍പ്പെടുത്തും. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയായി ഗ്രേഡും തിരിക്കും. ഇത് പരിഗണിച്ചാകും സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇളവുകളും നല്‍കുക.

കേരളത്തെ സംബന്ധിച്ച് പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസരമാണ് ഇപ്പോള്‍ മുന്നിലുള്ളത്. രാഷ്ട്രീയ പകക്ക് പ്രതിപക്ഷം കൂടി ഇടവേള നല്‍കിയാല്‍ വലിയ മുന്നേറ്റമാണ് നാടിന് സാധ്യമാകുക.

Express View

Top