ലോക മാധ്യമങ്ങൾ അംഗീകരിച്ചാലും മനോരമ യാഥാർത്ഥ്യം അംഗീകരിക്കില്ലേ ?

മാധ്യമ പ്രവര്‍ത്തനം എന്നു പറഞ്ഞാല്‍, അതൊരിക്കലും ഗീബല്‍സിയന്‍ തന്ത്രമാകരുത്.

ഹിറ്റ്‌ലര്‍ക്ക്, ഗീബല്‍സ് എന്നത് പോലെ കോണ്‍ഗ്രസ്സിന് മനോരമയാവരുത്.

ഇത് കൊറോണക്കാലമാണ്, ദുരിത കാലമാണ്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നാട് നടത്തുന്നത്. ഇവിടെ അന്ധമായ കമ്യൂണിസ്റ്റ് വിരോധം ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താന്‍ ഒരു മാധ്യമവും ശ്രമിക്കരുത്.

സ്പ്രിങ്ക്‌ളറില്‍ അടിതെറ്റിയ പ്രതിപക്ഷത്തിന് ഊര്‍ജം പകരാനാണ് മനോരമ ഇപ്പോള്‍ ശ്രമിക്കുന്നത്. ഏപ്രില്‍ 26ന് ഒന്നാം പേജില്‍ വന്ന വാര്‍ത്ത തന്നെ ഇതിന് പ്രധാന ഉദാഹരണമാണ്. ‘വാചകമടി മാത്രം, കേരളത്തില്‍ കോവിഡ് ടെസ്റ്റ് കൂടുന്നില്ലന്നതാണ്’ വാര്‍ത്തയുടെ തലക്കെട്ട്.

ഈ തലക്കെട്ടില്‍ തന്നെ മനോരമയുടെ അസഹിഷ്ണുതയും താല്‍പ്പര്യവും വ്യക്തമാണ്.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കേരളത്തില്‍ കോവിഡ് പരിശോധനാ നിരക്കെന്നും, അല്ലാത്തത് വെറും വാചകമടി മാത്രമാണെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.

ഇതിനെ സാധൂകരിക്കാന്‍ ദശലക്ഷത്തില്‍ എത്ര പേര്‍ക്ക് പരിശോധന നടത്തി, എന്ന കണക്കുകളും മനോരമ നിരത്തിയിട്ടുണ്ട്.

ഈ കണക്കുകള്‍ പ്രകാരം ഡല്‍ഹി, തമിഴ്‌നാട് , രാജസ്ഥാന്‍ , മഹാരാഷ്ട്ര , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നിലാണു കേരളം എന്നതാണ് മനോരമയുടെ വാദം.

മനോരമ കാണാത്ത ചില കണക്കുകള്‍ ഇനി നമുക്ക് പരിശോധിക്കാം:

ഡല്‍ഹിയിലെ ആകെ കേസുകള്‍ ഏപ്രില്‍ 26 രാവിലെ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2514 ആണ്, ഇവിടെ കോവിഡ് ബാധിച്ച് മരിച്ചതാകട്ടെ 53 പേരാണ്.

തമിഴ്‌നാട്ടിലെ ആകെ കേസുകള്‍ 1755 എണ്ണമാണ്. അവിടെ മരിച്ചിരിക്കുന്നത് 22പേരാണ്. രാജസ്ഥാനില്‍ 2034 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, മരണപ്പെട്ടത് 27പേരാണ്.

മഹാരാഷ്ട്രയില്‍ 6817പേരാണ് രോഗബാധിതര്‍, ഇവിടെ മരണപ്പെട്ടത് 301 പേരാണ്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം ഗുജറാത്തില്‍,കേസുകളുടെ എണ്ണം 2815 ആണ്, ഇവിടെ മരിച്ചിരിക്കുന്നത് 127പേരാണ്.

ഇനി കേരളത്തിന്റെ കണക്ക് പറയാം. മനോരമ വാര്‍ത്ത നല്‍കുന്നത് വരെ ആകെ കേസുകള്‍ 456 ആണ്. മരണമാകട്ടെ വെറും 3 ആണ്. വൈറസിനെ, കേരളം എത്ര ശക്തമായി പ്രതിരോധിക്കുന്നുണ്ട് എന്നതിന് ഈ കണക്കുകള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.

മനോരമ ചൂണ്ടിക്കാണിച്ചത് പോലെ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ പിന്നില്‍ തന്നെയാണ്. അതുപക്ഷേ, മരണനിരക്കിലാണെന്ന് മാത്രം.

ലോക മാധ്യമങ്ങള്‍ ഒന്നാകെ കേരളത്തിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുമ്പോഴാണ് മനോരമ ഇവിടെ വേറിട്ട നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് ആര്‍ക്കുവേണ്ടിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്.

വാഷ്ങ്ടണ്‍ പോസ്റ്റ് മുതല്‍ റഷ്യ ടുഡേ വരെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന സാഹചര്യമാണ് നിലവിലുളളത്.

