വളരെ ഗുരുതരമായ ഒരു ആരോപണമാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ഉന്നയിച്ചിരിക്കുന്നത്.
രാജ്യവ്യാപക ലോക് ഡൗണ്‍ ബി.ജെ.പി വൈകിപ്പിച്ചത് മധ്യപ്രദേശ് സര്‍ക്കാറിനെ അട്ടിമറിക്കാനായിരുന്നു എന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.
ഫെബ്രുവരി 12 ന് തന്നെ രാഹുല്‍ ഗാന്ധി കോവിഡ് ഭീഷണിയുടെ പ്രത്യാഘാതം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായും കമല്‍ നാഥ് ചൂണ്ടിക്കാട്ടുന്നുണ്ട്.മാര്‍ച്ച് 24ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം 3 ല്‍ നിന്നും 536 ആയി വര്‍ദ്ധിച്ചതായും കമല്‍നാഥ് വ്യക്തമാക്കുകയുണ്ടായി.
കമല്‍നാഥ് പറഞ്ഞതില്‍ കാര്യമൊക്കെ ഉണ്ടെങ്കിലും, ചില യാഥാര്‍ത്ഥ്യങ്ങളും നാം കാണാതെ പോകരുത്.
രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന വൈറസ് ബാധ പടരാന്‍ മധ്യപ്രദേശിലെ അട്ടിമറി കാരണമാണെങ്കില്‍, കോണ്‍ഗ്രസ്സിനും ഉണ്ട് അതില്‍ പ്രധാന ഉത്തരവാദിത്വം. കോണ്‍ഗ്രസ്സിലെ വൈറസുകളാണ് ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നത്.
അധികാരത്തിനു വേണ്ടി കളം മാറ്റി ചവിട്ടാന്‍ യാതൊരു ഉളുപ്പുമില്ലാത്ത ‘പാരമ്പര്യത്തിന്റെ’ പരിണിത ഫലമാണ് മധ്യപ്രദേശില്‍ നാം കണ്ടത്.
രാഹുല്‍ ഗാന്ധിയുടെ വലം കൈ ആയ ജോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ചത്.
ഇതോടെ, ഖദറില്‍ നിന്നും കാവിയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന്, ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് രാജ്യത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.
പ്രത്യയശാസ്ത്രപരമായ കരുത്തോ, സംഘടനാപരമായ അടിത്തറയോ ഇല്ലാത്ത കോണ്‍ഗ്രസ്സില്‍ നിന്നും, ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിട്ടും ഇനി കാര്യമില്ല.
ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി.ജെ.പി എന്നതാണ് പൊതുവായ വിലയിരുത്തല്‍.
ഗോവയിലും കര്‍ണ്ണാടകയിലും കണ്ട കാഴ്ച തന്നെയാണ് മധ്യപ്രദേശിലും ഇപ്പോള്‍ കണ്ടിരിക്കുന്നത്. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഈ സംസ്ഥാനത്തും മുഖ്യമന്ത്രി – ഉപമുഖ്യമന്ത്രി പോരാണ് നടക്കുന്നത്. കോവിഡിലെ ഇടവേള കഴിഞ്ഞാല്‍ രാജസ്ഥാനിലും പൊട്ടിത്തെറിക്ക് വലിയ സാധ്യതയാണുള്ളത്.
ബി.ജെ.പി ചാക്കുമായി വരുമ്പോള്‍ അതില്‍ ചാടികയറാനുള്ള മാനസികാവസ്ഥയാണ് ഇവിടെയും കോണ്‍ഗ്രസ്സ് നേതാക്കളെ നയിക്കുന്നത്. രാജ്യത്ത് കാവി രാഷ്ട്രീയത്തിന് വേരുറപ്പിക്കാന്‍ സഹായകരമായതും കോണ്‍ഗ്രസ്സിന്റെ ഇത്തരം നിലപാടുമൂലമാണ്.
മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലം മുതലാണ് ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണായി രാജ്യം മാറ്റപ്പെട്ടത്.
അനവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതിനകം തന്നെ കാവിയണിഞ്ഞു കഴിഞ്ഞു. മറ്റുള്ളവരാകട്ടെ ക്യൂവിലുമാണ്.തല തിരിഞ്ഞ നേതാക്കള്‍ ഉള്ള കേരളത്തില്‍ പോലും, ഒരു മുന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ ബി.ജെ.പിയിലെത്തി കഴിഞ്ഞു.പഴയ അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ബി.ജെ.പിയുടെ അത്ഭുതകുട്ടിയാണ്.
കൈപ്പത്തി എങ്ങനെ താമര ഇതളായി മാറുമെന്നതിന് മലയാളികള്‍ക്കു മുന്നിലുള്ള ഒടുവിലത്തെ ഉദാഹരണമാണിത്.
ഈ ‘കണ്ണി’തന്നെയാണ് ജോതിരാദിത്യ സിന്ധ്യയിലും എത്തി നില്‍ക്കുന്നത്.
കോണ്‍ഗ്രസ്സ് കണ്ണികള്‍ കാവിയോട് കൂട്ടി ചേര്‍ക്കുന്ന തിരക്കിലാണ്, കോവിഡിന്റെ കണ്ണി പൊട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരും മറന്നു പോയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി പറഞ്ഞാലും ഇല്ലങ്കിലും, കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അടിയന്തര നടപടി കേന്ദ്രം സ്വീകരിക്കണമായിരുന്നു. അതിന് മധ്യപ്രദേശിലെ ‘ഓപ്പറേഷന്‍’ പൂര്‍ത്തിയാക്കാന്‍ കാത്തിരുന്നത് വലിയ പിഴവ് തന്നെയാണ്.മാര്‍ച്ച് 23ന് മധ്യപ്രദേശില്‍ ഭരണമാറ്റം വന്നതിനു ശേഷം തൊട്ടടുത്ത ദിവസമാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വഞ്ചനാപരമായ നിലപാടാണിത്.
