പൊലീസിന്റെ മുഖച്ഛായ മാറ്റിയ ഐ.പി.എസ്, കാക്കിക്ക് ഇപ്പോൾ കരുതലിന്റെ നിറം

സിവില്‍ സര്‍വ്വീസ് ദിനമാണ് ഏപ്രില്‍ 21. ഇത്തവണത്തെ ഈ ദിവസത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

രാജ്യത്തെ മുഴുവന്‍ സിവില്‍ സര്‍വ്വീസുകാരും കോവിഡിനെതിരായ പോരാട്ടത്തിന്റെ മുന്നണി പോരാളികളാണ്. സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ചാണ് അവരുടെ സേവനം. കൊലയാളി വൈറസിനെ സംബന്ധിച്ച് ഐ.എ.എസ് എന്നോ, ഐ.പി.എസ് എന്നോ, ഒരു വകഭേദവുമില്ല. ഈ റിസ്‌ക്ക് അവരുടെ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമാണ്.ഭരണപരമായ ചട്ടക്കൂടിനും അപ്പുറമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ സേവനങ്ങളെല്ലാം.

ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ്. പ്രത്യേകിച്ച് കേരളത്തിലെ ഐ.പി.എസുകാര്‍ ഇന്ന്, രാജ്യത്തിന് തന്നെ മാതൃകയാണ്.

പരമ്പാരാഗത പൊലീസിങ്ങിനെ പൊളിച്ചടുക്കിയാണ് ഇവിടെ കാക്കിപ്പട തല ഉയര്‍ത്തി നില്‍ക്കുന്നത്.

എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജിമാരായ പി.വിജയന്‍, എസ് ശ്രീജിത്ത്, ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന്‍ തുടങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരായവരാണ്.

ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ രൂപം കൊണ്ട ‘നിര്‍ഭയം’ എന്ന വീഡിയോ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. സി.ഐ അനന്തലാലും സംഘവുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിജീവനത്തിന് ആവേശം പകരുന്ന ഈ ഗാനത്തിന്, ബിഗ് സല്യൂട്ടുമായി സാക്ഷാല്‍ കമല്‍ ഹാസന്‍ തന്നെ രംഗത്തു വരികയുണ്ടായി. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അത്യാവശ്യ യാത്രകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയതും എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സൈബര്‍ ഡോമാണ്. പിന്നീട് മറ്റു പല സംസ്ഥാനങ്ങളും ഇതേ മാര്‍ഗ്ഗം സ്വീകരിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

കേരളം പോലുള്ള ഒരു ഡിജിറ്റല്‍ സംസ്ഥാനത്ത് സമൂഹ മാധ്യമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുതന്നെയാണ് പൊലീസ് സൈബര്‍ വിഭാഗം തുടക്കം മുതല്‍ നീങ്ങിയിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെയായിരുന്നു ആദ്യനടപടി.

എഡിജിപി മനോജ് എബ്രഹാമിന്റെ കാര്യക്ഷമമായ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയാ സെല്‍ പ്രവര്‍ത്തനം നടന്നുവരുന്നത്. ഫേസ്ബുക്കില്‍ 1.3 മില്ല്യണ്‍ ഫോളോവേഴ്‌സും ടിക്ക് ടോക്ക്, ഷെയര്‍ ചാറ്റ്, ട്വിറ്റര്‍, യൂട്യൂബ് മുതലായവയില്‍ 2.5 മില്ല്യണില്‍ കൂടുതല്‍ ഫോളോവേഴ്‌സിനേയും കേരളാ പോലീസ് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ബോധവല്‍ക്കരണ പരിപാടികളും വീഡിയോകളും ട്രോളുകളുമാണ് കേരളാ പോലീസിന്റേതായി നിലവിലുള്ളത്. സോഷ്യല്‍ മീഡിയയിലെ ഈ കരുത്ത്, വൈറസ് ബോധവത്കരണത്തിന് ഏറെ സഹായകരമായിട്ടുണ്ട്.

ഐ.ജി. പി. വിജയന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഒരു വയറൂട്ടാം എന്ന പദ്ധതിയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയാണ്.

