മണിപ്പുരില്‍ അതീവ ജാഗ്രത; സ്‌കൂളുകള്‍ അടച്ചിട്ടു, സുരക്ഷ വര്‍ധിപ്പിച്ചു

ഇംഫാല്‍; സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. ഇന്റര്‍നെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്ന ഇംഫാലില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തില്‍ കരസേനയുടെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളില്‍ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നല്‍കാനാണ് നീക്കം. കലാപകാരികളുടെ ഗ്രാമങ്ങള്‍ കടന്നുള്ള സഞ്ചാരം പൂര്‍ണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും. പൊലീസിനെ കൂടാതെ കേന്ദ്രസേനങ്ങളുടെ വന്‍ വിന്യാസമാണ് നിലവില്‍ മണിപ്പൂരില്‍ ഉള്ളത്.

കലാപബാധിത മേഖലയില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതില്‍ രാഹുല്‍ സന്തുഷ്ടവാനാണെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് എത്തി. കേന്ദ്രമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് കെസി വേണുഗോപാല്‍ മറുപടി നല്‍കി. മണിപ്പൂര്‍ കത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് താത്പര്യം നാടകം കളിക്കാനെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയ മണിപ്പൂര്‍ ബിജെപി ഘടകം, വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും,സമാധാന ശ്രമങ്ങള്‍ക്കായി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം എട്ടുവരെ സ്‌കൂളുകള്‍ അടച്ചു.

 

 

Top