കൊലയാളി വൈറസ്, ഒടുവില്‍ യു.ഡി.എഫിന്റേയും രക്ഷകരാകുന്നു.
കുട്ടനാട് , ചവറ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ് ചാണ്ടി അന്തരിച്ചിട്ട് ജൂണ്‍ 19 ന് ആറുമാസം തികയുകയാണ്. അതിന് മുന്‍പ് ഒരു തിരഞ്ഞെടുപ്പ് ഇനി അസാധ്യമാണ്.
കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഉപ തിരഞ്ഞെടുപ്പിനും വെല്ലുവിളി ഉയര്‍ത്തുന്നത്. ഇളവുകള്‍ ഉപയോഗപ്പെടുത്തി ജനങ്ങളിലേക്കിറങ്ങാന്‍ നേതാക്കള്‍ക്കും പരിമിതിയുമുണ്ട്.
രണ്ട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പിന് സാധ്യത കുറവാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കറാം മിണയും വ്യക്തമാക്കിയിരിക്കുന്നത്.
കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലാണ് നിലവില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.കോവിഡ് ഉയര്‍ത്തിയ സാമൂഹിക ചുറ്റുപാട് പ്രതികൂലമായതിനാല്‍, ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും ഇപ്പോള്‍ ആലോചിക്കുന്നില്ല. ലോക് ഡൗണിന് ശേഷം സ്ഥിതി പരിശോധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടി അഭിപ്രായം തേടാനാണ് കമ്മിഷന്റെ തീരുമാനം.
ഒക്ടോബര്‍ – നവംബര്‍ മാസത്തിനുള്ളില്‍ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. കേരളം, ബംഗാള്‍, തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2021 മെയ് മാസത്തോടെയാണ് നടക്കേണ്ടത്.
കോവിഡ് വ്യാപനം രൂക്ഷമായാല്‍ അത് പൊതു തിരഞ്ഞെടുപ്പുകളെയും ഗുരുതരമായി ബാധിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ സ്വാഭാവികമായും തിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വരും. ഗവര്‍ണ്ണര്‍ ഭരണത്തിലേക്ക് കാര്യങ്ങള്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
അതേ സമയം കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന കേരളത്തില്‍, ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചാലും പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കാന്‍ സാധ്യത കുറവാണ്.
വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റൈനാണ് ഇക്കാര്യത്തില്‍ ഇനി നിര്‍ണ്ണായകമാകുക.
പിണറായി സര്‍ക്കാറിന്റെ കാലാവധി 2021മെയിലാണ് അവസാനിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അത് മെയിലോ, ജൂണ്‍ ആദ്യവാരത്തിലോ നടക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനുള്ള വിജ്ഞാപനത്തെ കുറിച്ച് പോലും ചിന്തിക്കാന്‍ കഴിയുകയില്ല.
ഈ വര്‍ഷം അവസാനം നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പുകളും ത്രിശങ്കുവിലാണ്. നിലവിലെ അവസ്ഥ മാറിയാല്‍ മാത്രമേ ഈ തിരഞ്ഞെടുപ്പിനെ കുറിച്ചും ചിന്തിക്കാന്‍ കഴിയുകയുള്ളൂ.
നിലവിലെ സാഹചര്യത്തില്‍ കേരളമിപ്പോള്‍ ഏറെ സുരക്ഷിതമാണ്. വിദേശത്ത് നിന്നും തിരികെ എത്തുന്നവരെ ആശ്രയിച്ചായിരിക്കും ഇനിയുള്ള രോഗ വ്യാപ്തി.
വൈറസ് ബാധിതരില്‍ നിന്നും രോഗം പടരാതിരിക്കാന്‍, കര്‍ശനമായ ക്വാറന്റൈന്‍ സംവിധാനമാണ് കേരളത്തിലും ഒരുക്കുന്നത്. സര്‍ക്കാറിന്റെ സകല സംവിധാനങ്ങളും ഇതിനായാണിപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്.
ഇതിനിടയില്‍ തന്നെയാണ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളുമായി പ്രതിപക്ഷവും രംഗത്തിറങ്ങിയിരിക്കുന്നത്.
വൈറസ് പ്രതിരോധത്തേക്കാള്‍ അവര്‍ക്ക് പ്രാമുഖ്യം രാഷ്ട്രീയ ആരോപണങ്ങളിലാണ്.
ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും പാളിയില്‍ കേരളം കൈവിട്ട് പോകുമെന്ന ഭീതിയാണ് യു.ഡി.എഫിനെ അലട്ടുന്നത്.
അതുകൊണ്ട് തന്നെ, ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലന്ന വാര്‍ത്തകള്‍ അവരെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്നതാണ്.
ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളായ കുട്ടനാട്ടിലും, ചവറയിലും ഒരു പ്രതീക്ഷയും യു.ഡി.എഫിനില്ല. ഉള്ള വോട്ടുകള്‍ തന്നെ സമാഹരിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെയാകും അവരുടെ വലിയ നേട്ടവും.
യു.ഡി.എഫ് കോട്ടകളായ പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ നിലവില്‍ യു.ഡി.എഫിനെ കൈവിട്ടു കഴിഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എഫക്ടില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടവും, യു.ഡി.എഫിനിപ്പോള്‍ കോട്ടമായി മാറി കഴിഞ്ഞിട്ടുണ്ട്.
