റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തില്‍ (ആര്‍ഐസി) വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പങ്കെടുക്കും. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ചേരാന്‍ ഇന്ത്യ ആദ്യം വിമുഖത കാണിച്ചു.

സമ്മേളനത്തിന്റെ ആതിഥേയനായ റഷ്യയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് പങ്കെടുക്കാന്‍ സമ്മതിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിഡിയോ വഴിയാണു സമ്മേളനം നടത്തുന്നത്. ആര്‍ഐസി യോഗത്തില്‍ ജയ്ശങ്കറിന്റെ പങ്കാളിത്തം വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി, ആഗോള സുരക്ഷ, സാമ്പത്തിക സ്ഥിരത എന്നിവമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേസമയം, ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയില്ല. കാരണം ഉഭയകക്ഷി പ്രശ്നങ്ങള്‍ സാധാരണയായി ത്രിരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടില്ല. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ ഇന്ത്യയും ചൈനയും പരിഹരിക്കണമെന്നും പ്രാദേശിക സ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മക ബന്ധം പ്രധാനമാണെന്നും റഷ്യ പറഞ്ഞിട്ടുണ്ട്.

ഫെബ്രുവരിയില്‍ താലിബാനുമായി യുഎസ് സമാധാന കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് വിദേശകാര്യ മന്ത്രിമാരും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി ആലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top