യു.ഡി.എഫ് നേതൃരംഗത്ത് മാറ്റത്തിന് കളമൊരുങ്ങുന്നു. ആരോഗ്യം വീണ്ടെടുത്ത ഉമ്മന്‍ചാണ്ടി, വീണ്ടും കളത്തിലിറങ്ങുമെന്നാണ് സൂചന.
കോവിഡ് വിഷയത്തില്‍ ചാനലുകളില്‍ ലൈവായി പ്രത്യക്ഷപ്പെടുന്ന ഉമ്മന്‍ചാണ്ടി, ശക്തമായി തിരിച്ചു വരാനുള്ള ശ്രമത്തിലാണ്.
നിലവില്‍ പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനും രമേശ് ചെന്നിത്തലയാണ്.
പ്രതിപക്ഷ നേതാവ് എന്ന രീതിയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍, ഘടക കക്ഷികളും അതൃപ്തരാണ്. ഇതെല്ലാമാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവിന് സാധ്യത കൂട്ടുന്നത്.
പിണറായിയോട് ഏറ്റുമുട്ടി നില്‍ക്കാനുള്ള ജനസ്വാധീനം ഇല്ലാത്തതാണ്, ചെന്നിത്തലക്ക് തിരിച്ചടിയാകുന്നത്.
അദ്ദേഹം ഉയര്‍ത്തി കൊണ്ടുവന്ന ആരോപണങ്ങളും പൊളിയുകയുണ്ടായി. ഏറ്റവും ഒടുവില്‍ സ്പ്രിംങ്ക്‌ളര്‍ വിവാദത്തില്‍ കോടതി വിധിയും തിരിച്ചടിയായി. ഉറപ്പായും പ്രതീക്ഷിച്ച സ്റ്റേയാണ് ഇവിടെ ലഭിക്കാതിരുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഏറ്റെടുത്ത് വിജയിപ്പിച്ച, ഒരു വിഷയം പോലും ചെന്നിത്തലയ്ക്കിപ്പോള്‍ ചൂണ്ടിക്കാട്ടാനില്ല.
കൊറോണക്കാലം കഴിഞ്ഞാല്‍ നേതൃമാറ്റം ആവശ്യപ്പെടാനാണ് ഘടകകക്ഷികളും നിലവില്‍ ആലോചിക്കുന്നത്.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമതി നേതൃമാറ്റമെന്നാണ് എ ഗ്രൂപ്പ് നിലപാട്.
തന്ത്രപരമായ നീക്കമാണിത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ‘എ’ വിഭാഗം പ്രതീക്ഷിക്കുന്നത്.
പ്രളയവും, നിപ്പയും, കോവിഡുമെല്ലാം ഇടതുപക്ഷത്തെയാണ് തുണക്കുകയെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍, ഉമ്മന്‍ചാണ്ടി തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രം ‘കളം’ ഏറ്റെടുക്കണമെന്നാണ് നിര്‍ദ്ദേശം.
തദ്ദേശതെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി യു.ഡി.എഫ് ഏറ്റുവാങ്ങിയാല്‍ പിന്നെ, ചെന്നിത്തലയുടെ നിലയാണ് പരുങ്ങലിലാകുക.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹത്തിന് സ്വയം ഒഴിയേണ്ടി വരുമെന്നാണ് എ വിഭാഗം കരുതുന്നത്.അങ്ങനെ വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി തന്നെയാകും യു.ഡി.എഫിനെ നയിക്കുക.
ഈ അപകടം മുന്നില്‍ കണ്ട് ഐ ഗ്രൂപ്പും അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിര്‍ദ്ദേശമാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കാന്‍ ആലോചിക്കുന്നത്.
എന്നാല്‍ ഇതെല്ലാംതന്നെ, നടക്കാത്ത സ്വപ്നമായി മാറുമെന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.
തമ്മിലടിയും അധികാര മോഹവും മൂലം കോണ്‍ഗ്രസ്, ഉള്ള സീറ്റുകള്‍ തന്നെ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍.
മാത്രമല്ല സംഘടനാപരമായും ഇടതുസംഘടനകള്‍ ശക്തമാണ്.
യു.ഡി.എഫില്‍, ലീഗും പോഷക സംഘടനകളും മാത്രമാണ് കാര്യമായി രംഗത്തുള്ളത്. അവരുടെ പ്രവര്‍ത്തനമാകട്ടെ ഏതാനും ജില്ലകളില്‍ മാത്രം ഒതുങ്ങിയതുമാണ്.
യൂത്ത് കോണ്‍ഗ്രസ്സില്‍ ‘എ’ വിഭാഗക്കാരനായ ഷാഫി പറമ്പില്‍ പ്രസിഡന്റായ ശേഷം, സജീവമാകാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഡി.വൈ.എഫ്.ഐയുടെ കരുത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സും ശരിക്കും വിയര്‍ക്കുന്നുണ്ട്.