നന്മ ഫൗണ്ടേഷനുമായി ചേര്‍ന്ന് കേരള പൊലീസ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ദിവസേന മുപ്പതിനായിരത്തോളം പേര്‍ക്കാണ് ഇവര്‍ സൗജന്യ ഭക്ഷണം നല്‍കി വരുന്നത്.

ലോക്ക് ഡൗണിന്റെ തുടത്തില്‍ ആരംഭിച്ച ഈ പദ്ധതി, പൊലീസിന്റെ മാനുഷിക മുഖം വ്യക്തമാക്കുന്നത് കൂടിയാണ്. ഡി.ജി.പിയും ഐ.ജിയും മുതല്‍ സാധാരണ പൊലീസുകാര്‍ വരെ ഭക്ഷണ പൊതികളുമായി തെരുവിലിറങ്ങിയത് അസാധാരണ കാഴ്ച തന്നെയായിരുന്നു.

പ്രവാസികളെ സഹായിക്കുന്നതിനായി ഇപ്പോള്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കും ഐ.ജിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 8943 180000 എന്നതാണ് ഹൈല്‍പ്പ് ലൈന്‍ നമ്പര്‍.

കോവിഡിന്റെ പശ്ചാത്തലത്തില്‍, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന്‍ തയ്യാറാക്കിയ വീഡിയോയും, ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് ഡ്യൂട്ടി കഴിഞ്ഞു വരുന്ന പൊലീസുകാരന്റെ പ്രയാസങ്ങളാണ് ഈ വീഡിയോയിലൂടെ തുറന്ന് കാട്ടിയിരുന്നത്.

‘ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, തന്റെ അരികിലേക്ക് ഓടി വരുന്ന കുട്ടികളെ വിലക്കുന്നതും അവര്‍ പകച്ച് നില്‍ക്കുന്നതുമായിരുന്നു’ ദൃശ്യം. ഇതില്‍ അഭിനയിച്ചത് ഡി.ഐ.ജിയും കുടുംബവും തന്നെ ആയിരുന്നു.ഏറെ ഹൃദയ സ്പര്‍ശിയായ ഈ വീഡിയോ നടന്‍ ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് ഏറ്റെടുക്കുകയും ചെയ്തു.

ലോക് ഡൗണ്‍ കാലത്തിന് ശേഷവും നമ്മള്‍ പൂര്‍ണ്ണ സുരക്ഷിതരല്ലന്ന മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു വീഡിയോയും സഞ്ജയ് കുമാര്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. വാക്സിന്‍ വരുന്നത് വരെ സൂക്ഷിക്കണമെന്നും, അതല്ലങ്കില്‍ രണ്ടാമത്തെ ലോക്ക് ഡൗണ്‍ താങ്ങാന്‍ പറ്റില്ലന്നുമാണ് ഈ വീഡിയോയിലൂടെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ലോക് ഡൗണ്‍ കാലത്ത് പാട്ട് പാടി, ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്താണ്.

കൊറോണക്കാലത്തിനായി, ഇങ്ങനെ പൊലീസിങ്ങില്‍ വലിയപൊളിച്ചെഴുത്ത് തന്നെയാണ് കേരളത്തില്‍ നടത്തിയിരിക്കുന്നത്.

ഭാവമാറ്റവുമായി ഐ.പി.എസുകാര്‍ തന്നെ മുന്നിട്ടിറങ്ങിയത് പൊലീസുകാരിലും ശരിക്കും പ്രതിഫലിച്ചിട്ടുണ്ട്.

‘പോരാട്ടത്തിന്റെ നാള്‍ വഴികള്‍’ എന്ന ഗാനവുമായി തൃശൂരിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരും രംഗത്തു വരികയുണ്ടായി. കോവിഡ് പ്രതിരോധ കാലത്തെ പൊലീസ് എന്താണെന്നതിന്റെ ദൃശ്യാവിഷ്‌ക്കാരമായിരുന്നു ഇത്.

