ന്യൂഡല്‍ഹി: വിവിധ സ്ത്രീകളാണ് മാധ്യമരംഗത്തെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് മീ റ്റൂ ക്യാംപയിനിന്റെ ഭാഗമാകുന്നത്. നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ ഇന്ത്യ (എന്‍ഡബ്ല്യുഎംഐ) ഇതിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നു. കണ്ണീര്‍ പൊഴിക്കുന്ന അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നതെന്ന് ഇവര്‍ വ്യക്താമാക്കി.
ഇന്ത്യയിലെ മൂന്ന് പത്രമാധ്യമ എഡിറ്റര്‍മാരെങ്കിലും ഈ ക്യാംപയിനിലൂടെ ആരോപണങ്ങള്‍ക്ക് വിധേയരായി എന്നാണ് കണക്ക്. മറ്റ് പല മാധ്യമ പ്രവര്‍ത്തകരും ജോലിസ്ഥലത്തെ പീഡനശ്രമങ്ങള്‍ക്ക് വിധേയരായി എന്നാണ് ദേശീയ തലത്തില്‍ വരുന്ന വെളിപ്പെടുത്തലുകള്‍.
‘ ഞങ്ങള്‍ പലപ്പോഴും വിവിധ ഇടങ്ങളിലെ ചൂഷണങ്ങളെക്കുറിച്ചും സ്ത്രീവിരുദ്ധ പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാം തുറന്ന് എഴുതാറുണ്ട്. എന്നാല്‍ അതേ അളവിലുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് മാധ്യമ പ്രവര്‍ത്തന രംഗത്തും നടക്കുന്നത്. അതെല്ലാം തുറന്നു പറയാന്‍ പ്രോത്സാഹിപ്പിക്കുകയാണ് സംഘടനയുടെ പ്രവര്‍ത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്’ എന്‍ ഡബ്ല്യു എം ഐ ഭാരവാഹി പറഞ്ഞു.
പലരും മാധ്യമപ്രവര്‍ത്തകരുടെ പരാതികളെ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാറില്ല. പലരും പ്രശ്‌നക്കാരായിട്ടാണ് ഇത്തരം പരാതിക്കാരെ കാണാറുള്ളത്. തനുശ്രീ ദത്ത നാന പത്തേക്കറിനെതിരെ പരാതി നല്‍കിയപ്പോഴും സമാനമായ രീതിയാണ് ഉണ്ടായതെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എന്‍ഡബ്ല്യുഎംഐ അംഗം വെളിപ്പെടുത്തി.
നിരവധി ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വയ്ക്കുന്നത്.
1) എല്ലാ മാധ്യമ സ്ഥാപനങ്ങളും നേരിട്ട് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ച് വിവരങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ കണ്ടെത്തണം.
2) സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും നയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യണം. ജോലി സ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013ലെ നിയമം ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടണം.
3) സ്ഥാപനങ്ങളിലെ എല്ലാവരും നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കമ്പനിയുടെ പോളിസികള്‍ കമ്പനിക്ക് അകത്തും പുറത്തും പ്രസിദ്ധീകരിക്കണം. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്കും കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയിലായിരിക്കണം ഇത്.
4)വിവിധ അവസരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ആയിരിക്കരുത് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തേണ്ടത്. എങ്കിലും മാധ്യമ പ്രവര്‍ത്തകയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ജോലിയും എഡിറ്റര്‍മാര്‍ നല്‍കാന്‍ പാടുള്ളതല്ല.
5)ഫ്രീലാന്‍സായി ചെയ്യുന്ന ആളുകളുടെ പ്രശ്‌നങ്ങളും കമ്പനിയുടെ ആഭ്യന്തര കമ്മറ്റി ഗൗരവത്തിലെടുക്കണം.
6)ഒരു പരാതി ഉയര്‍ന്നു വന്നാല്‍ അത് നല്‍കിയ ആളെ എല്ലാ വിധത്തിലും സഹായിക്കണം.
7) തുല്യത ഉറപ്പു വരുത്തുന്ന തരത്തിലുള്ളതായിരിക്കണം കമ്പനി നിയമങ്ങള്‍. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇത് പുതുക്കി നിശ്ചയിക്കണം.
8)പരാതി ഉണ്ടായിക്കഴിഞ്ഞാല്‍ നിയമ നടപടികള്‍ക്കൊപ്പം പരാതി നല്‍കിയ ആള്‍ക്കും ആരോപണ വിധേയനും കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങള്‍ സ്ഥാപനം നേരിട്ട് നല്‍കണം.
9) സ്വന്തം ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ ഒരിക്കല്‍ പോലും മൂടി വയ്ക്കരുത്. അത് മറ്റ് കേസുകള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യത്തോടെ വെളിച്ചത്ത് കൊണ്ടുവരണം.
വലിയ മുന്നേറ്റമാണ് മീ റ്റൂ ക്യാംപയിനിന്റെ ഭാഗമായി ഇന്ത്യന്‍ മാധ്യമ ലോകം പ്രതീക്ഷിക്കുന്നത്.