കോവിഡ് പ്രതിരോധത്തില്‍ മെച്ചപ്പെട്ട, സംവിധാനങ്ങളുള്ളതും പിന്നോക്കം നില്‍ക്കുന്നതുമായ സംസ്ഥാനങ്ങള്‍, ഇന്ത്യയിലുണ്ടെന്നാണ് റഷ്യ ടുഡേയുടെ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.

ജനസംഖ്യയുടെ പകുതിയില്‍ അധികം സ്ത്രീകള്‍ ഉള്ള നാടാണ് കേരളം. എടുത്തുപറയേണ്ടത് അതില്‍ നല്ലൊരു ശതമാനം സ്ത്രീകളും, കുടുംബശ്രീ എന്ന കൂട്ടായ്മയുടെ ഭാഗമാണെന്നതാണ് ഈ മാധ്യമം പറയുന്നത്.

ഫാന്റസിയായി രാഷ്ട്രീയത്തെ കാണുന്നവരല്ല, പകരം ശാസ്ത്രീയമായ രീതികള്‍ സ്വീകരിക്കുന്നവരാണ് കേരളത്തിലെ ഭരണാധികാരികളെന്നും റഷ്യ ടുഡേ പ്രശംസിക്കുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് വൈറസിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതില്‍, സംസ്ഥാന സര്‍ക്കാരിന്റെ വേഗത എടുത്ത് പറയേണ്ടതാണെന്നും അതുകൊണ്ടുതന്നെ രോഗം ബാധിച്ചവരും ജീവഹാനി ഉണ്ടായവരും വളരെ കുറവാണെന്നും ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളം, ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരാണ് ഭരിക്കുന്നതെന്നും, ജനങ്ങളുടെ ക്ഷേമമാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും റഷ്യ ടുഡേ ചര്‍ച്ചയില്‍ പ്രതിവാദിക്കപ്പെട്ടിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയോ, മറ്റ് സംസ്ഥാനങ്ങളുടെയോ രീതിയല്ല കേരളം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിര്‍ബന്ധമുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

എല്ലാ തദ്ദേശസ്ഥാപനങ്ങളും കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചതും റഷ്യ ടുഡേ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

,ആലോചിക്കുമ്പോള്‍ എളുപ്പമായിത്തോന്നാം. പക്ഷേ ലോകത്തൊരിടത്തും ഇങ്ങനെയൊരു ചിന്ത ഒരു ഭരണസംവിധാനത്തിനും തോന്നിയിട്ടില്ലെന്നും ഈ വിദേശ ചാനല്‍ ചൂണ്ടിക്കാട്ടുന്നു.

ട്രൈകോണ്‍ഡിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് എക്സിക്യൂട്ടീവ് ഡയറക്ടറായ വിജയ് പ്രഷാദുമായുള്ള ഇന്റര്‍വ്യൂവിലാണ് കേരളത്തെ പ്രശംസിച്ച ഈ പരാമര്‍ശങ്ങളുള്ളത്. മനോരമ മാനേജ്‌മെന്റ് കാണേണ്ട ചര്‍ച്ചയാണിത്.

കടുത്ത കമ്യൂണിസ്റ്റ് വിരോധികളായ അമേരിക്കയിലേയും ബ്രിട്ടനിലേയും മാധ്യമങ്ങള്‍ വരെ കേരളാ മാതൃക പിന്തുടരാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മനോരമ മാനേജ്‌മെന്റും കാണാതെ പോകരുത്.

വസ്തുതാ വിരുദ്ധമായ നിലപാടുമായി ഇനിയും മുന്നോട്ട് പോയാല്‍ ഉള്ള വിശ്വാസ്യതയും കൂടി മനോരമയ്ക്ക് നഷ്ടമാകും.

ഇപ്പോള്‍ തന്നെ ചാനല്‍ മേഖലയില്‍ ഏഷ്യാനെറ്റിനും, 24 ന്യൂസിനും താഴെയാണ് മനോരമയുടെ സ്ഥാനം. കൊറോണക്കാലത്ത് അച്ചടി മാധ്യമ രംഗമാകട്ടെ വലിയ പ്രതിസന്ധിയിലുമാണ്. പഴയ പവറൊന്നും ഇപ്പോള്‍ മനോരമയ്ക്കില്ല. മനോരമ വായിക്കാതെയും ഉറങ്ങാമെന്നതും മലയാളി ശീലിച്ചു കഴിഞ്ഞു.

മലയാളിയുടെ ചിന്താശക്തിയെ നിയന്ത്രിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഇത് പുതിയ കാലമാണ്.ഒരു മൊബൈല്‍ ഫോണ്‍ കൈവശം ഉള്ളവന്‍ പോലും മാധ്യമ പ്രവര്‍ത്തകനാകുന്ന കാലമാണിത്. അതു കൊണ്ട് തന്നെ കള്ള വാര്‍ത്തകളെല്ലാം മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പൊളിച്ചടക്കപ്പെടും. ഇക്കാര്യം ഓര്‍ത്തിട്ടു വേണം തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടാന്‍.

Express View

Top