പൗരത്വ ഭേദഗതിയ്‌ക്കെതിരായ പോരാട്ടത്തിലെ ‘പാലം വലി’ യും തിരിച്ചടിച്ചിട്ടുണ്ട്.
ന്യൂനപക്ഷങ്ങളിലെ പിന്തുണയിലാണ് ഇവിടെ കോട്ടം തട്ടിയിരിക്കുന്നത്.
80 ലക്ഷം പേരെ തെരുവിലിറക്കി ഇടതുപക്ഷം രചിച്ച മഹാശ്യംഖലയില്‍, യു.ഡി.എഫ് കോട്ടകളാണ് ഉലഞ്ഞത്.ലീഗ് വോട്ട് ബാങ്കില്‍ വരെ വിള്ളല്‍ വീഴ്ത്തിയ ചുവപ്പ് മുന്നേറ്റമായിരുന്നു അത്.
ഇതിനു ശേഷം എത്തിയ വൈറസിനെയും, ഇടതു സര്‍ക്കാറിന് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുകയുണ്ടായി. കേന്ദ്ര സര്‍ക്കാറിന് പോലും, കേരള മാതൃക നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും കേരളം കൈവരിച്ച മുന്നേറ്റമാണ് വൈറസ് പ്രതിരോധത്തിനും സഹായകരമായിരിക്കുന്നത്.നിപ്പയേയും പ്രളയത്തയും കേരളം നേരിട്ടതും ഈ കരുത്തിനാല്‍ തന്നെയാണ്.
ഈ അതിജീവന ചരിത്രം, പിണറായി സര്‍ക്കാറിന് അനുകൂലമായി മാറുമെന്ന ഭീതിയാണ്, യു.ഡി.എഫിനെ ഏറെ പരിഭ്രാന്തരാക്കുന്നത്.
അതു കൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല.
ഉപതിരഞ്ഞെടുപ്പ് മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പും ഉടനെ വേണ്ടന്ന നിലപാടിലാണ്
യു.ഡി.എഫ്.
നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പും മതിയെന്ന വാദമാണ്, പ്രമുഖ യു.ഡി.എഫ് നേതാക്കളും മുന്നോട്ട് വയ്ക്കുന്നത്.
പുതിയ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം തൂത്ത് വാരുമെന്ന ഭയമാണ് ഇതിന് പിന്നില്‍.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി യു.ഡി.എഫിലും വലിയ ഭിന്നതയാണ് ഇപ്പോഴുള്ളത്. കേരള കോണ്‍ഗ്രസ്സ് രണ്ടായി പിളര്‍ന്ന അവസ്ഥയിലാണുള്ളത്. മുസ്ലീം ലീഗിലും രണ്ട് ചേരികള്‍ ശക്തി പ്രാപിച്ച് വരുന്നുണ്ട്.
കെ.എം ഷാജിയുടെ പ്രതികരണത്തില്‍ രണ്ടഭിപ്രായമുള്ള നേതാക്കള്‍ ആ പാര്‍ട്ടിയില്‍ തന്നെ, നിരവധിയുണ്ട്.
കോണ്‍ഗ്രസ്സില്‍ എ – ഐ ഗ്രൂപ്പുകളും രൂക്ഷമായ ഭിന്നതയിലാണ്. ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ലന്ന ഉറച്ച നിലപാടിലാണ് എ ഗ്രൂപ്പ്.
കെ.മുരളീധരനെ ഒപ്പം നിര്‍ത്തി ഐ ഗ്രൂപ്പിനെ ശിഥിലമാക്കാനാണ് ഉമ്മന്‍ ചാണ്ടിയും ശ്രമിക്കുന്നത്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നീ ഐ വിഭാഗം നേതാക്കള്‍ക്കും, ചെന്നിത്തലയോട് പഴയ താല്‍പ്പര്യം ഇപ്പോഴില്ല. ഉമ്മന്‍ ചാണ്ടിയുമായി ചേര്‍ന്നു നില്‍ക്കാനാണ് ഇവരും താല്‍പ്പര്യപ്പെടുന്നത്. കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ അടിത്തറയും ഏറെ നിര്‍ജീവമാണ്. ഇടതുപക്ഷത്താകട്ടെ സിപിഎമ്മിന്റെ സംഘടനാ ശക്തി അതിശക്തമാണ്. എസ്.എഫ്.ഐ മുതല്‍ ഡി.വൈ.എഫ്.ഐ വരെ പ്രവര്‍ത്തന മേഖലകളില്‍ സജീവമാണ്. കരുത്തുറ്റ കേഡര്‍മാരിലാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം. ഏത് തെരഞ്ഞെടുപ്പിനേയും, ഏത് നിമിഷവും നേരിടാന്‍ ചെമ്പട തയ്യാറാണ്.
ഈ പ്രതികൂല സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ പരമാവധി വൈകട്ടെ എന്ന പ്രാര്‍ത്ഥന മാത്രമാണ് യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. മുന്നണിയുടെ അതിജീവനത്തിനും ഇത് മാത്രമാണ് പോംവഴി എന്നാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.
ഉപതിരഞ്ഞെടുപ്പുള്‍പ്പെടെ മാറ്റിവെച്ചാല്‍ യുഡിഎഫ് ഇനി ഏറെ കടപ്പെട്ടിരിക്കുക വൈറസിനോടായിരിക്കും.
Political Reporter