ആള്‍ക്കൂട്ടമാണ് എന്നതും, ഷോ വര്‍ക്ക് മാത്രമാണ് നടത്തുന്നത് എന്നതുമാണ്, കോണ്‍ഗ്രസ്സിന്റെ പരാജയം.
അവരുടെ പോഷക സംഘടനകളെയും ഇത് ശരിക്കും ബാധിച്ചിട്ടുണ്ട്.
കാമ്പസുകളില്‍ കെ.എസ്.യു ഒരു ഓര്‍മ്മ മാത്രമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
എസ്.എഫ്.ഐക്ക് മുന്നില്‍ ഒരു സംഘടന എന്ന നിലയില്‍ പോലും നില്‍ക്കാനുള്ള ശേഷി, നിലവില്‍ ആ സംഘടനക്കില്ല.
സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലാ യൂണിയനുകളും ഭരിക്കുന്നത് എസ്.എഫ്.ഐയാണ്.അതു പോലെ കോളേജുകള്‍, ഐ.ടി.ഐ, പോളിടെക്‌നിക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും ഈ സംഘടനക്ക് തന്നെയാണ് മേധാവിത്വം.
കാമ്പസ് രാഷ്ട്രീയത്തിന് കൂച്ച് വിലങ്ങിട്ട, കോടതി ഉത്തരവ് മറികടക്കാന്‍, പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.
കാമ്പസ് രാഷ്ട്രീയം മുതല്‍ ഇങ്ങനെ കൃത്യമായി സി.പി.എം ഇടപെടുമ്പോള്‍ കോണ്‍ഗ്രസ്സിന് അതിനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ പോലും എസ്.എഫ്.ഐ ആകുന്നതും അതു കൊണ്ടാണ്.
ഇതില്‍ ഒരു മാറ്റം വരണമെന്ന് ഏറെ ആഗ്രഹിക്കുന്നത് കെ.മുരളീധരനെ പോലെയുള്ള നേതാക്കളാണ്.
കെ.എസ്.യു ശക്തമായാലേ യൂത്ത് കോണ്‍ഗ്രസ്സും ശക്തമാകൂ എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എങ്കില്‍ മാത്രമേ കോണ്‍ഗ്രസ്സിനും നിലനില്‍പ്പുണ്ടാകൂ എന്നാണ് വാദം.
ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതില്‍,കെ.പി.സി.സി നേതൃത്വമാണ് പരാജയപ്പെട്ടിരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം, ശക്തമായ ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാന്‍, യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
ഇവിടെയാണ് രമേശ് ചെന്നിത്തല പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.
സാധാരണ പ്രതിപക്ഷത്താകുമ്പോഴാണ് പ്രതിപക്ഷ സംഘടനകള്‍ ശക്തമാകാറുള്ളത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് അനുഭവം.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പോലും യു.ഡി.എഫിന് ശരിക്കും പാളുകയാണുണ്ടായത്.
മനുഷ്യമഹാശൃംഖലയിലൂടെ ഈ സമരത്തില്‍ പോലും ചാമ്പ്യന്‍മാരായത് ഇടതുപക്ഷമാണ്. 80 ലക്ഷത്തിലധികം പേരെ അണിനിരത്തിയാണ്, കേരളത്തെ ചെമ്പട അളന്നിരുന്നത്. മുസ്ലിം ലീഗ് അനുകൂല സംഘടനകള്‍ വരെ, ഈ പ്രതിഷേധത്തില്‍ അണിചേരുകയുണ്ടായി.
കൊറോണക്കാലവും ചതിച്ചതോടെ ഇനി യു.ഡി.എഫിന് മുന്നിലുള്ളത് നേതൃമാറ്റം മാത്രമാണ്.
ഘടകകക്ഷികള്‍ക്ക് കൂടി സ്വീകാര്യനായതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് തന്നെയാണ് മുന്‍ഗണന.
എങ്ങനെയും 2021 ല്‍ അധികാരം പിടിക്കുക എന്നത് തന്നെയാണ് എ.ഐ.സി.സിയുടെയും ലക്ഷ്യം.ഇതിനായി ചെന്നിത്തലയെ മാത്രമല്ല, കെ.പി.സി.സി അദ്ധ്യക്ഷനെയും വേണ്ടി വന്നാല്‍ മാറ്റുമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുമുള്ളത്. കേരളത്തിലെ ഭൂരിപക്ഷം യു.ഡി.എഫ് എം.പിമാരും ഹൈക്കമാന്റിന് നല്‍കിയിരിക്കുന്ന സന്ദേശവും ഗൗരവമുള്ളതാണ്.
ഇതേ നേതൃത്വത്തിന്റെ കീഴില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍, കേരളം എന്നെന്നേക്കുമായി മറക്കാമെന്നതാണ് എം.പിമാരുടെ മുന്നറിയിപ്പ്.
Express View