രാജ്യത്തെ 138കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവന്‍ വച്ച് ഒരു സര്‍ക്കാറും ‘ രാഷ്ട്രീയം കളിക്കാന്‍ ‘ പാടുളളതല്ല. കോവിഡ് ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച് മാര്‍ച്ച് 12ന് തന്നെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.ഇത് ഗൗരവമായി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമായിരുന്നു.
വിമാന താവളങ്ങളിലെ പ്രഹസന പരിശോധനയാണ് രാജ്യത്ത് സ്ഥിതി ഏറെ വഷളാക്കിയിരിക്കുന്നത്.
വിമാനമിറങ്ങുന്ന എല്ലാവരെയും നിര്‍ബന്ധിത ക്വാറന്റൈന്‍ ചെയ്യണമായിരുന്നു. സ്ഥിതി വഷളാകും വരെ, കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ മാത്രം പരിശോധിച്ചതും, വലിയ വീഴ്ചയാണ്.
പനിക്കുള്ള മരുന്ന് കഴിച്ച് വിമാനമിറങ്ങിയവര്‍ ആരോഗ്യ പ്രവര്‍ത്തകരെയാണ് യഥാര്‍ത്ഥത്തില്‍ കബളിപ്പിച്ചിരിക്കുന്നത്. ഇത്തരക്കാരില്‍ നടത്തിയ തെര്‍മ്മല്‍ സ്‌ക്രീനിങ്ങില്‍ പനി ലക്ഷണം കണ്ടെത്താന്‍ കഴിയാത്തതാണ് തിരിച്ചടിയായത്.
പുറത്ത് വൈറസ് പടര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരിക്കുന്നതും ഇങ്ങനെ ചാടിപ്പോയവരാണ്. നിര്‍ബന്ധിത ക്വാറന്റൈന്‍ നടപ്പാക്കിയിരുന്നെങ്കില്‍ വൈറസ് ബാധ പിടിച്ചു നിര്‍ത്താന്‍ തീര്‍ച്ചയായും കഴിയുമായിരുന്നു. ഇന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ് നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ സ്ഥിതി ഏറെ ഗുരുതരമാണ്. കേരളത്തില്‍ മാത്രമാണ് ഫലപ്രദമായി വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. അതാകട്ടെ കേരളത്തിന്റെ മാത്രം നേട്ടമാണ്.
കമല്‍നാഥിന്റെ കോണ്‍ഗ്രസ്സിന് ഭരണപങ്കാളിത്വമുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരും ഉള്ളത്. കൂടുതല്‍ പേര്‍ മരണപ്പെട്ടതും ഈ സംസ്ഥാനത്താണ്. പരിശോധന ഫലപ്രദമായി നടക്കാത്തതിനാലാണ് കേസുകളുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നതിന് പ്രധാന കാരണം.ഈ യാഥാര്‍ത്ഥ്യം രാജ്യത്തെ ജനങ്ങളെയാകെ ആശങ്കപ്പെടുത്തുന്നതാണ്.
കോവിഡ് പ്രത്യാഘാതം സംബന്ധിച്ച് ഫെബ്രുവരി 12ന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയ രാഹുല്‍ കളിച്ചതും രാഷ്ട്രീയം തന്നെയാണ്.
അതല്ലായിരുന്നു എങ്കില്‍ കോണ്‍ഗ്രസ്സിന് ഭരണപങ്കാളിത്വമുള്ള സംസ്ഥാനങ്ങളിലെങ്കിലും ജാഗ്രത പാലിക്കണമായിരുന്നു. എന്നാല്‍ അതും സംഭവിച്ചിട്ടില്ല.
മഹാരാഷ്ട്ര ഇന്ന് നേരിടുന്ന പ്രതിസന്ധി തന്നെ ഇതിന് വലിയ ഉദാഹരണമാണ്. കോണ്‍ഗ്രസ്സിന്റെ കൂടി പിന്തുണയോടെയാണ് ഉദ്ധവ് സര്‍ക്കാര്‍ ഇവിടെ ഭരിക്കുന്നത്. നിരവധി മന്ത്രിമാരും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിനുണ്ട്.
സംസ്ഥാന തലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ഒരു സംസ്ഥാനത്തിനും ആവശ്യമില്ല. വിവേകപൂര്‍ണ്ണമായ തീരുമാനമാണ് അവിടെ ആവശ്യമായിട്ടുള്ളത്.പിന്നെ വേണ്ടത് ചങ്കുറപ്പാണ്. ഇത് രണ്ടും ഉള്ളത് കൊണ്ടാണ് കേരളം വൈറസിനെ തുരത്തി കൊണ്ടിരിക്കുന്നത്. വിമാന താവളങ്ങള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ അല്ലായിരുന്നു എങ്കില്‍ പരിശോധന കഴിയാത്ത ഒരാളും ഇവിടെ നിന്നും പുറത്ത് കടക്കില്ലായിരുന്നു. വിദേശികള്‍ ഉള്‍പ്പെടെ ലാന്‍ഡ് ചെയ്ത എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാതിരുന്നത് തന്നെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം.
Staff Reporter