നേരത്തെ കോവിഡ് 19ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കേരള പൊലീസ് പുറത്തിറക്കിയ നൃത്ത വീഡിയോയും സൂപ്പര്‍ ഹിറ്റായിരുന്നു. ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വീഡിയോ ദൃശ്യം പ്രചരിപ്പിച്ചിരുന്നത്.

കൊറോണക്കാലത്ത് വ്യത്യസ്ത ഭാവങ്ങളുമായി ഇപ്പോഴും നിറഞ്ഞാടുന്നതില്‍ മുന്നില്‍ കേരള പൊലീസ് തന്നെയാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും മാത്രമല്ല, ജാഗ്രത പാലിക്കേണ്ടതിന്റെ മുന്നറിയിപ്പും വീഡിയോകളിലൂടെ കാക്കിപ്പട നല്‍കി വരുന്നുണ്ട്.

ആപ്പുകള്‍ പോലുളള ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചും, ജനമൈത്രി പോലീസിന്റെ സന്ദര്‍ശനങ്ങള്‍ വഴിയും, വീഡിയോ കോളിലൂടെയും, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിച്ചും, ലംഘിക്കുന്നവരെ അറസ്റ്റു ചെയ്തും പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. വൈദ്യ സഹായങ്ങള്‍ക്കായി ഐഎംഎ-യുമായി സഹകരിച്ച് ടെലി മെഡിസിന്‍ ആപ്പും, ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ഷോപ്പിങ് ആപ്പും, കര്‍ഫ്യൂ പാസ് കിട്ടുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും, കേരളാ പോലീസ് ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വ്യാജ മദ്യവും, മയക്കു മരുന്നും , വില്‍ക്കുന്നത് തടയുന്നതിനും ഡ്രോണ്‍ നിരീക്ഷണം വ്യാപകമാക്കുന്നതിലൂടെ സാധിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കോളനികളില്‍, അവര്‍ക്ക് മതിയായ സൌകര്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതില്‍, കേരളാ പോലീസ് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

അനുസരണക്കേട് കാണിക്കുന്നവരോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കാസര്‍ഗോഡും, കണ്ണൂരും സ്ഥിതി നിയന്ത്രണ വിധേയമായിരിക്കുന്നത്. ഇതിന് ഐ.ജി വിജയ് സാഖറെയെയും എസ്.പി യതീഷ് ചന്ദ്രയെയും പ്രത്യേകം തന്നെ അഭിനന്ദിക്കേണ്ടതുണ്ട്.

സമൂഹത്തില്‍ ക്രമസമാധാന പാലനം നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും കേരളാ പോലീസ് വഹിക്കുന്ന ഉത്തരവാദിത്തം വളരെ വലുതാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സ്വാതന്ത്ര്യവും, പിന്തുണയും എടുത്ത് പറയേണ്ടതാണ്.

കാക്കി ഇപ്പോള്‍ കരുതലിന്റെ നിറമായി മാറിയിരിക്കുകയാണെന്നാണ് സംവിധായകന്‍ ഷാജി കൈലാസും അഭിപ്രായപ്പെട്ടിരിക്കുന്നത്. ജാഗ്രതയുടെ, അര്‍പ്പണബോധത്തിന്റെ, ആത്മാര്‍ത്ഥതയുടെ, ഏകാഗ്രതയുടെ … എല്ലാം നിറമാണിപ്പോള്‍ കാക്കി.

സിനിമയിലൂടെ ക്ഷുഭിത കാക്കിയെ അവതരിപ്പിച്ച് കയ്യടി നേടിയ, ഷാജി കൈലാസിനുപോലും, ഇപ്പോഴത്തെ പൊലീസിന്റെ ഈ വ്യത്യസ്ത മുഖം, പുതിയ അനുഭവം തന്നെയാണ്.

ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍, ആദ്യ വിജയം സ്വന്തമാക്കാന്‍ പോകുന്നത് ഇനി നമ്മുടെ ഈ കൊച്ചു കേരളമാണ്. അതിന്റെ മുന്നണിപ്പോരാളികളായി ചരിത്രത്തില്‍ പൊലീസിനും ഉണ്ടാകും തീര്‍ച്ചയായും ഒരിടം.

Express View

Top