ന്യൂഡല്‍ഹി: ദേശീയ ലോക്ക് ഡൗണ്‍ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്നത് വരെ നിലവിലെ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടുകയാണെന്നും രോഗവ്യാപനം കുറയുന്ന മേഖലകള്‍ക്ക് ഏപ്രില്‍ ഇരുപതിന് ശേഷം ഇളവുകള്‍ നല്‍കുമെന്നുമാണ് പ്രധാമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും പൊതുനിലപാട് അംഗീകരിച്ചാണ് ലോക്ക് ഡൗണ്‍ നീട്ടുന്നതെന്നാണ് നരേന്ദ്ര മോദിയുടെ വിശദീകരണം.
മെയ് 1 അവധിയും മൂന്ന് ഞായറാഴ്ചയും ആയ സാഹചര്യത്തിലാണ് പ്രതീക്ഷിച്ചതിനെക്കാള്‍ മൂന്ന് ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടിയതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. തീവ്രമേഖലകളില്‍ വന്‍ ശ്രദ്ധ വേണമെന്നും ഇപ്പോഴത്തെ കടുത്ത നിയന്ത്രണം ഏപ്രില്‍ ഇരുപത് വരെ തുടരുമെന്നും പ്രധാമന്ത്രി പറഞ്ഞു.
ചില അവശ്യസേവനങ്ങള്‍ക്ക് ഇരുപത് മുതല്‍ ഇളവ് നല്‍കും. ഇരുപത്തിയൊന്ന് ദിവസത്തെ ആദ്യഘട്ട ലോക്ക് ഡൗണിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായത് ഇരുപതിരട്ടി വര്‍ധനയാണ്. മരിച്ചവരുടെ എണ്ണം മുപ്പതിരട്ടിയിലധികമായി. രോഗവ്യാപനമേഖലകള്‍ കൊവിഡ് മുക്തമെന്ന് തീരുമാനിക്കാന്‍ 28 ദിവസം വേണ്ടതിനാലാണ് ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.