ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ നാളെ തെരഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ ഷഹബാസ് ഷെരീഫ് (70) പുതിയ പ്രധാനമന്ത്രിയായേക്കും. പ്രതിപക്ഷ നേതാവായ ഷഹബാസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാരുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ ധാരണയായതായി റിപ്പോർട്ടുണ്ട്. പഞ്ചാബ് മുൻ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ദേശീയ അസംബ്ലി ചേരുമെന്ന് ഇടക്കാല സ്പീക്കർ അയാസ് സാദിഖ് അറിയിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ നോമിനേഷൻ സമർപ്പിക്കാം. ഇതിന്റെ പരിശോധന വൈകീട്ട് മൂന്നുമണിയ്ക്ക് നടക്കുമെന്നും അയാസ് സാദിഖ് വ്യക്തമാക്കി. നാളെ പുതിയ പ്രധാനമന്ത്രിയെ ദേശീയ അസംബ്ലി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.